ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നേരിയ മുന്നേറ്റം

നിറം മങ്ങിയ തുടക്കത്തിനു ശേഷം തിരിച്ചു കയറിയ വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ മൂന്നാം പാദ ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായെങ്കിലും തുടക്കത്തില്‍ ഐറ്റി ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്നതാണ് കണ്ടത്. എന്നാല്‍ പെട്ടെന്നു തന്നെ കരയറിയ ഈ മേഖല സൂചികകള്‍ താഴാതെ പിടിച്ചു നിര്‍ത്തി. സെന്‍സെക്‌സ് 91.84 പോയ്ന്റ് ഉയര്‍ന്ന് 49,584.16 പോയ്ന്റിലും നിഫ്റ്റി 30.70 പോയ്ന്റ് ഉയര്‍ന്ന് 14,595.60 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
1467 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1489 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
യുപിഎല്‍, ബിപിസിഎല്‍, ടിസിഎസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഒസി തുടങ്ങിയവ നേട്ടമുണ്ടാക്കിയവയില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ എച്ച്‌സിഎല്‍ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍ സൂചിക ഒരു ശതമാനം താഴ്ന്നപ്പോള്‍ ഊര്‍ജം, ഓട്ടോ, എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഉണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളൂടേത് സമ്മിശ്ര പ്രകടനമായിരുന്നു ഇന്ന്. 13 കേരള ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 4.84 ശതമാനം നേട്ടവുമായി എഫ്എസിടിയാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. 3.95 രൂപ വര്‍ധിച്ച ഓഹരി വില 85.55 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.76 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.57 ശതമാനം), ഹാരിസണ്‍സ് മലയാളം (2.77 ശതമാനം). നിറ്റ ജലാറ്റിന്‍ (1.74 ശതമാനം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍ ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ 13 ഓഹരികള്‍ക്ക് കാലിടറി. കൊച്ചിന്‍ ഷിപ്പ്് യാര്‍ഡ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.