ലാഭമെടുക്കല്‍ തുടരുന്നു, സൂചികകള്‍ താഴുന്നു

ഓഹരി വിപണിയില്‍ ലാഭമെടുക്കല്‍ തുടരുന്നതു കണ്ടു കൊണ്ടാണ് ഇന്നു വ്യാപാരം തുടങ്ങിയത്. ബാങ്ക് ഓഹരികളുടെ ഇടിവാണു സൂചികകളെ താഴ്ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചത്. ഒരു സമയത്ത് നിഫ്റ്റി ബാങ്ക് 430 പോയിന്റ് വരെ താണു.

രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ സൂചികകള്‍ ഇടയ്ക്കു തിരിച്ചു കയറിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. ഒരു മണിക്കൂറിനു ശേഷം സെന്‍സെക്‌സ് 150 പോയിന്റും നിഫ്റ്റി 40 പോയിന്റും താഴെയാണ്.

മികച്ച ലാഭവര്‍ധന (40 ശതമാനം) ജെകെ ടയര്‍ ഓഹരികള്‍ക്കു വീണ്ടും വില കൂട്ടി. 14 ശതമാനമാണ് ഇന്നു രാവിലെ കൂടിയത്. അപ്പോളോ ടയേഴ്‌സ്, എംആര്‍എഫ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ വിലയും നല്ലതോതില്‍ കൂടുകയാണ്.

ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ മൂന്നാം പാദ അറ്റാദായം 17 ശതമാനം താണത് വിപണിക്ക് ആഘാതമായി. ഓഹരി വില ഒന്‍പതു ശതമാനം ഇടിഞ്ഞു.

പ്രതീക്ഷയിലും കുറഞ്ഞ വരുമാന ലാഭ വര്‍ധന എംഫാസിസിന്റെ ഓഹരി വില ഇടിച്ചു.

ആസാമില്‍ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമായതു മൂലം ലാഭം കുറഞ്ഞ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്നു ഗണ്യമായി താണു.

മികച്ച റിസല്‍ട്ട് പുറത്തുവിട്ട ബജാജ് ഓട്ടോയ്ക്കു വില ഉയര്‍ന്നു.

ഡോളര്‍ അല്‍പം ഉയര്‍ന്ന് 73.02 രൂപയിലെത്തി.

യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങള്‍ പെട്രോളിയം ഉപയോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കും എന്ന ഭീതി ക്രൂഡ് ഓയില്‍ വില താഴ്ത്തി. ബ്രെന്റ് ഇനം 55.6 ഡോളറിലേക്കു താണു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില 18611862 ഡോളര്‍ മേഖലയിലാണ്. കേരളത്തില്‍ പവനു 120 രൂപ താണ് 36,880 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it