പണനയത്തിൽ കണ്ണ്; പ്രതീക്ഷയോടെ വിപണി; ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു; സ്വർണം കയറുന്നു

റിസർവ് ബാങ്കിൻ്റെ പണനയം കാത്താണ് ഇന്ത്യൻ വിപണി ഇന്നു വ്യാപാരം തുടങ്ങുക. ഇതു വരെയുള്ള സൂചനകൾ വിപണിയുടെ പ്രതീക്ഷകൾക്ക് ഒത്തു പോകുന്ന ഒരു നയം പ്രതീക്ഷിക്കാം എന്നാണ്. ആ വിശ്വാസത്തോടെയാണ് ഇന്നു വിപണി തുടങ്ങുക. പത്തു മണി കഴിയുമ്പോൾ പണനയം പ്രഖ്യാപിക്കും.

ആഗോള സൂചനകളും നല്ല തുടക്കത്തിനു സഹായകമാണ്. യുഎസ് ഓഹരി സൂചികകളിൽ ഡൗ ജോൺസും എസ് ആൻഡ് പിയും അൽപം കുറഞ്ഞാണു ക്ലാേസ് ചെയ്തത്. എന്നാൽ പിന്നീടു ഫ്യൂച്ചേഴ്സ് വിപണിയിൽ സൂചികകൾ നല്ല നേട്ടം കാണിച്ചു. ഇന്നു യുഎസിലെ കാർഷികേതര തൊഴിലുകളുടെ എണ്ണം ജൂലൈയിൽ എത്ര കണ്ടു വർധിച്ചു എന്ന കണക്കു വരും. മൂന്നു ലക്ഷത്തിലധികം തൊഴിൽ വർധിക്കുകയും വേതനം കൂടുകയും ചെയ്താൽ വിപണി താഴും. കാരണം പലിശ ഉയർന്ന താേതിൽ കൂട്ടാൻ അതു ഫെഡിനു സഹായമാകും. മറിച്ച് പുതിയ തൊഴിൽ കുറവായാൽ പലിശ വർധന സാവധാനമാകും; ഓഹരി വില ഉയരും.

യുഎസ് വിപണി താഴ്ചയിലായെങ്കിലും ജപ്പാനിലും മറ്റും വിപണികൾ നേട്ടത്തിലായി. ഹോങ് കോങ് സൂചിക താഴ്ച കാണിച്ചപ്പോൾ ചൈനയിലെ ഷാങ്ഹായ് സൂചിക ചെറിയ തോതിൽ ഉയർന്നു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി രാവിലെ 17,458 ലെത്തി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

ആറു ദിവസം തുടർച്ചയായി ഉയർന്ന ഇന്ത്യൻ സൂചികകൾ ഇന്നലെ വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ഇന്നു വരാനിരിക്കുന്ന റിസർവ് ബാങ്ക് പണനയത്തെപ്പറ്റിയുള്ള ആശങ്കയും രാജ്യാന്തര സംഘർഷങ്ങളുമാണു കാരണം. റിസർവ് ബാങ്ക് മിതമായ തോതിലേ നിരക്കു കൂട്ടൂ എന്നാണു പൊതുവേ കരുതുന്നത്. പക്ഷേ മറിച്ചു സംഭവിച്ചാലോ എന്നു ചിലർ ഭയപ്പെടുന്നു. തായ് വാനിലെ ചൈനീസ് സൈനികാഭ്യാസവും മിസൈൽ പരീക്ഷണവും ചെറുതല്ലാത്ത ആശങ്ക ജനിപ്പിച്ചിരുന്നു താനും.

സെൻസെക്സ് ആയിരത്തിലേറെ പോയിൻ്റ് ചാഞ്ചാടിയിട്ട് 51.73 പോയിൻ്റ് (0.09%) താണ് 58,298.8-ലും നിഫ്റ്റി 6.15 പോയിന്റ് (0.04%) താണ് 17,382-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.58 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.36 ശതമാനം താഴോട്ടു പോയി.

ഫാർമ (2.37%), ഹെൽത്ത് കെയർ (2.36%), ഐടി (1.24%), മെറ്റൽ (1.21%), കൺസ്യൂമർ ഡ്യുറബിൾസ് (0.63%), എഫ്എംസിജി (0.48%), ഓട്ടോ (0.2%) എന്നീ മേഖലകൾ ഇന്നലെ നേട്ടമുണ്ടാക്കി. റിയൽറ്റിയും പിഎസ്‌യു ബാങ്കുകളും കാര്യമായി താഴോട്ടു പോയി.

