വിപണി ആവേശത്തിൽ മുന്നോട്ട്

ഏഷ്യൻ വിപണികൾ മന്ദഗതിയിലെ തുടക്കത്തിനു ശേഷം മികച്ച നേട്ടത്തിലായി.ആ ആവേശത്തോടെ ഇന്ത്യൻ വിപണി നല്ല തുടക്കം കുറിച്ചു.സെൻസെക്സ് 440-ലേറെ പോയിൻ്റ് ഉയർന്നാണു തുടങ്ങിയത്. നിഫ്റ്റി 15,000നു മുകളിൽ ആരംഭമിട്ടു. പിന്നീടു സൂചികകൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടം കാണിച്ച ബാങ്ക്, എൻബിഎഫ്സി ഓഹരികൾ ഇന്ന് ഉയർച്ചയിലാണ്. മെറ്റൽ കമ്പനികൾക്കു പ്രിയം തുടരുന്നു. ടാറ്റാ സ്റ്റീലും ഹിൻഡാൽകോയും മുന്നേറി. മാരുതി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർ, അശോക് ലെയ്ലൻഡ് തുടങ്ങിയവ രാവിലെ താഴോട്ടു പോയി. വെസ്റ്റ് കോസ്റ്റ് പേപ്പർ, മാസ്ടെക് തുടങ്ങിയവയിൽ ഫണ്ടുകളുടെ താൽപര്യം വർധിച്ചതോടെ ഓഹരി വില 10 ശതമാനത്തോളം കയറി.
ലോക വിപണിയിൽ സ്വർണം ചാഞ്ചാടുകയാണ്. രാവിലെ ഔൺസിന് 1740 ഡോളറായിരുന്ന വില പിന്നീട് 1735 ലേക്കു താണു. കേരളത്തിൽ സ്വർണം പവന് 280 രൂപ കൂടി 33,960 രൂപയായി.
ക്രൂഡ് ഓയിൽ വില മന്ദം മന്ദം കയറുന്നു. ബ്രെൻ്റ് ഇനം 63.01 ഡോളറിലെത്തി.
ഡോളർ വീണ്ടും താണു. 11 പൈസ താണ് 73.25 രൂപയിലാണു ഡോളർ തുടങ്ങിയത്. പിന്നീട് 73.09 രൂപയിലേക്കു താണു. രൂപയെ ഉയർത്താൻ റിസർവ് ബാങ്ക് ശ്രമിക്കുന്നതായി സംസാരമുണ്ട്.
കടപ്പത്ര വിപണിയിൽ ചെറിയ ചലനങ്ങൾ മാത്രം. 10 വർഷ കടപ്പത്ര ങ്ങളുടെ നിക്ഷേപ നേട്ടം 6.222 ശതമാനത്തിലാണ് രാവിലെ. ആറു ശതമാനമാണ് റിസർവ് ബാങ്കിൻ്റെ ലക്ഷ്യം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it