വിപണി വീണ്ടുമിടിഞ്ഞു; സെന്‍സെക്‌സ് 50000 ത്തില്‍ താഴെ

യുഎസ് ഫെഡറല്‍ റിസര്‍വ് പോളിസി പുറത്തു വരാനിരിക്കെ എല്ലാ മേഖലകളിലും വ്യാപകമായ വിറ്റഴിക്കലിന് സാക്ഷിയായ ഇന്ത്യന്‍ വിപണി താഴേക്ക്. സെന്‍സെക്‌സ് 562.34 പോയ്ന്റ് ഇടിഞ്ഞ് 49801.62 പോയ്ന്റിലും നിഫ്റ്റി 189.20 പോയ്ന്റ് ഇടിഞ്ഞ് 14721.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 818 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2115 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 138 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

ഒഎന്‍ജിസി, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഐറ്റിസി, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചികയിലാണ് ഏറ്റവും വലിയ ആഘാതം ഉണ്ടായത്. 4 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
വിപണിയില്‍ കേരള ഓഹരികള്‍ക്ക് വന്‍ തിരിച്ചടി നേരിട്ട ദിവസമായിരുന്നു ഇന്ന്. നാല് ഓഹരികള്‍ക്ക് മാത്രമാണ് നാമമാത്രമായെങ്കിലും നേട്ടമുണ്ടാക്കാനായത്. അതേസമയം 24 ഓഹരികള്‍ക്ക് ഇടിവ് നേരിടുകയും ചെയ്തു. ഇതില്‍ പലതിനും നാലു ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.94 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.27 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.34 ശതമാനം), ഇന്‍ഡിട്രേഡ് (0.41 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. എഫ്എസിടി (8.55 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (8.49 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.94 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.81 ശതമാനം), എവിറ്റി നാച്വറല്‍ (4.61 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.60 ശതമാനം), കേരള ആയുര്‍വേദ (4.44 ശതമാനം), സിഎസ്ബി ബാങ്ക് (4.29), ഫെഡറല്‍ ബാങ്ക് (4.13 ശതമാനം) തുടങ്ങി 24 ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. കോവിഡ് വ്യാപനം വീണ്ടും തുടങ്ങിയതാണ്‌ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it