വിദേശനിക്ഷേപകർ ഇന്നലെയും കാര്യമായി ഓഹരികൾ വാങ്ങി. 1474.77 കോടി രൂപയാണ് അവർ ഇന്നലെ ക്യാഷ് വിപണിയിൽ ഓഹരികൾക്കായി മുടക്കിയത്. സ്വദേശി ഫണ്ടുകൾ 46.79 കോടി രൂപയുടെ വിൽപനക്കാരായി.

വിപണി അനിശ്ചിതത്വമാണു പ്രകടമാക്കുന്നത്. അതു മാറണമെങ്കിൽ പലിശനിരക്കുകളുടെ ഗതി (ഇന്ത്യയിലും വിദേശത്തും) വ്യക്തമാകണം. അതുവരെ ചാഞ്ചാട്ടങ്ങൾ തുടരും.

നിഫ്റ്റിക്ക് 17,415 ലെ തടസം വിജയകരമായി മറികടക്കാൻ കഴിയുന്നില്ല എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതു മറികടന്നാൽ 17,670- 17,780 വഴി 18,000 ലേക്ക് നിഫ്റ്റിക്കു മുന്നേറാമായിരുന്നു. മുകളിലോട്ടു നീങ്ങാതെ 17,150-നു താഴെ നിഫ്റ്റി എത്തിയാൽ ആ താഴ്ച 17,000 വഴി 16,750 - നടുത്തേക്ക് എത്തും എന്നാണു വിദഗ്ധർ പറയുന്നത്.

ഇന്നു നിഫ്റ്റിക്ക് 17,200-ലും 17,020 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 17,530 ഉം 17,675-ഉം തടസങ്ങളാകും.

ക്രൂഡ് വീണ്ടും താഴാേട്ട്

ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ വിധത്തിലാണ് വില നീങ്ങുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 94.2 ഡോളർ വരെ താണു. ഇന്നു രാവിലെ വീണ്ടും കുറഞ്ഞ് 93.9 ഡോളർ ആയി. ഇനിയും ഡിമാൻഡ് കുറയുമെന്നും അതു വില താഴ്ത്തുമെന്നുമാണു വിലയിരുത്തൽ. ഒപെക് യോഗം പ്രതിദിനം ഒരു ലക്ഷം വീപ്പ വീതം ഉൽപാദനം വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതു വിപണിയിൽ കാര്യമായ മാറ്റം ഉണ്ടാക്കുകയില്ല. ഇതിനിടെ സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിൽ വില വീണ്ടും ഉയർത്തി.

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. ചെമ്പ്, ഈയം, ഇരുമ്പയിര് തുടങ്ങിയവ താഴ്ന്നപ്പോൾ മറ്റു ലോഹങ്ങൾ ഉയർന്നു. ചെമ്പ് 7650-നു താഴെ എത്തിയപ്പോൾ ഈയം 2000 ഡോളറിനെ സമീപിച്ചു. അലൂമിനിയം 2400 ഡോളറിനു മുകളിൽ കയറി. വിപണിയിൽ ചാഞ്ചാട്ടം തുടരുമെന്നാണു വിലയിരുത്തൽ.

സ്വർണം നേട്ടത്തിലായി. മാന്ദ്യം വന്നാലും സംഘർഷം വർധിച്ചാലും സുരക്ഷിത നിക്ഷേപം എന്നതു കണക്കിലെടുത്താണ് ഉയർച്ച. ഡിസംബർ അവധി വില 1810 ഡോളറിനു മുകളിലെത്തി. റെഡി വ്യാപാരത്തിൽ സ്വർണം ഔൺസിന് 1795.8 ഡോളർ വരെ കയറിയിട്ടു താഴ്ന്നു. ഇന്നു രാവിലെ 1790-1792 ഡോളറിലാണു സ്വർണ വ്യാപാരം.

കേരളത്തിൽ ഇന്നലെ പവന് രണ്ടു തവണയായി 480 രൂപ വർധിച്ച് 38,200 രൂപയിൽ എത്തിയിരുന്നു.

രൂപ വീണ്ടും ദുർബലമായി. ഒരവസരത്തിൽ 79.85 രൂപ വരെ കയറിയ ഡോളർ പിന്നീട് 79.4 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്ന് അൽപം താണിട്ടുണ്ടെങ്കിലും രൂപയ്ക്ക് അതു കൊണ്ടു നേട്ടം ഉണ്ടാകണമെന്നില്ല.

