തുടര്‍ച്ചയായ രണ്ടാം ദിനവും കാലിടറി ഓഹരി വിപണി

ദുര്‍ബലമായ ആഗോള വിപണിയും ലോക്ക് ഡൗണ്‍ ആശങ്കകള്‍ വിട്ടൊഴിയാതെ നില്‍ക്കുന്നതും ഓഹരി വിപണിയില്‍ തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം ദിനവും സൂചികകള്‍ താഴേക്ക് പോയി. സെന്‍സെക്‌സ് 243.62 പോയ്ന്റ് താഴ്ന്ന് 47705.80 പോയ്ന്റിലും നിഫ്റ്റി 63.10 പോയ്ന്റ് താഴ്ന്ന് 14296.40 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1603 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1187 ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 155 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

വാക്‌സിന്‍ വിതരണം ശക്തമായത്് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കോവിഡ് രോഗികളുള്ള എണ്ണത്തില്‍ കുറവുണ്ടാകുന്നതും നിയന്ത്രണങ്ങള്‍ നീക്കുന്നതുമായിരിക്കും വിപണിക്ക് ഉണര്‍വേകുന്ന പ്രധാന ഘടകം.
അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി, എച്ച് സി എല്‍ ടെക്‌നോളജീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടമുണ്ടാക്കി. ഓട്ടോ, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം നേട്ടമുണ്ടാക്കി. എന്നാല്‍ ഐറ്റി സൂചികയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ ഇന്ന് തിരിച്ചടികളുടെ ദിനമായിരുന്നെങ്കിലും കേരള ഓഹരികള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 16 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 4.91 ശതമാനം നേട്ടവുമായി റാലിക്ക് നേതൃത്വം നല്‍കി. എവിറ്റി ന്ാച്വറല്‍ (3.54 ശതമാനം), നിറ്റ ജലാറ്റിന്‍ (2.85 ശതമാനം), സിഎസ്ബി ബാങ്ക് (1.95 ശതമാനം), കേരള ആയുര്‍വേദ (1.93 ശതമാനം), കിറ്റെക്‌സ് (1.69 ശതമാനം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പാറ്റ്‌സ്പിന്‍ ഇന്ത്യ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കെഎസ്ഇ, അപ്പോളോ ടയേഴ്‌സ്, ഇന്‍ഡിട്രേഡ്, വി ഗാര്‍ഡ് തുടങ്ങി 12 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it