വീണ്ടും അനിശ്ചിതത്വം; ജിഡിപി കണക്ക് വൈകുന്നേരം; വളർച്ച കുറയുമെന്ന് നിഗമനം; വിദേശികൾ വീണ്ടും വിൽപനയിൽ
വിപണി അനിശ്ചിതത്വത്തിലാണ്. ഉയരാൻ തക്ക പ്രേരകങ്ങൾ കാണുന്നില്ല. ഏഷ്യൻ വിപണികൾ രാവിലെ ഇടിവിലാണ്. വിദേശ നിക്ഷേപകർ വീണ്ടും വലിയ വിൽപനക്കാരായതു വിപണിയെ നിരാശപ്പെടുത്തുന്നു. ഇനിയും താഴ്ന്നാൽ തിരുത്തൽ മേഖലയിലേക്കു വീഴും എന്ന് ആശങ്കയുണ്ട്.
ഇന്നു രണ്ടാം പാദ ജിഡിപി കണക്ക് ഇന്നു വൈകുന്നേരം വരുമ്പോൾ വളർച്ച 6.5 ശതമാനത്തിലേക്കു താഴ്ന്നതായി കാണിക്കും എന്നാണു നിഗമനം. ഒന്നാം പാദത്തിൽ 6.7 ശതമാനമായിരുന്നു വളർച്ച. ഈ വർഷം ഏഴു ശതമാനത്തിനു മുകളിൽ പ്രതീക്ഷിച്ച വളർച്ച സാധ്യമാകില്ല എന്ന ആശങ്കയ്ക്ക് ഇതു കാരണമാകും.
വിദേശ വിപണി
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,149 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,130 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യുഎസ് വിപണി വ്യാഴാഴ്ച അവധി ആയിരുന്നു. ഇന്നു വ്യാപാരം നേരത്തേ അവസാനിപ്പിക്കും.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ 0.26 ഉം എസ് ആൻഡ് പി 0.24 ഉം നാസ്ഡാക് 0.34 ഉം ശതമാനം കയറി നിൽക്കുന്നു.
നിക്ഷേപനേട്ടം 4.252 ശതമാനം മാത്രം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വിലകയറി. സാവധാനമേ പലിശ കുറയ്ക്കൂ എന്ന സൂചനയാണു കാരണം.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. അവീവയുടെ ഏറ്റെടുക്കൽ ഓഫർ തള്ളിക്കളഞ്ഞ ബ്രിട്ടീഷ് ഇൻഷ്വറൻസ് കമ്പനി ഡിറക്ട്‌ലൈൻ 41 ശതമാനം കുതിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജപ്പാനിൽ നിക്കൈ അര ശതമാനം ഇടിഞ്ഞു. കൊറിയൻ സൂചിക 1.75 ശതമാനം താണു. ഓസ്ട്രേലിയൻ സൂചിക അര ശതമാനം താഴ്ന്നു. ചൈന ഉയർന്നു വ്യാപാരം ആരംഭിച്ചു.
ഇന്ത്യൻ വിപണി
അദാനി പ്രഭാവം നിരാകരിച്ച് വ്യാഴാഴ്ച ഇന്ത്യൻ വിപണി കുത്തനേ ഇടിഞ്ഞു. നേട്ടത്തിൽ വ്യാപാരം തുടങ്ങി കുറേകൂടി ഉയർന്ന ശേഷമാണു വിപണിയുടെ ഗതിമാറിയത്. ഒന്നര ശതമാനം ഇടിവിനെ തുടർന്ന് സെൻസെക്സ് 80,000 നും നിഫ്റ്റി 24,000 നും താഴെയായി.
മൂന്നു ദിവസം വാങ്ങലുകരായിരുന്ന വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപനയ്ക്ക് ഇറങ്ങിയതാണു താഴ്ചയ്ക്കു കാരണം. വിദേശികൾ ഇന്നലെ 11,756.25 കോടി രൂപയുടെ അറ്റവിൽപന നടത്തി. കഴിഞ്ഞ ഒക്ടോബർ മൂന്നിനു ശേഷമുള്ള ഏറ്റവും വലിയ വിൽപന. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 8718.30 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2127 ഓഹരികൾ ഉയർന്നപ്പോൾ 1815 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1547 എണ്ണം ഉയർന്നു, താഴ്ന്നത് 1249 എണ്ണം.
