ഓഹരി വിപണി ചാഞ്ചാട്ടത്തിൽ

കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ കണ്ടതു ലാഭമെടുക്കൽ മാത്രമാണെന്നു സ്ഥാപിക്കാൻ വിപണി ശ്രമിക്കുന്നതാണു തിങ്കളാഴ്ച രാവിലെ കണ്ടത്. സെൻസെക്സ് 300 പോയിൻ്റും നിഫ്റ്റി 90 പോയിൻ്റും ഉയർന്നു വ്യാപാരം തുടങ്ങി. പിന്നീടു ലാഭമെടുക്കലും വിൽപന സമ്മർദവും സൂചികകളെ താഴോട്ടു നയിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മുഖ്യസൂചികകൾ നെഗറ്റീവ് ആയി.സെൻസെക്സ് രാവിലത്തെ ഉയരത്തിൽ നിന്ന് 600 പോയിൻ്റ് താണു. അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ സൂചികകൾ ഉയരത്തിലായി. വീണ്ടും താണു. വീണ്ടും കയറി.

ഏഷ്യൻ ഓഹരി സൂചികകൾ മിക്കതും നല്ല നേട്ടം കുറിച്ചപ്പോഴാണ് ഇന്ത്യൻ സൂചികകൾ ഇന്നു ചാഞ്ചാടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ താഴോട്ടു പോയ ബാങ്ക് ഓഹരികൾ ഇന്നു രാവിലെ തുടക്കത്തിൽ നന്നായി കയറി. പിന്നീടു താഴോട്ടു പോയിട്ടു വീണ്ടും ഉയരത്തിലായി. എൻബിഎഫ്സി കളും നേട്ടത്തിൽ തുടങ്ങി.
റിലയൻസ് ഇൻഡസ്ട്രീസ് ഇന്നു തുടക്കത്തിലേ താഴോട്ടു പോയി. മൂന്നാം ക്വാർട്ടർ ഫലങ്ങൾ പ്രതീക്ഷ പോലെ വരാത്തതാണു കാരണം. വ്യാപാരം തുടങ്ങി അര മണിക്കൂറിനകം റിലയൻസ് ഓഹരി വില 2000-നു താഴെയായി.
ഏഷ്യൻ പെയിൻ്റ്സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയവയും താഴോട്ടു നീങ്ങി.
കടബാധ്യത ഗണ്യമായി കുറഞ്ഞത് അൾട്രാടെക്ക് സിമൻറിൻ്റെ ഓഹരി വില നാലു ശതമാനത്തോളം ഉയർത്തി.
കഴിഞ്ഞ വർഷത്തെ വലിയ നഷ്ടത്തിൻ്റെ സ്ഥാനത്ത് നേരിയ ലാഭമുണ്ടാക്കിയ യെസ് ബാങ്കിൻ്റെ ഓഹരി വില നാലു ശതമാനത്തോളം താണു. ബാങ്കിൻ്റെ ആസ്തി നിലവാരം ഉയർന്നെന്നു മാനേജ്മെൻ്റ് അവകാശപ്പെട്ടു. എന്നാൽ അടുത്ത പാദത്തിൽ 20 ശതമാനം ആസ്തികളും എൻപിഎ ആകുമെന്നു ബാങ്കിലെ ചിലർ തന്നെ സൂചിപ്പിച്ചു.
ടാറ്റാ മോട്ടോഴ്സ് കാറുകളുടെ വില കൂട്ടി. പരമാവധി വർധന 26,000 രൂപ.
ഡോളറിനു നേരിയ ഇടിവ്. മൂന്നു പൈസ താണ് 73.95 രൂപയിലാണു ഡോളർ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it