Top

ഉയരത്തിൽ ചാഞ്ചാട്ടം

ഏഷ്യൻ സൂചനകൾ ദുർബലമായെങ്കിലും ഇന്ത്യൻ വിപണി പ്രതീക്ഷിച്ചതു പോലെ ഉയരത്തിൽ തുടങ്ങി. വീണ്ടും ഉയർന്നു നീങ്ങി. പിന്നീടു ചാഞ്ചാട്ടമായി. സെൻസെക്സ് 51,000-ലേക്കു വീണ്ടും കടക്കാൻ ശ്രമിച്ചു. നിഫ്റ്റി 15,100 ലേക്കു ശ്രമം തുടർന്നു.

ഏഷ്യൻ ഓഹരി സൂചികകൾ തുടക്കത്തിലെ ആവേശത്തിനു ശേഷം കുത്തനെ ഇടിഞ്ഞു. ജപ്പാനിലെ നിക്കൈയും ചൈനയിലെ ഷാങ്ഹായ് കോമ്പസിറ്റും ഒരു ശതമാനത്തിലധികം താഴോട്ടു പോയി. ക്രൂഡ് ഓയിൽ വിലക്കയറ്റമാണ് ഇടിവിനു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് 71.17 ഡോളർ വരെ ഉയർന്നിട്ട് 70.65 ലേക്കു താണു.
ബാങ്ക് ഓഹരികൾ ഇന്നു നല്ല ഉയർച്ച കാണിച്ചു.
നാലു പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന റിപ്പോർട്ട് ഈ ദിവസങ്ങളിൽ വീണ്ടും വന്നിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണു പരാമർശിക്കപ്പെടുന്നത്. നാലു ബാങ്കുകളുടെയും ഓഹരികൾക്ക് അഞ്ചു മുതൽ പത്തു വരെ ശതമാനം വില കയറി. നേരത്തേ ബജറ്റ് പ്രഖ്യാപനത്തിനു ശേഷമുള്ള ദിവസങ്ങളിൽ ഇവയുടെ വില 30 ശതമാനം വരെ കയറിയിരുന്നു.
ഡോളർ ഇന്നു തുടക്കത്തിൽ നേട്ടമുണ്ടാക്കി. 12 പൈസ ഉയർന്ന് 73.13 രൂപയിലാണ് ഡോളർ തുടങ്ങിയത്.പിന്നീടു 73.01 ലേക്കു ഡോളർ താണു.
സ്വർണവില വിദേശത്ത് നേരിയ തോതിൽ കുറഞ്ഞു. രാവിലെ ഔൺസിന് 1713 ഡോളർ വരെ കയറിയിട്ട് പിന്നീട് 1708 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ കയറി 33,600 രൂപയായി.
കടപ്പത്ര വില ഇന്നും താണു. 6.24 ശതമാനം നിക്ഷേപ നേട്ടം കിട്ടത്തക്കവിധം വില താണു. റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടുകയില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിപണി എതിർ ദിശയിൽ നീങ്ങുകയാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it