അവസാന വ്യാപാര ദിനത്തില്‍ സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 127 പോയ്ന്റ് ഉയര്‍ന്നു

ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 127 പോയ്ന്റ് ഉയര്‍ന്ന് 40,686 ലും നിഫ്റ്റി 34 പോയ്ന്റ് ഉയര്‍ന്ന് 11930 ലുമെത്തി.
ബിഎസ്ഇ മിഡ് ക്യാപ് , സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തില്‍ താഴെ നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ 1656 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ട്ത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.
വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ് കാര്‍ട്ട്, ആദിത്യ ബിര്‍ള ഫാഷനില്‍ 1500 കോടി രൂപ നിക്ഷേപിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായതോടെ ആദിത്യ ബിര്‍ള ഫാഷന്റെ ഓഹരി വില ബിഎസ്ഇയില്‍ 163.5 രൂപയിലെത്തി. എട്ട് ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത് ഉത്സവകാല വില്‍പ്പനാ പ്രതീക്ഷയില്‍ ഓട്ടോ ഓഹരികളും ഇന്ന് മുന്നേറ്റം കാഴ്ചവച്ചു. മാരുതി സുസുക്കി ഓഹരി വില 4.26 ശതമാനവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 3.30 ശതമാനവും വര്‍ധിച്ചു.
ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അള്‍ട്രാ ടെക് സിമെന്റ്, ശ്രീ സിമെന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗെയ്ല്‍ തുടങ്ങി ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഈ ആഴ്ച ഇതു വരെ സെന്‍സെക്‌സ് 1.75 ശതമാനവും നിഫ്റ്റി 1.42 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. നിഫ്റ്റി മിഡ് ക്യാപ് 3 ശതമാനവും നിഫ്റ്റി ബാങ്ക് 4 ശതമാനവും ഉയര്‍ന്നു.
ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഈ ആഴ്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേസമയം ബ്രിട്ടാനിയ, ഹീറോ മോട്ടോര്‍കോര്‍പ്, ഡിവിസ് ലാബ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് എന്നീ ഓഹരികളാണ് ഈ ആഴ്ച നിഫ്റ്റിയില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
കേരള എന്‍ബിഎഫ്‌സി ഓഹരികളില്‍ വിലയിടിവ്
ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്ക് ഒഴികെ എല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. അതേ സമയം എന്‍ബിഎഫ്‌സി ഓഹരികളിലെല്ലാം വിലയിടിവ് നേരിട്ടു. ജിയോജിത്, ജെആര്‍ജി ഓഹരികളും നഷ്ടത്തിലായിരുന്നു.
അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, ഹാരിസണ്‍സ് മലയാളം, നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ നേട്ടമുണ്ടാക്കി. എഫ്എസിടിയാണ് ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരി. ഏവിടി, കേരള ആയുര്‍വേദ, കെഎസ്ഇ, വണ്ടര്‍ലാ എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine