ഉത്സാഹത്തോടെ തുടക്കം!

ഓഗസ്റ്റ് അവസാനത്തോടെ കേന്ദ്രത്തിന്റെ ധനകമ്മി ബജറ്റില്‍ ഉദ്ദേശിച്ച വാര്‍ഷിക ധനകമ്മിയുടെ 109 ശതമാനമായി. ഓഗസ്റ്റില്‍ കാതല്‍ മേഖലയുടെ തകര്‍ച്ച ജൂലൈയിലേക്കാള്‍ മോശമായി. ഇത്തരം മോശം വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര പ്രഖ്യാപനം. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ കൈയ്യിലുള്ള ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആശ്വാസമായി എന്നു മാത്രമല്ല പലിശ നിരക്ക് കൂടുകയില്ല എന്ന പരോക്ഷ ഉറപ്പും അതിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് എസ്ജിഎക്സ് നിഫ്റ്റി ഇന്ന് രാവിലെ ഒരു ശതമാനത്തോളം ഉയര്‍ന്നത്. ഇന്ത്യന്‍ സൂചികകളും ആവേശത്തോടെ തുടങ്ങും.
ഇന്നലെ വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്സ് 94 ഉം നിഫ്റ്റി 25 ഉം പോയ്ന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു. തുടര്‍ന്ന് യൂറോപ്യന്‍ സൂചികകള്‍ താഴോട്ട് പോയെങ്കിലും അമേരിക്കന്‍ വിപണി മികച്ച നേട്ടം കൈവരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥികളുടെ സംവാദം മോശമായ അന്തരീക്ഷത്തില്‍ പിരിഞ്ഞു. ആരും പ്രത്യേക നേട്ടം ഉണ്ടാക്കിയില്ല. ഡോളര്‍ സൂചിക കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. സ്വര്‍ണ വില അല്‍പം താണ് ഔണ്‍സിന് 1886 ഡോളറിലായി. ക്രൂഡ് വിപണിയില്‍ ബ്രെന്റ് ഇനവും ഡബ്ല്യുടിഐ ഇനവും തമ്മിലുള്ള അകലം അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി താണു.

* * * * * * * *

കടവും കമ്മിയും

ഈ ധനകാര്യ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് 12 ലക്ഷം കോടി രൂപയില്‍ നിലനിര്‍ത്താന്‍ തീരുമാനം. ബജറ്റവതരിപ്പിച്ചപ്പോള്‍ 7.97 കോടി കണക്കാക്കിയത് പിന്നീട് കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് 12 ലക്ഷം കോടിയായി ഉയര്‍ത്തുകയായിരുന്നു. അതില്‍ 7.66 ലക്ഷം കോടി സെപ്റ്റംബര്‍ 25 നകം എടുത്തു. ഒക്ടോബറില്‍ തുടങ്ങുന്ന രണ്ടാം പകുതിയുില്‍ എത്ര കടപ്പത്രമിറക്കാം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ലക്ഷ്യം മാറ്റുന്നില്ല എന്ന പ്രഖ്യാപനം. ഇതനുസരിച്ച് 4.34 ലക്ഷം കോടിയാണ് ഇനി കടമെടുക്കുക.

ബജറ്റില്‍ ജിഡിപിയുടെ 35 ശതമാനം ധനകമ്മി എന്നു പറയുന്നത് ഏഴുശതമാനമെങ്കിലുമാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. 224 ലക്ഷം കോടിയുടെ ജിഡിപി പ്രതീക്ഷിച്ചത് 180 ലക്ഷം കോടിയിലേക്ക് താഴുമ്പോള്‍ കമ്മി ഇനിയും കൂടിയാല്‍ റേറ്റിംഗ് തകരും. അതിനാല്‍ റേറ്റീംഗ് നിലനിര്‍ത്താനായി കടമെടുപ്പ് ഇനി കൂട്ടില്ല എന്നു കേന്ദ്രം പ്രഖ്യാപിച്ചു.

