തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം; സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍

ഓട്ടോ, ഐറ്റി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയ ഓഹരികളുടെ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിപണിയെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു. പാശ്ചാത്യ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിക്ക് നേട്ടമായി.

സെന്‍സെക്‌സ് 393.83 പോയ്ന്റ് ഉയര്‍ന്ന് 49,792.12 പോയ്ന്റിലും നിഫ്റ്റി 123.50 പോയ്ന്റ് ഉയര്‍ന്ന് 14,644.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
മിക്ക കമ്പനികളുടെയും മൂന്നാം പാദ ഫലം പ്രതീക്ഷിച്ചതിലും മികച്ചു നിന്നത് നേട്ടമായി.
ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, വിപ്രോ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. അതേസമയം പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ശ്രീ സിമന്റ്‌സ്, എന്‍ടിപിസി, ഗെയ്ല്‍, എസ്ബിഐ ലൈഫ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടത്തില്‍ അവസാനിപ്പിച്ചു. എന്നാല്‍ എഫ്എംസിജി ഓഹരികള്‍ക്ക് ശോഭിക്കാനാകാതെ പോയ ദിനം കൂടിയായിരുന്നു ഇന്ന്.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ 12 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അപ്പോളോ ടയേഴ്‌സ് 6.79 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. 12.85 രൂപ ഉയര്‍ന്ന് 202.10 രൂപയാണ് ഇന്നത്തെ ഓഹരി വില. മൂന്നാം പാദഫലം ഇന്ന് പ്രഖ്യാപിക്കപ്പെട്ട ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 1.90 രൂപ ഉയര്‍ന്ന് (2.52 ശതമാനം) 77.30 രൂപയിലും മണപ്പുറം ഫിനാന്‍സിന്റേത് രണ്ടു രൂപ ഉയര്‍ന്ന് (1.20 ശതമാനം) 168.35 രൂപയിലും എത്തി. ധനലക്ഷ്മി ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്രാ വെേേഞ്ച്വഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.
ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്കിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയത്. 7.75 രൂപ ഇടിഞ്ഞ് (3.32 ശതമാനം) 225.85 രൂപയായി ഈ ബാങ്കിന്റെ ഓഹരി വില. പാറ്റ്‌സ്പിന്‍ ഇന്ത്യ, എഫ്എസിടി, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഇന്‍ഡിട്രേഡ്, കെഎസ്ഇ, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില തുടങ്ങി 15 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it