ഇറങ്ങിക്കയറി വിപണി

പ്രതീക്ഷ പോലെ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. ആദ്യ ഒരു മണിക്കൂറിൽ തന്നെ സെൻസെക്സ് 400 പോയിൻ്റ് കയറിയിറങ്ങി. പിന്നീട് സെൻസെക്സും നിഫ്റ്റിയും ഉയർച്ചയിലായി.

പൊതുമേഖലാ ബാങ്കുകൾക്ക് ഇന്നും പ്രിയം തുടർന്നു. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന എസ്ബിഐ ഇന്നു താണു. കഴിഞ്ഞ ദിവസങ്ങളിൽ താണ എച്ച് ഡി എഫ് സി ബാങ്ക് ഇന്ന് ഉയർന്നു.
ചൈനയിൽ പുതുവത്സര അവധി കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി സ്റ്റീൽ വില അഞ്ചു ശതമാനം കൂടി. വിലയിടിവിൻ്റെ സൂചന ഉണ്ടായിരുന്നപ്പോഴാണിത്. സെയിലിൻ്റെ വില രണ്ടു ശതമാനം കൂടി.എന്നാൽ ടാറ്റാ സ്റ്റീലിന് വില കുറഞ്ഞു.
പലിശനിരക്ക് കൂടുമെന്ന സൂചനകൾ ശക്തമാണ്. പത്തു വർഷ സർക്കാർ കടപ്പത്രത്തിൻ്റെ വില 6.13 ശതമാനം ആദായം ലഭിക്കാവുന്ന വിധം താണു. ഇതിൻ്റെ ആദായം ആറു ശതമാനത്തിൽ ഒതുക്കി നിർത്താൻ റിസർവ് ബാങ്ക് പരിശ്രമം തുടരുന്നതിനിടെയാണ് വില താണത്. കമ്മിയും കടമെടുപ്പും പ്രതീക്ഷയിലും വളരെ കൂടുതലായപ്പോൾ കടപ്പത്രം വാങ്ങണമെങ്കിൽ കൂടുതൽ ആദായം ഉറപ്പാക്കണമെന്നു വിപണി വാദിക്കുന്നു. അതു തടയാൻ റിസർവ് ബാങ്ക് എന്തെല്ലാം ചെയ്താലും അതെല്ലാം പണപ്പെരുപ്പവും തുടർന്നു പലിശയും കൂടുന്നതിലേക്കേ നയിക്കൂ എന്നും വിപണി കരുതുന്നു.
അമേരിക്കയിലെ അതിശൈത്യം മയപ്പെടുന്നതായ റിപ്പോർട്ടുകൾ ക്രൂഡ് ഓയിൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക്ക്ക് 62.83 ഡോളർ വരെ താണു. 1.1 ഡോളറിൻ്റെ താഴ്ചയാണ് ഇന്നു രാവിലെ ഉണ്ടായത്.
സ്വർണം ആഗോളവിപണിയിൽ വിൽപന സമ്മർദത്തിലായി. വിപണി ബെയറിഷ് ആകുമെന്നും 10-12 ശതമാനം താഴോട്ടു പോകുമെന്നുമുള്ള പ്രചാരണം ശക്തമാണ്. ഇന്നു രാവിലെ വില 1765 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 320 രൂപതാണ് 34,400 രൂപയായി. ഈ മാസം ഒന്നാം തീയതിയിലെ വിലയിൽ നിന്നു 2400 രൂപ പവനു കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു നിന്ന വെള്ളി വില ഇന്ന് 26.61 ഡോളറിലേക്കു താണു.
1300 ഡോളറിനു മുകളിലായിരുന്ന പ്ലാറ്റിനം ഇന്ന് 1235 ഡോളറിലേക്ക് ഇടിഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it