* * * * * * * *

മോഹം നടക്കുമോ?

ഇതു നടക്കുമോ എന്നു ചോദിച്ചല്‍ അത്ഭുതം നടക്കണം എന്നാണ് ഉത്തരം. സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളായ സഞ്ജീവ് സന്യാലും കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും ഒഴികെ ആരും അത്ഭുതത്തില്‍ വിശ്വസിക്കുന്നില്ല. 202-021 വര്‍ഷം ജിഡിപി പത്തു ശതമാനത്തിലേറെ താഴോട്ട് പോകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. അപ്പോള്‍ സര്‍ക്കാരിന്റെ നികുതി വരവ് മൂന്നു വര്‍ഷം മുമ്പത്തെ നിലയിലേക്ക് താഴും. ചെലവ് കുത്തനെ കുറയില്ല. സ്വാഭാവികമായും കമ്മി കൂടും. കമ്മി നികത്താന്‍ കടമെടുപ്പോ റിസര്‍വ് ബാങ്കിന്റെ അധിക നോട്ടടിയോ(മോണിറ്റൈസേഷന്‍ എന്നു സാങ്കേതിക പദം) മാത്രമേ മാര്‍ഗമുള്ളു.

ഏതായാലും ജൂലൈയില്‍ പ്രഖ്യാപിച്ച ലക്ഷ്യത്തില്‍ നിന്ന് മാറില്ല എന്ന പ്രഖ്യാപനം നിരീക്ഷകര്‍ വിശ്വസിക്കുന്നില്ല. ഒന്നുകില്‍ പൊതുമേഖലാ ഓഹരി വില്‍പ്പന കൂട്ടും. അതുമല്ലെങ്കില്‍ ചെലവുകള്‍ വെട്ടിച്ചുരുക്കും. ഇതാണ് നിരീക്ഷകര്‍ കരുതുന്നത്.

ജിഡിപി കണക്കുകളെപോലെ ബജറ്റ് കണക്കുകളേയും അവിശ്വസിക്കാനാണ് ഇതുവഴി ഇടവരിക. ജിഎസ്ടി കോംപന്‍സേഷന്‍ സെസ് വകമാറ്റിയതു സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

* * * * * * * *

കറന്റ് അക്കൗണ്ടിലെ മിച്ചം

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് 1980 കോടിയുടെ മിച്ചം കാണിച്ചു. ഇതു ജിഡിപിയുടെ 3.9 ശതമാനം വരും. എഴുന്നേറ്റുനിന്ന് കൈയടിക്കേണ്ട കാര്യം.
എഴുന്നേല്‍ക്കും മുമ്പ് ഒന്ന് ചിന്തിക്കുക. ഏപ്രില്‍-ജൂണില്‍ എന്താണ് സംഭവിച്ചത്. രാജ്യം ലോക്ക് ഡൗണിലായിരുന്നു. വണ്ടികള്‍ ഓടിയില്ല. ഫാക്ടറികള്‍ പ്രവര്‍ത്തിച്ചില്ല, ജനം പുറത്തിറങ്ങിയില്ല. ആ പാദത്തിന്റെ രണ്ട് മാസവും അതായിരുന്നു അവസ്ഥ. അപ്പോള്‍ ആരും ഒന്നും വാങ്ങിയില്ല. ഇറക്കുമതി കുറഞ്ഞു, പോരാത്തതിന് ക്രൂഡ് ഓയ്ല്‍ വില ഇടിഞ്ഞ അവസ്ഥയും രാജ്യത്തിന്റെ വിദേശ ധനകാര്യ ഇടപാടുകളില്‍ മിച്ചം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. കറന്റ് അക്കൗണ്ട് മിച്ചം വന്ന പാദത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പണം വരവില്‍ 8.7 ശതമാനം കുറവുണ്ടായി. വിദേശ നിക്ഷേപത്തില്‍ 40 കോടി ഡോളറും കുറഞ്ഞു.

