Top

വീണ്ടും ഉണർവിൻ്റെ ദിനം

ചെറിയ നേട്ടത്തോടെ തുടങ്ങി. പിന്നീടു നല്ല കയറ്റം. ബുധനാഴ്ച ഇന്ത്യൻ വിപണി ഉണർവിലാണ്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെല്ലാം ഓഹരികൾ താഴാേട്ടാണെങ്കിലും ഇവിടെ തുടക്കം മുതൽ തലേന്നത്തേക്കാൾ ഉയർന്ന നിലയാണ്. സെൻസെക്സ് ഒന്നിലേറെ തവണ 50,000 നു മുകളിൽ കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ 50,100-നു മുകളിൽ സെൻസെക്സ് കാലുറപ്പിച്ചു.

ബാങ്ക് ഓഹരികൾ ഇന്നു തുടക്കം മുതലേ ഉയർച്ച കാണിച്ചു. എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നല്ല നേട്ടമുണ്ടാക്കി.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ പുന:സംഘടനയെപ്പറ്റി ബ്രോക്കറേജുകൾ നല്ല അഭിപ്രായം പ്രകടിപ്പിച്ചത് ഓഹരി വിലയിൽ നേട്ടമുണ്ടാക്കി.
അമേരിക്കയിലെ ടെക്നോളജി കമ്പനികളുടെ സൂചികയായ നാസ്ഡാക് താഴാേട്ടു പോയത് ഐടി ഓഹരികളെ താഴ്ത്തി.
നിഫ്റ്റി 50 സൂചികയിൽ നിന്നു ഗെയിലിനെ മാറ്റി ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സിനെ ചേർക്കും. മാർച്ച് 31-നാണു മാറ്റം നടപ്പിലാക്കുക. ഗെയിലിൻ്റെ വില താഴുകയും ടാറ്റാ കൺസ്യൂമറിൻ്റേത് ഉയരുകയും ചെയ്തു.
ഡോളറിൻ്റെ നിരക്ക് ഇന്നും താണു. 12 പൈസ താണ് 72.33 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്.
ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെൻ്റ് ഇനം 65.01 ഡോളർ വരെ ഇടിഞ്ഞു. പിന്നീട് അൽപം കയറി. അമേരിക്കയിൽ കൂടുതൽ റിഗ്ഗുകളിൽ ഉൽപാദനം പുനരാരംഭിച്ചതാണ് കാരണം.
സ്വർണവില ഔൺസിന് 1810 ഡോളറായി. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,000 രൂപയായി.
ബിറ്റ് കോയിൻ വില വീണ്ടും 50,000 ഡോളർ കടന്നു. നിരോധന ഭീഷണി ഇല്ലെന്ന വിലയിരുത്തലിലാണ് കയറ്റം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it