റിക്കാര്‍ഡുകളുടെ ദിനം: നിഫ്റ്റി ആദ്യമായി 13000 കടന്നു, സെന്‍സെക്‌സ് 44,500 നു മുകളില്‍

ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണിക്കൊരു ചരിത്ര ദിനമായിരുന്നു. നിഫ്റ്റി ഇതാദ്യമായി 13000 ത്തിനു മുകളിലെത്തി. സെന്‍സെക്‌സും റിക്കാര്‍ഡിട്ടു. കോവിഡ് വാക്‌സിന്‍ ഉടനെത്തുമെന്നും സമ്പദ് രംഗം എളുപ്പത്തില്‍ കരകയറുമെന്നുമുള്ള പ്രതീക്ഷകളാണ് വിപണിയെ നയിക്കുന്നത്.

സെന്‍സെക്‌സ് 446 പോയ്ന്റ് ഉയര്‍ന്ന് 44,523 ലും നിഫ്റ്റി 129 പോയ്ന്റ് ഉയര്‍ന്ന് 13,055 ലുമെത്തി. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍(മാര്‍ച്ച് 24 ന് 7,511) നിന്ന് 75 ശതമാനം ആണ് നിഫ്റ്റി ഉയര്‍ന്നിരിക്കുന്നത്. 12000 ത്തില്‍ നിന്ന് 13000 എത്താന്‍ നിഫ്റ്റി 18 മാസമാണ് എടുത്തത്.
നിഫ്റ്റി 13000 കടന്നതോടെ ഇപ്പോഴത്തെ ബുള്‍ തരംഗം നീണ്ടു നില്‍ക്കുമെന്ന ധാരണ വിപണിയിലുണ്ട്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍കള്‍ക്കൊപ്പം ഓട്ടോ, മെറ്റല്‍, ഫാര്‍മ ഓഹരികളും വിപണിക്ക് കരുത്ത് പകര്‍ന്നു. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1167 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.
അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയ മുഖ്യ ഓഹരികള്‍. ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ആഗോള വിപണികളും നേട്ടത്തിലായിരുന്നു.
കേരള കമ്പനി ഓഹരികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 14 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്ക് ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു.
എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് വില താഴേക്ക് പോയി. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം. കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, കിറ്റെക്‌സ്, കെഎസ്ഇ, റബ്ഫില, വണ്ടര്‍ലാ എന്നിവയാണ് ഇന്ന് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it