റീപോ നിരക്ക് എത്ര കൂട്ടും? വിപണി ചോദിക്കുന്നു

ഇന്നത്തെ പണനയത്തെ ആശ്രയിച്ചിരിക്കുന്നു വിപണിഗതി. ഇന്ന് നിരക്ക് എത്ര കൂട്ടും എന്നതിനേക്കാൾ ഇനി എത്ര കൂട്ടും എന്നാണു വിപണിക്ക് അറിയേണ്ടത്. അതു സംബന്ധിച്ചു പണനയ കമ്മിറ്റിയുടെ പ്രസ്താവനയിലോ ഗവർണർ ശക്തികാന്ത ദാസിൻ്റെ വിശദീകരണത്തിലോ എന്താണു പറയുന്നതെന്നു വിപണി പരിശോധിക്കും.

ഇപ്പോൾ 4.9 ശതമാനത്തിലാണു റിസർവ് ബാങ്കിന്റെ റീപോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാർ കടപ്പത്രങ്ങൾ റിസർവ് ബാങ്കിൽ ഏൽപ്പിച്ച് എടുക്കാവുന്ന ഹ്രസ്വകാല (സാധാരണ ഏകദിന) വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ബാങ്ക് മേഖലയിൽ വായ്പ കൊടുക്കാനാവാതെ ധാരാളം പണം മിച്ചം നിൽക്കുകയാണെങ്കിൽ അവകൾ തമ്മിലുള്ള ഹ്രസ്വകാല (ഏകദിന) കോൾ മണി ഇടപാടിലെ പലിശ റീപോയിലും കുറവാകും. മറിച്ചായാൽ കൂടുതലും. റീപോയിൽ മാറ്റം വരുത്തുമ്പോൾ കോൾ മണി അടക്കം വിപണിയിലെ എല്ലായിനം പണമിടപാടുകളിലെയും പലിശ നിരക്ക് മാറും. അതു കൊണ്ടാണു റീപോ താക്കോൽ നിരക്കാണ് എന്നു പറയുന്നത്.

കോവിഡ് പ്രമാണിച്ച് ലോക്ഡൗൺ പ്രഖ്യാപിക്കും മുമ്പ് 5.15 ശതമാനമായിരുന്നു റീപോ നിരക്ക്. ഇന്ന് ആ നിരക്കിലേക്കു വർധന ചുരുക്കുമോ അതോ അതിനപ്പുറത്തേക്കു നിരക്ക് കൂട്ടുമോ എന്നതു ഗൗരവപൂർവം ശ്രദ്ധിക്കപ്പെടും. കൂടിയ നിരക്കിലേക്കു പോകുന്നു എങ്കിൽ പലിശവർധന തുടരും എന്നാകും വിപണി കണക്കാക്കുക. അത് ഓഹരികൾ താഴാൻ കാരണമായേക്കും. മറിച്ച് ഇനി അത്യാവശ്യമെങ്കിൽ ചെറിയ ക്രമീകരണമേ പലിശയിൽ വേണ്ടി വരൂ എന്നു റിസർവ് ബാങ്ക് സൂചിപ്പിച്ചാൽ വിപണി ആവേശം കാണിക്കും.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ കൂട്ടി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കൂട്ടി 1.75 ശതമാനം ആക്കി. 2008-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായി ബ്രിട്ടനിലെ കുറഞ്ഞ പലിശ നിരക്ക്. ജൂണിൽ ബ്രിട്ടനിലെ ചില്ലറ വിലക്കയറ്റം 9.4 ശതമാനം വർധിച്ചിരുന്നു. ഇത് ഒക്ടോബറോടെ 13.3 ശതമാനമാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ നിഗമനം.

കഴിഞ്ഞ ഡിസംബർ മുതൽ ആറു തവണ ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ വർധന 1995-നു ശേഷമുള്ള ഏറ്റവും കൂടിയ വർധനയാണ്.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള പലിശ വർധന മാന്ദ്യത്തിലേക്കു നയിക്കും എന്നതിൽ ബാങ്കിനു സംശയമില്ല. ഈ വർഷം ഒക്ടോബർ - ഡിസംബർ പാദത്തിൽ ജിഡിപി ചുരുങ്ങുമെന്നും 2023 മുഴുവനും മാന്ദ്യം തുടരുമെന്നുമാണ് ബാങ്ക് വിലയിരുത്തുന്നത്. 2008 നു ശേഷമുള്ള ഏറ്റവും നീണ്ട മാന്ദ്യമാകും ഇത്.

T C Mathew
T C Mathew  
Next Story
Share it