* * * * * * * *

ഉത്തേജകം ഇല്ല

സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തുറന്ന മനസാണുള്ളതെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസവും പറഞ്ഞു. പക്ഷേ കടമെടുപ്പ് കൂട്ടുന്നില്ല എന്ന പ്രഖ്യാപനം സൂചിപ്പിക്കുന്നത് ഉത്തേജകം ഉണ്ടാകില്ലെന്നാണ്. പുതിയ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കണമെങ്കില്‍ കടം വര്‍ധിപ്പിക്കണം. അതിനു തയ്യാറല്ലാത്തപ്പോള്‍ പണചെലവുള്ള പദ്ധതികള്‍ പ്രതീക്ഷിക്കാനില്ല.

* * * * * * * *

വായ്പ കൂട്ടാന്‍

ഉത്സവകാലത്തുള്ള വായ്പകള്‍ കൂട്ടാന്‍ ബാങ്കുകള്‍ മത്സരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പയ്ക്കും പേഴ്സണല്‍ വായ്പയ്ക്കും പലിശ കുറയ്ക്കും. ഭവനവായ്പയ്ക്കും ചില ഇളവുകള്‍ നല്‍കി. എച്ച് ഡി എഫ് സി ദ്വന്ദങ്ങള്‍ വായ്പകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.

* * * * * * * *

ധനലക്ഷ്മിയിലും ഓഹരി ഉടമകള്‍ക്ക് കരുത്ത്

ലക്ഷ്മി വിലാസ് ബാങ്കിലെ ഓഹരിയുടമകളുടെ വഴിയേ ധനലക്ഷ്മി ബാങ്ക് ഓഹരി ഉടമകളും. ഇന്നലെ വാര്‍ഷിക പൊതുയോഗത്തില്‍ 90 ശതമാനം ഓഹരി ഉടമകള്‍ എംഡിയും സി ഇ ഒയുമായ സുനില്‍ ഗുര്‍ബക്സാനിയെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ലക്ഷ്മി വിലാസില്‍ സിഇഒയെയും പ്രമോര്‍ട്ടര്‍മാരില്‍ നിന്നുള്ള ഡയറക്റ്റര്‍മാരെയും ഓഹരി ഉടമകള്‍ പുറത്താക്കി. രണ്ടുബാങ്കിലും കാര്യങ്ങള്‍ കുഴപ്പത്തിലാണ്.

വായ്പകളില്‍ 24 ശതമാനത്തിലേറെ നിഷ്‌ക്രിയാസ്തി (എന്‍ പി എ) ആയി മാറിയ ലക്ഷ്മി വിലാസ് ബാങ്കിനെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്. ക്ലിക്ക്സ് കാപ്പിറ്റലുമായി ലയിക്കാനുള്ള ലക്ഷ്മി വിലാസിന്റെ പഴയ നീക്കം അവസാനിപ്പിച്ചാലേ പിഎന്‍ബിയിലേക്ക് വഴി തെളിയൂ. ദക്ഷിണേന്ത്യയില്‍ പി എന്‍ ബിക്ക് കൂടുതല്‍ സാന്നിധ്യം കിട്ടാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കും.

