ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ചാര്‍ട്ടേഡ് സ്പീഡ്

ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്റര്‍സിറ്റി, ഇന്‍ട്രാസിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് സ്ഥാപനമായ ചാര്‍ട്ടേഡ് സ്പീഡ്. 600 കോടി രൂപയാണ് ഈ കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുക. ഐപിഒയിലൂടെ കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിന് പണം സ്വരൂപിക്കാനാണ് ചാര്‍ട്ടേഡ് സപീഡ് ലക്ഷ്യമിടുന്നത്.

നിലവില്‍ 1000 ബസുകളാണ് കമ്പനിയുടെ കീഴില്‍ സര്‍വീസ് നടത്തുന്നത്. ഇവയില്‍ അഞ്ച് ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. അടുത്ത 1-1.5 വര്‍ഷത്തിനുള്ളില്‍ 1000-1200 ബസുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ബിസിനസ് വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, ഇവി ബസുകളുടെ പങ്കാളിത്തം 50 ശതമാനക്കാന്‍ ശ്രമിക്കുന്നതായി ചാര്‍ട്ടേഡ് സ്പീഡ് ഡയറക്ടര്‍ സന്യം ഗാന്ധി പറഞ്ഞു.
കമ്പനിയുടെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, ചാര്‍ട്ടേഡ് സ്പീഡിന് കൂടുതല്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. കൂടാതെ, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പൊതുഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കാനും പകല്‍സമയത്ത് നഗരപരിധിക്കുള്ളില്‍ ഓടാനും അനുമതി നേടിയ ഏക മൊബിലിറ്റി സൊല്യൂഷന്‍ കമ്പനിയും ഇതാണ്. കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 86 ശതമാനം യാത്രക്കാരും റോഡ് വഴിയാണ് യാത്ര ചെയ്യുന്നത്, അതില്‍ 63 ശതമാനം പേരും ബസിലാണ്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 340 കോടി രൂപ വരുമാനമായിരുന്നു കമ്പനി നേടിയത്. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ 2020-21 ല്‍ ഇത് 140 കോടി രൂപയായി കുറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it