തുടര്‍ച്ചയായ നാലാം ദിനവും വിപണി നഷ്ടത്തില്‍; നിഫ്റ്റി 11200 ല്‍ താഴെ

ബാങ്ക്, മീഡിയ സെകടറുകളാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. കേരള കമ്പനികളുടെ ഓഹരികളില്‍ നാലെണ്ണമൊഴികെ എല്ലാം നഷ്ടത്തില്‍

kerala company today
-Ad-

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സും നിഫ്റ്റിയും ഏഴ് ആഴ്ചയിലെ താഴ്ന്ന നിലയിലാണ്. വിപണി ആരംഭിച്ചപ്പോഴുള്ള താഴ്ചയില്‍ നിന്ന് കരകയറിയെങ്കിലും പോസിറ്റീവ് ട്രെന്‍ഡിലേക്ക് നീങ്ങാന്‍ സാധിച്ചില്ല. സെന്‍സെക്‌സ് 300 പോയ്ന്റ് ഇടിഞ്ഞ് 37,734 ലും നിഫ്റ്റി 97 പോയ്ന്റ് ഇടിഞ്ഞ് 11153.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് ഇന്ന് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍. അതേ സമയം ടിസിഎസ്, എച്ച് സി എല്‍ ഓഹരി വിലകള്‍ ഉയര്‍ന്നു.

ഐടി, ഫാര്‍മ ഒഴികെയുള്ള സെക്ടറുകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.70 ശതമാനം, 1.61 ശതമാനം നഷ്ടത്തിലായിരുന്നു.
ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.  ബാങ്കുകള്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ അനധികൃതമായി നീക്കിയെന്ന റിപ്പോര്‍ട്ടുകളും വിപണിയെ ബാധിച്ചു.

യൂറോപ്പിലെ രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയും ആഗോള സൂചികകളുടെ കരുത്ത് ചോര്‍ത്തി. ഫ്രാന്‍സ്, ഓസ്ട്രിയ, നെതര്‍ലന്റ്‌സ്, യുകെ തുടങ്ങിയവിടങ്ങളില്‍ പുതുതായി രോഗവ്യാപനം പൊട്ടിപുറപ്പെട്ടിട്ടുണ്ട്.

-Ad-

ആഗോള സമ്പദ് രംഗം മാന്ദ്യത്തില്‍ നിന്ന് എപ്പോള്‍ മുക്തമാകുമെന്ന സൂചനകള്‍ ലഭിക്കാത്തതും ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വരും ദിവസങ്ങളിലും ഇക്കാര്യങ്ങള്‍ തന്നെയാകും വിപണിയെ സ്വാധീനിക്കുക.

കേരള കമ്പനികളുടെ ഓഹരികളും താഴേക്കു തന്നെ

കേരള കമ്പനികളുടെ ഓഹരികള്‍ മിക്കവയും ഇന്ന് റെഡ് സോണിലായിരുന്നു. ആസ്റ്റര്‍ ഡിഎം, സിഎസ്ബി ബാങ്ക്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് ഓഹരികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ പിടിച്ചു നിന്നത്.

ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് വണ്ടര്‍ലാ ഓഹരികളാണ്. ഓഹരി വില 7.84 ശതമാനം ഇടിഞ്ഞ് 146.90 രൂപയിലെത്തി. മണപ്പുറം ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക്, കൊച്ചിന്‍ ഷിപ് യാര്‍ഡ് എന്നീ ഓഹരികളുടെ നഷ്ടം ഇന്ന് അഞ്ച് ശതമാനത്തിനു മുകളിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here