ജിഡിപി ഡാറ്റയില്‍ പ്രതീക്ഷ; വിപണിയില്‍ മുന്നേറ്റം തുടരുന്നു

എഫ്എസിടി, നിറ്റ ജെലാറ്റിന്‍, ഫെഡറല്‍ ബാങ്ക് ഉള്‍പ്പടെ 18 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

ഇന്ന് പുറത്തു വരാനിരിക്കുന്ന ജിഡിപി ഡാറ്റയില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി മുന്നേറ്റം ഉണ്ടാക്കി. സെന്‍സെക്‌സും നിഫ്റ്റിയും അടക്കം എല്ലാ സൂചികകളും ഇന്ന് ഉയര്‍ന്നു. യുഎസ്-ചൈന പ്രശ്‌നങ്ങള്‍ ആഗോള വിപണിയെ തളര്‍ത്തിയെങ്കിലും ഇന്ത്യന്‍ വിപണിയെ ബാധിച്ചില്ല. മാത്രമല്ല, ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും വിപണിയില്‍ പ്രതിഫലിച്ചില്ല.
സെന്‍സെക്‌സ് 223.51 പോയന്റ് ഉയര്‍ന്ന് 32,424.1 പോയ്ന്റിലെത്തി. 0.69 ശതമാനം ഉയര്‍ച്ചയാണിത്. നിഫ്റ്റിയാകട്ടെ 90.20 പോയ്ന്റ് വര്‍ധനയോടെ 9580.3 പോയന്റിലെത്തി. 0.95 ശതമാനം വര്‍ധന.

നിഫ്റ്റി ബാങ്ക് സൂചികയില്‍ 127.45 പോയ്ന്റിന്റെ വര്‍ധനയാണിന്ന് ഉണ്ടായത്. 0.66 ശതമാനം വര്‍ധനയോടെ 19297.25 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.മിഡ്കാപ് ബിഎസ്ഇ ഓഹരി സൂചിക 11843.22 പോയ്ന്റിലേക്ക് ഉയര്‍ന്നു. 221.16 (1.90 ശതമാനം) പോയ്ന്റാണ് ഇന്ന് ഉയര്‍ന്നത്. സ്വര്‍ണ സൂചികയില്‍ 207 പോയ്ന്റും വെള്ളിയില്‍ 449 പോയ്ന്റും ഉയര്‍ച്ചയുണ്ടായി. യഥാക്രമം 46612 പോയ്ന്റ്, 49007 പോയന്റ് എന്നിവയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണ സൂചികയില്‍ 0.45 ശതമാനവും വെള്ളിയില്‍ 0.92 ശതമാനവും ഉയര്‍ച്ച.

ഐഒസി, കോള്‍ ഇന്ത്യ, വിപ്രോ, ഒഎന്‍ജിസി, ഗെയ്ല്‍ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ഇന്‍ഫോസിസ്, അദാനി പോര്‍ട്‌സ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ ഓഹരി വില ഇടിഞ്ഞു. ഐറ്റി കമ്പനികള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ന് നടത്തിയത്.

മിക്ക കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. 18 കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ എട്ടു കമ്പനികള്‍ നിരാശപ്പെടുത്തി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഇന്ന് ഉയര്‍ന്നു.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ എഫ്എസിടിയാണ് ശതമാനക്കണക്കില്‍ മുന്നില്‍. 8.47 ശതമാനം വര്‍ധന. 3.40 രൂപ വര്‍ധിച്ച് 43.55 രൂപയിലെത്തി. നിറ്റ ജെലാറ്റിന്റെ ഓഹരി വില 8.50 രൂപ വര്‍ധിച്ച് 114 രൂപയും ഫെഡറല്‍ ബാങ്കിന്റേത് 2.20 രൂപ വര്‍ധിച്ച് 44.95 രൂപയും ആയി. യഥാക്രമം 8.06, 5.15 ശതമാനം വര്‍ധന. ഇന്‍ഡിട്രേഡിന്റെ വിലയില്‍ 4.83 ശതമാനം വര്‍ധനയുണ്ടായി. 90 പൈസ വര്‍ധിച്ച് 19.55 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ വില 85 പൈസ വര്‍ധിച്ച് (4.53 ശതമാനം) 19.60 രൂപയും മണപ്പുറം ഫിനാന്‍സിന്റേത് 4.90 പൈസ വര്‍ധിച്ച് (4.08 ശതമാനം) വര്‍ധിച്ച് 125 രൂപയുമായി.

പാറ്റ്‌സ്പിന്‍ ഇന്ത്യ (2.31 ശതമാനം), കേരള ആയുര്‍വേദ  (2.16 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.07 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.90 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.81 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.54 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.51 ശതമാനം), കെഎസ്ഇ (1.32 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.17 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.56 ശതമാനം), ആസ്റ്റര്‍ ഡി എം (0.22 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ വിലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. 8.05 ശതമാനം. 5.35 രൂപ ഇടിഞ്ഞ് ഓഹരി വില 61.15 രൂപയായി. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില 7.15 രൂപ ഇടിഞ്ഞ് (5.54 ശതമാനം) 112 രൂപയും എവിറ്റി നാച്വറല്‍സിന്റേത് 1.60 രൂപ ഇടിഞ്ഞ് (3.93 ശതമാനം) 39.10 രൂപയും ധനലക്ഷ്മി ബാങ്കിന്റേത് 30 പൈസ ഇടിഞ്ഞ് (2.93 ശതമാനം) 9.93 രൂപയുമായി. സിഎസ്ബി ബാങ്ക് (1.57 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.80ശതമാനം),അപ്പോളോ ടയേഴ്‌സ് (0.92 ശതമാനം), ഹാരിസണ്‍സ് മലയാളം (0.42 ശതമാനം), കിറ്റെക്‌സ് (0.25 ശതമാനം) എന്നിവയാണ് ഇന്ന് വിലിയിടിഞ്ഞ കേരള ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here