ബാങ്കിംഗ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, നേരിയ ഇടിവോടെ പുതിയ ആഴ്ചയ്ക്ക് തുടക്കം

പുതിയ ആഴ്ചയുടെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചത് നേരിയ ഇടിവോടെ. ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണം. വെള്ളിയാഴ്ച, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 12.5 ശതമാനം വരെയാകാമെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ ഇത് 14.7 ശതമാനമായാലും അത്ഭുതപ്പെടാനില്ലെന്നും നിരീക്ഷിച്ചിരുന്നു. ഇതാണ് ഇന്ന് വിപണിയെ സ്വാധീനിച്ച ഒരു ഘടകം.
സെന്‍സെക്‌സ് 194 പോയ്ന്റ്, 0.51 ശതമാനം താഴ്ന്ന് 37,935ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 62 പോയ്ന്റ്, 0.52 ശതമാനം താഴ്ന്ന് 11,132ല്‍ ക്ലോസ് ചെയ്തു.
എച്ച് ഡി എഫ് സി ബാങ്ക് ഓഹരി വില മൂന്നര ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സി ഇ ഒയുമായ ആദിത്യ പുരി തന്റെ കൈവശമുള്ള ഓഹരികളുടെ വലിയൊരു ഭാഗം വിറ്റൊഴിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക 813 പോയ്ന്റ്, 3.6 ശതമാനം, ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആധിപത്യം പുലര്‍ത്തി മുന്നേറുന്നതിനും വിപണി സാക്ഷ്യം വഹിക്കുകയാണ്. ബി എസ് ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മൊത്തം കമ്പനികളുടെ ആകെ വിപണി മൂല്യത്തിന്റെ പത്തുശതമാനം കൈയടക്കിയിരിക്കുന്നത് റിലയന്‍സ് എന്ന ഒറ്റ കമ്പനിയാണ്. ബിഎസ്ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം തിങ്കളാഴ്ച 147.23 ട്രില്യണ്‍ രൂപയാണ്. ഇതിന്റെ 9.8 ശതമാനം, 14.38 ട്രില്യണ്‍ രൂപയാണ് റിലയന്‍സിന്റെ പൂര്‍ണമായും ഭാഗികമായും അടച്ചുതീര്‍ത്ത ഓഹരികളുടെ ആകെ വിപണി മൂല്യം.
ആഗോള ഓഹരി വിപണികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. സ്വര്‍ണ വില ഇന്നും റെക്കോര്‍ഡിട്ട് മുന്നേറി. എണ്ണ വിലയില്‍ അല്‍പ്പം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയുടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു ഇന്ന് കേരള കമ്പനികളുടെ ഓഹരിവിലയിലും കണ്ടത്. പത്തോളം കമ്പനികള്‍ മാത്രമായിരുന്നു ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്.
കേരള ബാങ്കുകളെയെടുത്താല്‍ സി എസ് ബി ബാങ്ക് ഒഴികെയെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. 0.44 ശതമാനത്തിന്റെ നേരിയ നേട്ടമാണ് സി എസ് ബി ബാങ്ക് ഓഹരികള്‍ നേടിയത്. എന്‍ ബി എഫ് സി കളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില നാലു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില ഒരു ശതമാനം നേട്ടമുണ്ടാക്കി. അതേസമയം മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ മൂന്നു ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി.
വിക്ടറി പേപ്പറാണ് ശതമാനകണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
എ വി ടി, കൊച്ചിന്‍ മിനറല്‍സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, നിറ്റ ജെലാറ്റിന്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. പാറ്റ്‌സ്പിന്‍ ഓഹരി വിലയില്‍ ഇന്ന് മാറ്റമില്ല
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline