നിക്ഷേപകരെ കൊതിപ്പിച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി; ഡിസംബറില്‍ സെന്‍സെക്‌സ് 61000 തൊട്ടേക്കുമെന്ന് പ്രവചനം

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 2021 ഡിസംബറോടെ ഓഹരിവിപണി 55000 പോയിന്റിലെത്തുമെന്ന് പ്രമുഖ രാജ്യാന്തര നിക്ഷേപ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി. കോവിഡ് പ്രതിസന്ധി നീങ്ങിയാല്‍ ഇത് 61000 തൊട്ടേക്കാമെന്നും ഇവര്‍ പ്രവചിക്കുന്നു.
കോവിഡ് പ്രതിസന്ധിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ വിപണി 2021 ഫെബ്രുവരിയില്‍ 52,516 എന്ന റെക്കോഡിനെ മറികടന്നിരുന്നു. കഴിഞ്ഞ ദിവസവും സൂചിക 50000 തൊട്ടിരുന്നു (ഇന്ന് 49,903). ഓഹരിവിപണി ഇപ്പോഴത്തെ നിലയില്‍ നിന്ന് പത്ത് ശതമാനം ഉയര്‍ച്ചയാണ് ബാങ്ക് കണക്കു കൂട്ടുന്നത്.
കോവിഡ് തിരിച്ചടിയില്‍ വീണ്ടും പ്രതിസന്ധിയിലാഴ്ന്ന ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഒരു സ്ട്രാറ്റജിക് നോട്ടിലൂടെ പുറത്തുവിട്ടത്. കോവിഡ് പ്രതിസന്ധി മാറി ഇന്ത്യന്‍ ആഭ്യന്തര മാര്‍ക്കറ്റ് കരുത്താര്‍ജ്ജിച്ചാല്‍ 30 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുകയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.
കോവിഡ് നഷ്ടങ്ങള്‍ രേഖപ്പെടുത്തിയ ഇന്ത്യന്‍ വിപണിക്ക് ഏറെ ആശ്വാസമാണ് ഈ വിലയിരുത്തല്‍. 'ധാരാളം ആല്‍ഫാ ഓപ്പോര്‍ച്യുനിറ്റികളുള്ള ഒരു സ്റ്റോക്ക് പിക്കേഴ്‌സ് മാര്‍ക്കറ്റാണ് ഇന്ത്യ. നിലവിലുള്ള ഏകീകരണം എച്ച് 2 2021 ലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തിയെന്നത് എമര്‍ജിംഗ് മാര്‍ക്കറ്റിനെ (ഇഎമ്മുകള്‍)നേരിടാന്‍ ഇന്ത്യയെ സഹായിക്കും'' മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ ഇന്ത്യ റിസര്‍ച്ച് ഹെഡ് ആന്‍ഡ് ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് റിധാം ദേശായി, ഷീല രതി, നയന്ത് പരേഖ് എന്നിവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.