ഇടിവ് തുടരുന്നു; സെൻസെക്സ് 47000-നു താഴെ

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്നു രാവിലെ ഇന്ത്യൻ വിപണിയും താഴ്ന്നാണു തുടങ്ങിയത്. പിന്നീട് നഷ്ടം അൽപം കുറച്ചെങ്കിലും അരമണിക്കൂറിനു ശേഷം താഴാേട്ടുള്ള യാത്ര പുനരാരംഭിച്ചു. സെൻസെക്സ് പലവട്ടം 47,000 നു താഴെ വന്നു. നിഫ്റ്റി 13,850 നു മുകളിൽ നിൽക്കാൻ പാടുപെട്ടു. നിഫ്റ്റി ബാങ്ക് 30,000-നു താഴെയായി.

ചൈനീസ്, ജാപ്പനീസ് ഓഹരി സൂചികകളും ഒന്നര ശതമാനത്തിലേറെ താഴെയാണ്.
കുറേ ദിവസങ്ങളായി ഇടിവിലായിരുന്ന റിലയൻസ് ഓഹരി ഇന്നു രാവിലെ ഉയർച്ച കാണിച്ചു. മൂന്നാം പാദ ഫലം പുറത്തുവിട്ട ശേഷം റിലയൻസ് ഓഹരിക്ക് ഒൻപതു ശതമാനം ഇടിവുണ്ടായിരുന്നു.
റിലയൻസുമായി ഫ്യൂച്ചർ റീട്ടെയിലിൻ്റെ പേരിൽ പോരിലേർപ്പെട്ടിരിക്കുന്ന ആമസോണിനെതിരേ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അന്വേഷണം. നേരത്തേ അന്വേഷണം ആവശ്യപ്പെട്ട് ഒരു സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ നടത്തിയ നിക്ഷേപം വിദേശ നിക്ഷേപ ചട്ടങ്ങൾക്കെതിരാണെന്ന പരാതിയാണ് അന്വേഷിക്കുന്നത്. ഫ്യൂച്ചർ റീട്ടെയിൽ വാങ്ങാനുള്ള റിലയൻസ് തീരുമാനത്തിനെതിരേ ആമസോൺ ഡൽഹി ഹൈക്കോടതിയിലും സിംഗപ്പുരിലെ ആർബിട്രേഷൻ ട്രൈബ്യൂണലിലും നിയമപോരാട്ടം നടത്തിവരികയാണ്.
സിനിമാശാലകളിൽ കൂടുതൽ സീറ്റുകളിൽ ആളുകളെ ഇരുത്താമെന്ന കേന്ദ്ര നിർദേശം മൾട്ടിപ്ലെക്സുകൾ നടത്തുന്ന പിവിആർ സിനെമാസ്, ഇനോക്സ് ലീഷർ എന്നിവയുടെ വില വർധിപ്പിച്ചു.
ഇന്നു റിസൽട്ട് പുറത്തു വിടാനിരിക്കുന്ന മാരുതി സുസുകിയുടെ വില ഇന്നും താഴ്ന്നു.
ഇന്നലെ നല്ല റിസൽട്ട് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ഓഹരി വില ഇടിഞ്ഞു. അപ്രതീക്ഷിതമായി ലാഭത്തിൽ ഇടിവു കാണിച്ച ആക്സിസ് ബാങ്കിൻ്റെ ഓഹരി വില കയറി.
ഡോളർ ഇന്നു കയറി. വിദേശത്തു ഡോളർ സൂചിക ഉയർന്നു. 20 പൈസ നേട്ടത്തിൽ 73.12 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
വിദേശത്തു സ്വർണ വില ഔൺസിന് 1836 ഡോളർ വരെ താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it