ഷെയര്‍ ബ്രോക്കറിന്റെ ബുദ്ധിയും കഴിവും വേണ്ട! ഓഹരി വ്യാപാരം മെഷിന്‍ ലേണിംഗിലൂടെ

30 വര്‍ഷം മുമ്പ്, ബോംബെയില്‍ നിന്ന് ഉച്ചയോടെ എത്തുന്ന ഇക്കണോമിക് ടൈംസ് പത്രം വായിക്കുന്ന ചുരുക്കം ചിലര്‍ക്ക് മാത്രമേ നമ്മുടെ നാട്ടില്‍ ഓഹരി വിപണിയുടെ ഗതിവിഗതികളെപ്പറ്റി എന്തെങ്കിലും വിവരമുണ്ടായിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ഓഹരി ബ്രോക്കര്‍മാര്‍ ഇടപാടുകാരെ ഉപദേശിക്കുമായിരുന്നു. സെറ്റില്‍മെന്റ് നടക്കുന്നത് രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം. ഓഹരി ദല്ലാളന്മാരുടെ അനുഭവ സമ്പത്തും വിശകലന ശേഷിയും അന്നേറെ പ്രധാനമായിരുന്നു.

കാലം മാറി, ഓഹരി വിപണിയും മാറി. ഡോളര്‍ വിലയും സ്വര്‍ണവിലയും ക്രൂഡ്ഓയ്ല്‍ ലഭ്യതയും മാത്രമല്ല ഇന്ന് ഓഹരിവിപണിയെ നിയന്ത്രിക്കുന്നത്. ട്രംപിന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍, ലോകത്തെവിടെയങ്കിലും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, പുതിയ സോളാര്‍ ബാറ്ററിയുടെ കണ്ടുപിടിത്തം, അംബാനിയുടെ 'പനി' എന്നിങ്ങനെ നൂറ് നൂറ് കാര്യങ്ങളാണ് ഇന്ന് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇടപാടുകാരുടെ മാറുന്ന മനോവികാരങ്ങളും സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിലെ സംഭവവികാസങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളും ഓരോ നിമിഷവും ഓഹരിവിലകളില്‍ പ്രതിഫലിക്കും.

ഇതെല്ലാം വിശകലനം ചെയ്ത് ബുദ്ധിപൂര്‍വമായ തീരുമാനങ്ങളിലെത്താന്‍ മിടുക്കരായ ഓഹരി ബ്രോക്കര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ മനുഷ്യന്റെ തലച്ചോറിന് ഒരേസമയം കൈകാര്യം ചെയ്യാനാകുന്ന ഡാറ്റക്ക് ഒരു പരിധിയുണ്ട്. അതിനേക്കാള്‍ അനേകമടങ്ങാണ് കംപ്യൂട്ടറിന്റെ ഡാറ്റാ വിശകലനശേഷിയുെട പരിധി. അതിനാല്‍ മനുഷ്യന്‍ രണ്ട് മിനിറ്റ് കൊണ്ടെടുക്കുന്ന തീരുമാനം എടുക്കാന്‍ യന്ത്രത്തിന് ഒരു സെക്കന്‍ഡുപോലും വേണ്ട. ബ്രോക്കര്‍ക്ക് ഒരു മിനിറ്റില്‍ രണ്ടോ മൂന്നോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന സ്ഥാനത്ത് സോഫ്റ്റ്‌വെയറിന് നൂറോ അഞ്ഞൂറോ ഇടപാടുകള്‍ ഒറ്റയടിക്ക് നടത്താന്‍ കഴിയും. അതായത് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ മനുഷ്യന്റെ ഇടപെടലിനേക്കാള്‍ വളരെ മുന്‍പേ നടന്നിരിക്കും. അങ്ങനെ ലാഭം മുഴുവന്‍ സോഫ്റ്റ്‌വെയര്‍ ഇടപാടുകള്‍ വേഗതയുടെ ബലത്തില്‍ തട്ടിയെടുക്കും.

ഇടപാടുകള്‍ അതിവേഗത്തില്‍

ഇത്തരം അതിവേഗതയുള്ള സോഫ്റ്റ്‌വെയര്‍ വ്യാപാരത്തിന് സാധാരണ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പോര. നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന മെഷിന്‍ലേണിംഗ് സാങ്കേതിക വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സാധാരണ പ്രോഗ്രാമുകളില്‍ കൊച്ചുകുട്ടികള്‍ക്കെന്നപോലെ ഓരോ നിര്‍ദേശവും കൃത്യമായി നല്‍കണം. എന്നാല്‍ മെഷിന്‍ ലേണിംഗ് സോഫ്റ്റ്‌വെയര്‍ മാറിവരുന്ന സാഹചര്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് അതനുസരിച്ച് യുക്തമായ തീരുമാനങ്ങള്‍ സ്വയം എടുക്കുന്നു. ഇങ്ങനെ അതിവേഗം, മനുഷ്യന്റെ ഇടപെടലിന് കാത്തുനില്‍ക്കാതെ, യന്ത്രങ്ങള്‍ തീരുമാനമെടുത്ത്, അതനുസരിച്ച് വില്‍പ്പനയും വാങ്ങലും നടത്തുന്നതിനാലാണ് മെഷിന്‍ ലേണിംഗിലൂടെ അതിവേഗം വ്യാപാരങ്ങള്‍ നടക്കുന്നത്. ഇവിടെ ഓഹരി ദല്ലാളിന്റെ ബുദ്ധിയുടെയും കഴിവിന്റെയും പ്രസക്തി കുറഞ്ഞുകുറഞ്ഞ് വരുകയാണ്.

അടുത്ത നൂറ്റാണ്ടില്‍ അമേരിക്കയിലും മറ്റും നടക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിപ്ലവത്തെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. നമ്മുടെ നാട്ടിലെ പല സ്ഥാപനങ്ങളിലും ഇന്ന് മെഷിന്‍ ലേണിംഗ് പ്രയോജനപ്പെടുത്തുന്നുണ്ട്. HDFC Securities ന്റെ Trading Platform ഒരു ഉദാഹരണം മാത്രം.

ലേഖകന്‍: പ്രൊഫ. വര്‍ക്കി പട്ടിമറ്റം - HAL മുന്‍ എംഡിയും മാനേജ്‌മെന്റ് അധ്യാപകനും എട്ട് ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് (www.pattimattom.weebly.com)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it