കരുത്തോടെ ആശ്വാസ റാലി

ഏഷ്യൻ ഓഹരി സൂചികകൾ ചെറിയ ഉണർവേ കാണിക്കുന്നുള്ളു എങ്കിലും ഇന്ത്യൻ ഓഹരികൾ ഇന്നു വലിയ കുതിപ്പിലാണ്. സെൻസെക്സ് നാനൂറിലേറെ പോയിൻ്റ് കയറി വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനകം 800 പോയിൻ്റിലധികം ഉയരത്തിലായി. നിഫ്റ്റി 14,700 നു മുകളിലെത്തി.

ടാറ്റാ ഗ്രൂപ്പ് കമ്പനികൾ ഇന്നും ഉണർവ് കാണിച്ചു.
സ്റ്റീൽ വില വർധിക്കുമെന്നു ബ്രോക്കറേജുകൾ കരുതുന്നു. ചൈനീസ് സ്റ്റീൽ ഇന്ത്യയിലെത്തുമ്പോൾ 64,000 രൂപയാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സ്റ്റീൽ വില 52,000 - 54,000 മേഖലയിലാണ്. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ജിൻഡൽ സ്റ്റീൽ, സെയിൽ തുടങ്ങിയവയുടെ വില മൂന്നു മുതൽ അഞ്ചു വരെ ശതമാനം വർധിച്ചു.
പെറ്റ് ബോട്ടിലുകൾ നിർമിക്കാൻ ആവശ്യമായ പെറ്റ് റെസീൻ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പിഴച്ചുങ്കം ചുമത്തിയത് റിലയൻസിൻ്റെ വില ഉയർത്തി. റിലയൻസാണ് രാജ്യത്തെ ഏറ്റവും വലിയ പെറ്റ് റെസീൻ നിർമാതാക്കൾ.
എയർ കണ്ടീഷണർ നിർമാതാക്കൾ ഏപ്രിൽ ഒന്നിനു വില കൂട്ടും എന്ന റിപ്പോർട്ട് വോൾട്ടാസ്, ബ്ലൂസ്റ്റാർ എന്നിവയുടെ വില ഉയർത്തി. ഈ വർഷം എസി വിൽപനയിൽ ഗണ്യമായ വളർച്ച കമ്പനികൾ കാണുന്നുണ്ട്. ജനുവരി ആദ്യവും എസി വില വർധിപ്പിച്ചതാണ്.
ക്രൂഡ് ഓയിൽ വില 65 ഡോളറിനു മുകളിൽ തുടരുന്നു.
ഡോളർ ഇന്നു കരുത്തു കാണിച്ചു. രാവിലെ 34 പൈസ നേട്ടത്തിൽ 72.85 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
സർക്കാർ കടപ്പത്രങ്ങളുടെ വില അൽപം താണു. 10 വർഷ കടപ്പത്രത്തിൻ്റെ നിക്ഷേപനേട്ടം 6.14 ശതമാനത്തിലേക്കു കൂടി.
സ്വർണവില ലോകവിപണിയിൽ 1708 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 33,080 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും താണ നിലയാണ്. ഒന്നാം തീയതിയായിരുന്നു ഏറ്റവും കൂടിയ വില (34,440 രൂപ.) അതിൽ നിന്ന് 1360 രൂപ കുറവാണ് ഇന്ന്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it