വിപണി ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവിലേക്ക്, സെന്‍സെക്‌സ് 215 പോയ്ന്റ് താഴ്ന്നു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 50 ബേസിസ് പോയ്ന്റ് റിപ്പോ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ച വിപണി വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ചുവപ്പിലേക്ക് വീണ സൂചികകള്‍ പിന്നീട് പോസിറ്റീവിലേക്ക് നീങ്ങിയെങ്കിലും ഉച്ചയോടെ വീണ്ടും നഷ്ടത്തിലേക്ക് പതിച്ചു. ഒരുഘട്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 741 പോയ്ന്റ് കുതിച്ച് 55,424 എന്ന ഉയര്‍ന്ന നിലയിലെത്തിയെങ്കിലും 215 പോയ്ന്റ് അഥവാ 0.39 ശതമാനം ഇടിവോടെ 54,892 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 60 പോയ്ന്റ് താഴ്ന്ന് 16,356ല്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികളില്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഡോ.റെഡ്ഡീസ്, ടൈറ്റന്‍, മാരുതി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയ്ന്റ്സ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രധാന ഓഹരികള്‍. എംആര്‍പിഎല്‍ ഒന്‍പത് ശതമാനത്തിലധികം ഉയര്‍ന്നു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.21 ശതമാനവും 0.41 ശതമാനവും ഇടിഞ്ഞു.
മേഖലാതലത്തില്‍ ടെലികോം സൂചിക 1.6 ശതമാനം ഇടിഞ്ഞു. എനര്‍ജി, എഫ്എംസിജി സൂചികകള്‍ ഓരോ ശതമാനം വീതം ഇടിഞ്ഞു. റിയാലിറ്റി സൂചിക ഏകദേശം രണ്ട് ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇന്നും ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 15 കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. ആസ്റ്റര്‍ ഡി എം (2.09 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.16 ശതമാനം), കേരള ആയുര്‍വേദ (1.51 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.02 ശതമാനം), കെഎസ്ഇ (1.56 ശതമാനം), നിറ്റ ജലാറ്റിന്‍ (1.46 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.31 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.63 ശതമാനം) തുടങ്ങിയവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, എഫ്എസിടി, ഇന്‍ഡിട്രേഡ് (ജെആര്‍ജി), പാറ്റ്‌സ്പിന്‍ ഇന്ത്യ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരിവിലയില്‍ 1-4 ശതമാനം വരെ ഇടിവുണ്ടായി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it