പൊറിഞ്ചു വെളിയത്ത് പറയുന്നു: വാല്യുസ്റ്റോക്കുകൾ കണ്ടെത്തൂ, നിക്ഷേപിക്കൂ

ഞാന്‍ പ്രവചിച്ചിരുന്നതുപോലെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതുപോലുള്ള ഒരു ജനവിധി നേടിക്കൊണ്ട് മോദി അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.

ഇന്ത്യയിലെ ദരിദ്രരുടെ ദൈനംദിന ജീവിതത്തില്‍ കാതലായ ഒരു മാറ്റം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ - അവര്‍ക്ക് വേണ്ട ടോയ്ലറ്റുകള്‍, വൈദ്യുതി കണക്ഷന്‍, ഗ്യാസ് കണക്ഷന്‍, വീടുകള്‍ എന്നിവയൊക്കെ നല്‍കി അവരുടെ വിശ്വാസം ആര്‍ജിച്ചു കൊണ്ടു മാധ്യമങ്ങളിലൂടെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രചരിപ്പിച്ച വ്യാജമായ ആഖ്യാനങ്ങളെ മറികടന്നുകൊണ്ടാണ് അദ്ദേഹം ഈ വിജയം നേടിയിട്ടുള്ളത്.

ജനപ്രിയമല്ലാത്തതും കയ്പേറിയതും ദീര്‍ഘവീക്ഷണത്തോട് കൂടിയതുമായ ഘടനാപരമായ പരിഷ്‌ക്കരണ നടപടികള്‍ മധ്യവര്‍ഗത്തിനിടയില്‍ അല്‍പം ആഘാതമുണ്ടാക്കിയിട്ടും ഇത്തരമൊരു അഭൂതപൂര്‍വ്വമായ ജനവിധി നേടാനായത് തീര്‍ച്ചയായും ഇന്ത്യയുടെ വികസനത്തിനും പരിവര്‍ത്തനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരിന് തുടരാനുള്ള അര്‍ഹതയുണ്ടെന്ന് മാത്രമല്ല അതാണ് രാജ്യത്തിന്റെ മികച്ച താല്‍പര്യവും.

പരിഷ്‌കരണ നടപടികള്‍ക്ക് ഊന്നല്‍

ആദ്യവട്ടം തുടങ്ങിവെച്ച പരിഷ്‌ക്കരണ നടപടികള്‍ മോദി പൂര്‍ത്തീകരിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഐ.ബി.സി പോലുള്ള ഒരു സുപ്രധാന പരിഷ്‌ക്കാരം കിട്ടാക്കടത്തിന്റെ റിക്കവറി വളരെയേറെ മെച്ചപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് സഹായകരമായി എങ്കിലും ഇപ്പോഴും കിട്ടാക്കടവുമായി ബന്ധപ്പെട്ട ദൈര്‍ഘ്യം ഏറിയ നിയമയുദ്ധങ്ങള്‍ ഇടപാടുകളില്‍ കാലതാമസം വരുത്തുന്നത് വിദേശ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നിയമയുദ്ധങ്ങള്‍ പോലുള്ള നടപടിക്രമങ്ങളിലെ കാലതാമസവും കോടതികളുമായി ബന്ധപ്പെട്ട പരിഷ്‌ക്കാരങ്ങളുമൊക്കെ ഒരു അടിസ്ഥാന പ്രശ്നമായി നിലനില്‍ക്കുന്നതിനാല്‍ ഉടനെ അവയ്ക്കും സത്വരപരിഹാരം കാണേണ്ടതുണ്ട്.

കേന്ദ്ര ബജറ്റിനെ കൂടുതല്‍ സമഗ്രവും ജനപങ്കാളിത്തമുള്ളതും ആക്കുന്നതിന് വേണ്ടി ചരിത്രത്തിലാദ്യമായി ധനമന്ത്രാലയം ഒരു ക്രൗഡ് സോഴ്സിംഗ് സംവിധാനത്തിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചിരിക്കുകയാണ്.

ഇതു ആദ്യത്തെ ഫുള്‍ടൈം വനിതാ ധനമന്ത്രിയായ നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ നടക്കുന്ന നവീനമായ ഒരു നടപടിയുമാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ സാമ്പത്തിക അന്തരീക്ഷത്തില്‍ സുപ്രധാന ചുമതലകള്‍ മുന്‍പ് നിറവേറ്റിയിട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിക്കുന്ന, അറിവും കഴിവുള്ളൊരു വ്യക്തിയായ അവരുടെ ധനമന്ത്രിയായുള്ള നിയമനം സ്വാഗതാര്‍ഹം ആണ്.

മൊത്തത്തില്‍ ടീം മോദി 2.0 ഒരു വികസിത ഇന്ത്യ എന്ന വീക്ഷണം നിറവേറ്റാന്‍ കഴിവുള്ള സമര്‍ത്ഥരും ശക്തരുമായ ആളുകളുടെ ഒരു സംഘമാണെന്ന് തോന്നുന്നു. വരുന്ന ബജറ്റില്‍ കോര്‍പ്പറേറ്റ് ടാക്സ് കുറക്കുന്നത് ഉള്‍പ്പെടെയുള്ള ബിസിനസ് സൗഹൃദ നടപടികള്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ആര്‍.ബി.ഐ റീപോനിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ചു 5.75 ശതമാനം ആക്കിയതിനും മോണിറ്ററി പോളിസിയില്‍ മാറ്റം വരുത്തിയതിനും ശേഷം കേന്ദ്ര സര്‍ക്കാര്‍ ഫിസ്‌ക്കല്‍ പോളിസി അയവു വരുത്തി വളര്‍ച്ചയെ മുന്നോട്ട് നയിക്കും എന്നു കരുതാം.

സമ്പദ്ഘടന ഇനിയും കുഴപ്പങ്ങളില്‍ നിന്നും മുക്തമല്ല. സമീപകാലം വെല്ലുവിളികള്‍ നിറഞ്ഞതു തന്നെയാണ്. സ്വകാര്യ മൂലധന നിക്ഷേപങ്ങളിലുള്ള ഗണ്യമായ കുറവിനൊപ്പം സ്വകാര്യ ഉപഭോഗ വളര്‍ച്ച മിതമായി തുടരുന്നതും ജിഡിപിയെ സംബന്ധിച്ച് പ്രശ്നം ആണ്.

വളര്‍ച്ചാ പ്രേരകങ്ങള്‍ കാര്യമായി ദുര്‍ബലപ്പെട്ടിരിക്കുന്നത് ഉല്‍പ്പാദന വിടവ് കൂടുതല്‍ വിപുലപ്പെടുത്തുന്നുണ്ട്. ഡിഎച്ച്എഫ്എലും, അതിന്റെ ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളുമാണ് എന്‍ബിഎഫ്‌സി സെക്ടറിലെ പൊട്ടിത്തെറിയുടെ ഏറ്റവും പുതിയ ഇരകള്‍.

സമ്പദ്‌വ്യവസ്ഥയിലെ ഭാഗീകമായ തകര്‍ച്ച യഥാര്‍ത്ഥമാണ്. ഗ്രാമീണ മേഖലയില്‍ വൈഷമ്യങ്ങളുണ്ട്. ഇത്രയും വലിയ ജനസംഖ്യയ്ക്കു ജോലികള്‍ കണ്ടെത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. വളരെ കുറഞ്ഞ തൊഴിലവസരങ്ങളുള്ള ഡിസ്‌റപ്റ്റീവായ ഒരു കാലഘട്ടത്തില്‍ തൊഴിലില്ലായ്മ ഘടനാപരമായ ഒരു പ്രശ്‌നം ആയി തുടരും.

പ്രതിവര്‍ഷം ഇന്ത്യ 20 ദശലക്ഷം ജനങ്ങളെ ജനസംഖ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ നിരക്കില്‍ നമ്മള്‍ ഇനിയും വളരുകയാണെങ്കില്‍ തൊഴിലില്ലായ്മയുടെ ലിസ്റ്റിലേക്ക് 15 ദശലക്ഷം ജനങ്ങളെ വീതം ഓരോ വര്‍ഷവും നമ്മള്‍ കൂട്ടിചേര്‍ത്തുകൊണ്ടിരിക്കും.

അടിയന്തരമായി നമ്മുടെ ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു, വൈകാരികവും മതപരവും ആയ കാരണങ്ങളെ മറികടന്ന് കര്‍ശനമായ കുടുംബാസൂത്രണ നയം നടപ്പിലാക്കാന്‍ സമയമായിരിക്കുന്നു.