ധനലക്ഷ്മിയുടെ ടോപ്പ് മാനേജ്മെന്റില്‍ പലരും ചില ഡയറക്റ്റര്‍മാരും രാജിവെച്ചു. ബാങ്കിന്റെ കിട്ടാക്കടങ്ങളുടെയും നിഷ്‌ക്രിയ ആസ്തികളുടെയും കൃത്യമായ കണക്ക് ലഭ്യമല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ മാനേജ്മെന്റ് നടപടികള്‍ ബാങ്കിനെ വല്ലാത്ത പതനത്തിലാണ് എത്തിച്ചത്. ധനലക്ഷ്മിയിലേക്ക് റിസര്‍വ് ബാങ്ക് ഒരു ഡയറക്റ്ററെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇനിയിപ്പോള്‍ ബാങ്കിന്റെ സാരഥ്യത്തിനും ദൈനംദിന കാര്യങ്ങള്‍ക്കും ആളെ കണ്ടെത്തേണ്ട ബാധ്യത കൂടി റിസര്‍വ് ബാങ്കിനായി. ലക്ഷ്മി വിലാസില്‍ മൂന്ന് ഡയറക്റ്റര്‍മാരുടെ കമ്മിറ്റിക്കാണ് ഈ ചുമതല. ധനലക്ഷ്മിയിലും ഡയറക്റ്റര്‍മാരുടെ ഒരു കമ്മിറ്റിക്ക് താല്‍ക്കാലിക ചുമതല നല്‍കും. സാമ്പത്തിക തകര്‍ച്ചയുടെ ഇക്കാലത്ത് ഒരു ബാങ്ക് തകര്‍ച്ച അനുവദിക്കാന്‍ കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും കഴിയില്ല. അതിനു തക്ക കര്‍ശന നടപടികള്‍ പിന്നാലെ പ്രതീക്ഷിക്കാം.

ഏതായാലും ഓഹരി ഉടമകള്‍ മാനേജ്മെന്റിനെ ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കുന്നത് നല്ല കാര്യമാണ്. ഇത് കുറേക്കൂടി നേരത്തേ വേണ്ടതായിരുന്നു.

* * * * * * * *

മണ്‍സൂണ്‍ തുണച്ചു

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കാലവര്‍ഷം തുണച്ചു. ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനം മഴയാണ് ജൂണ്‍ - സെപ്തംബര്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 110 ശതമാനം കിട്ടിയിരുന്നു. ഇത് ഖാരിഫ് വിളയും മൊത്തം കാര്‍ഷികോല്‍പ്പാദനവും റെക്കോര്‍ഡ് നിലവാരത്തിലെത്തിക്കും. ഭക്ഷ്യധാന്യ ഉല്‍പ്പാദനം 30.1 കോടി ടണ്‍ ആകുമെന്നാണ് പ്രതീക്ഷ.

കാലാവസ്ഥ വകുപ്പിന്റെ ജൂണിലെ പ്രവചനത്തില്‍ 102 ശതമാനം പ്രതീക്ഷിച്ചയിടത്താണ് 108 ശതമാനം മഴ. വകുപ്പിന്റെ തന്നെ മണ്‍സൂണ്‍ മിഷന്‍ കപ്പിള്‍ഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം അനുസരിച്ചുള്ള പ്രവചനം കുറേക്കൂടി കൃത്യത കാണിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ എന്‍സെംബ്ള്‍ ഉപയോഗിച്ചുള്ള ഔദ്യോഗിക പ്രവചനം തുടര്‍ച്ചയായി പാളിച്ച കാണിക്കുന്നുണ്ട്.

ഉയര്‍ന്ന വിളവെടുപ്പ് പൊതു വില നിലവാരം താഴ്ത്തും. ഭക്ഷ്യസംസ്‌കരണ മേഖലയെ സഹായിക്കും. ഗ്രാമീണ മേഖലയില്‍ ഉല്‍പ്പന്ന വില കൂടും.

* * * * * * * *

ഇന്നത്തെ വാക്ക് : ധനക്കമ്മി

സര്‍ക്കാരിന്റെ വരവിനേക്കാള്‍ കൂടുതല്‍ ചെലവ് വരുന്നതാണ് കമ്മി. ഇത് നികത്താന്‍ കടമെടുക്കണം. ഇങ്ങനെ കടമെടുക്കുന്ന തുകയാണ് ധനക്കമ്മി (Fiscal Deficit). ഇത് വര്‍ധിക്കുമ്പോള്‍ സ്വകാര്യ മേഖലയ്ക്ക് കിട്ടാവുന്ന വായ്പ കുറയുകയും പലിശ നിരക്ക് കൂടുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it