ആശ്വാസറാലിയിൽ വിപണി

ഉയർന്നു തുടങ്ങി; വീണ്ടും ഉയർന്നു. പിന്നീട് ലാഭമെടുക്കലിനെ തുടർന്ന് അൽപം താണു. വീണ്ടും കയറി. തുടർച്ചയായ ഇടിവുകൾക്കു ശേഷം ഇന്ന് ഇന്ത്യൻ വിപണി ആശ്വാസ റാലിയിലാണ്.

കോവിഡ് രോഗബാധ വീണ്ടും വർധിച്ചെങ്കിലും ഇന്ന് അതേപ്പറ്റി വേവലാതിപ്പെടാനില്ലെന്ന മട്ടിലാണു വിപണി. മറ്റ് ഏഷ്യൻ വിപണികൾ ഒന്നര മുതൽ രണ്ടു വരെ ശതമാനം ഉയർന്നിട്ടുണ്ട്. യുഎസ് സൂചികകളുടെ അവധി വിലയും ഉയർന്നു.
ബാങ്ക്, ധനകാര്യ കമ്പനികൾക്ക് ഇന്നു നല്ല നേട്ടമുണ്ടായി.
ജൂണിലാരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണി (കാലവർഷം) ൽ ഇത്തവണ ശരാശരി മഴ ഇന്ത്യയിൽ ലഭിക്കുമെന്ന് അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കമ്പനി അക്കു വെതർ പ്രവചിച്ചു. ഇന്ത്യയുടെ കാലാവസ്ഥ വകുപ്പ് ഏപ്രിൽ പകുതിയോടെ ഒന്നാം ഘട്ട മൺസൂൺ പ്രവചനം നടത്തും. ശരാശരിക്കടുത്തു മഴ ലഭിച്ചാൽ കാർഷികോൽപാദനം മെച്ചമാകും. അതു ഗ്രാമീണ മേഖലയിൽ വരുമാനം കൂട്ടും.
ഡോളറിനു മേൽ രൂപ ഇന്നു കരുത്തു കാണിച്ചു. 10 പൈസ താണ് 72.52 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 72.47 ലേക്കു താണു.
ഇന്നു കല്യാൺ ജ്വല്ലേഴ്സും സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കും ലിസ്റ്റിംഗിൽ താഴോട്ടു പോയി. ഐപിഒ വിലയിൽ നിന്നു താഴ്ന്നാണ് ഈ ദിവസങ്ങളിൽ ലിസ്റ്റ് ചെയ്ത മിക്ക ഓഹരികളുടെയും വ്യാപാരം.
കഴിഞ്ഞ ദിവസം കടപ്പത്ര വില ഉയർന്നെങ്കിലും ഇന്നു വീണ്ടും താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 6.144 ശതമാനത്തിലേക്കു കയറി.
സ്വർണ വില രാജ്യാന്തര വിപണിയിൽ 1725 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ താഴ്ന്ന് 33,360 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it