ബാങ്കിംഗ്, എന്‍ബിഎഫ്‌സി, റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ തളര്‍ച്ചയിലായിട്ടുള്ള ഏതു മേഖല എടുത്താലും പ്രയോഗികമല്ലാത്ത ബിസിനസ് മോഡലുകളുമായി തട്ടിമുട്ടി മുന്നോട്ടുപോയിരുന്ന എല്ലാവരും പുറത്താകുകയാണ്, അതേസമയം ശക്തമായ കാര്യക്ഷമമായ കളിക്കാര്‍ കൂടുതല്‍ ശക്തമാവുന്നുമുണ്ട്.

ഇതു സ്വതന്ത്ര കമ്പോള മുതലാളിത്തം പ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷണം ആണ്. ഇപ്പോള്‍ അതിജീവിക്കുന്നവര്‍/ സ്വയം മാറ്റം വരുത്തുന്നവര്‍ കാലക്രമേണ അവരുടെ മേഖലയില്‍ വമ്പന്മാര്‍ ആയി തീരും.

ഇത്തരം കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കാനുള്ള ശരിയായ അവസരമാണിത്. ഓഹരിയിലേക്കുള്ള ഒഴുക്ക്, പ്രത്യേകിച്ചും ഇടിഎഫിലേക്കുള്ളത് 5-10 ബ്ലൂചിപ് ഓഹരികളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ്. ഇത് എന്നേക്കും ഇങ്ങനെ മുന്നോട്ടു പോകില്ല. എല്ലാ മേഖലയിലും വാല്യുസ്റ്റോക്ക്സ് ഉണ്ട്. ഏറ്റവും കുറഞ്ഞത് അടുത്ത രണ്ട് മൂന്നു വര്‍ഷത്തേക്കെങ്കിലും വിശാലവിപണികളില്‍ വളരെയധികം ശ്രദ്ധേയമായ അപ് സൈക്കിള്‍ നമുക്ക് കാണാനാകും എന്നു ഞാന്‍ കരുതുന്നു.

സുരക്ഷിത സങ്കേതങ്ങള്‍ തേടാം

സമ്പദ്‌വ്യവസ്ഥയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും നിഫ്റ്റിയും സെന്‍സെക്‌സും ഇതുവരെ ശക്തമായി നിലനിന്നിരുന്നു. പുതിയ ഉയരങ്ങള്‍ക്കു ശേഷം സെന്‍സെക്‌സിലും നിഫ്റ്റിയിലും വമ്പന്‍ മുന്നേറ്റം ഒന്നും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

കുറച്ചു കാലത്തേക്കെങ്കിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഈ ലെവലില്‍ കണ്‍സോളിഡേറ്റ് ചെയ്‌തേക്കാം, ആ സമയത്ത് വന്‍ തോതിലൊരു മുന്നേറ്റം വിശാലവിപണിയില്‍ മൊത്തത്തിലുണ്ടാകാം. നിക്ഷേപകര്‍ ഇതു വരെ അവഗണിച്ചിരുന്ന സ്‌മോള്‍, മിഡ് കാപ് ഓഹരികളില്‍ ഇനി ശ്രദ്ധിക്കണം, നിങ്ങള്‍ക്ക് മൂല്യമുണ്ടെന്നു തോന്നുന്ന പരിഗണന അര്‍ഹിക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുക.

വന്‍ തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബിജെപി പ്രകടന പത്രികയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവരത് നടപ്പാക്കാന്‍ പോവുകയാണ്.

പ്രത്യേകിച്ച് ജലവിതരണ, ഹൗസിംഗ് മേഖലകളായിരിക്കും നിക്ഷേപകര്‍ക്ക് സാധ്യതകള്‍ തുറന്നു നല്‍കുക. റേറ്റിംഗ് ഏജന്‍സികളെയും ഇന്‍ഷുറന്‍സ് മേഖലയെയും സാമ്പത്തിക മേഖലയിലെ സുരക്ഷിതമായ സങ്കേതങ്ങളായി കാണാം.

ബാങ്കുകള്‍ കിട്ടാക്കട പ്രശ്‌നം സ്ഥിരമായി നേരിടുന്നതിനാല്‍ ധനകാര്യ മേഖല തിരിച്ചുവരുമ്പോള്‍ നിക്ഷേപത്തിനു ഈ വിഭാഗങ്ങളായിരിക്കും മികച്ചത്.

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it