പുതിയ ഉയരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും

മികച്ച പ്രകടനം നടത്തിയ ഏഷ്യന്‍ വിപണിയെ പിന്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകളിലും മുന്നേറ്റം. റിയല്‍റ്റി, ഐറ്റി, ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ സൂചികകളില്‍ ഇന്ന് റെക്കോര്‍ഡ് കുതിപ്പ് ഉണ്ടായി.

സെന്‍സെക്‌സ് 255 വര്‍ധിച്ച് 53158.85 പോയ്ന്റിലും നിഫ്റ്റി 70 പോയ്ന്റ് വര്‍ധിച്ച് 15924.20 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
1662 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1576 ഓഹരികളുടെ വിലയിടിഞ്ഞു. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് സി എല്‍ ടെക്‌നോളജീസ്, ലാര്‍സണ്‍ & ടര്‍ബോ, ടെക് മഹീന്ദ്ര, എച്ച് ഡി എഫ് സി ബാങ്ക്, അള്‍ട്രാ ടെക് സിമന്റ്, ഐറ്റിസി, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്‌സ്, ടൈറ്റന്‍ കമ്പനി, ടിസിഎസ്, മാരുതി സുസുകി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
റിയല്‍റ്റി സൂചികയില്‍ 4.20 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഐറ്റി സൂചികയില്‍ 1.29 ശതമാനമാണ് നേട്ടമുണ്ടായത്. ഓട്ടോ, മീഡിയ, പിഎസ് യു ബാങ്ക്, ഫാര്‍മ സൂചികകളില്‍ ഇടിവുണ്ടായി.
ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.31 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 0.43 ശതമാനവും ഉയര്‍ച്ചയുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടേത് ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. 15 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കുറച്ചു ദിവസങ്ങളായി തുടര്‍ച്ചയായി മുന്നേറിക്കൊണ്ടിരുന്ന കിറ്റെക്‌സിന്റെ ഓഹരി വില ഇന്ന് 10 ശതമാനം ഇടിഞ്ഞുവെന്നതാണ് കേരള കമ്പനികളെ സംബന്ധിച്ച് ഇന്നത്തെ ശ്രദ്ധേയമായത്.
നേട്ടമുണ്ടാക്കിയ കമ്പനികളില്‍ 4.60 ശതമാനം നേട്ടവുമായി വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് മുന്നിലെത്തി. കെഎസ്ഇ (2.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.93 ശതമാനം), ഇന്‍ഡിട്രേഡ് (1.71 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം കിറ്റെക്‌സിനെ കൂടാതെ അപ്പോളോ ടയേഴ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എവിറ്റി, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം തുടങ്ങി 14 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it