നിഫ്റ്റി 360.75 പോയിൻ്റ് (1.49%) ഇടിഞ്ഞ് 23,914.15 ൽ അവസാനിച്ചു. സെൻസെക്സ് 1190.34 പോയിൻ്റ് (1.48%) നഷ്ടത്തോടെ 79,043.74 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.76 ശതമാനം (394.95 പോയിൻ്റ്) താഴ്ന്ന് 51,906.85 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.05 ശതമാനം കൂടി 56,300.75 ലും സ്മോൾ ക്യാപ് സൂചിക 0.05 ശതമാനം ഉയർന്ന് 18,511.55 ലും ക്ലോസ് ചെയ്തു.
ഐടി മേഖലയാണ് ഇന്നലെ ഏറ്റവും കൂടുതൽ താഴ്ന്നത്. നിഫ്റ്റി ഐടി സൂചിക 2.39 ശതമാനം ഇടിഞ്ഞു. ഓട്ടോ, കൺസ്യൂമർ ഡ്യുറബിൾസ്, സ്വകാര്യ ബാങ്കുകൾ, ധനകാര്യ, ഹെൽത്ത് കെയർ, എഫ്എംസിജി തുടങ്ങിയവയും താഴ്ന്നു. പൊതുമേഖലാ ബാങ്കുകൾ ഒരു ശതമാനത്തോളം ഉയർന്നു.
ബാങ്കുകൾ വഴി ലൈഫ് ഇൻഷ്വറൻസ് വിൽപനയ്ക്കു പരിധി വരുമെന്ന റിപ്പോർട്ട് ബാങ്കുകളുടെ ലൈഫ് ഇൻഷ്വറൻസ് കമ്പനികളുടെ ഓഹരികളെ ഇടിച്ചു. റിപ്പോർട്ട് പിന്നീട് നിഷേധിക്കപ്പെട്ടു.
വിപണി താഴ്ച തുടരും എന്നു തന്നെയാണു ചാർട്ടിസ്റ്റുകൾ പറയുന്നത്. നിഫ്റ്റി 24,100-24,350 സമാഹരണ മേഖലയിൽ നിന്ന് താഴോട്ടു വീണു. ഉയരുന്ന പക്ഷം 24,100 - 24,200 വലിയ തടസമാകും. താഴെ 23,750 - 23,600 ലാണു പിന്തുണ ഉറപ്പാക്കാവുന്നത്. നിഫ്റ്റിക്ക് ഇന്ന് 23,865 ലും 24,750 ലും പിന്തുണ കിട്ടാം. 24,220 ഉം 24,335 ഉം തടസങ്ങൾ ആകാം.
ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 0.77 ശതമാനം താണ് 211.24 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 2.73 ഉം സിഎസ്ബി ബാങ്ക് 0.40 ഉം ധനലക്ഷ്മി ബാങ്ക് 2.45 ഉം ശതമാനം ഉയർന്നു.
കൊച്ചിൻ ഷിപ്പ് യാർഡ് നാലാം ദിവസമായ ഇന്നലെയും അഞ്ചു ശതമാനം കയറി 1579.25 രൂപയിൽ എത്തി.
ഭാരത് ഡൈനാമിക്സ് ഇന്നലെ 4.77 ശതമാനം ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, , ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് എന്നീ പ്രതിരോധ ഓഹരികൾ ഇന്നലെ താഴ്ന്നു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്നലെയും 4.36 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപസ്ഥാപനങ്ങളായ ബ്ലായ്ക്ക് സ്റ്റോണും ടിപിജിയും കൂടി ഉടമസ്ഥത വഹിക്കുന്ന കെയർ ഹോസ്പിറ്റൽ ശൃംഖലയിൽ ഗണ്യമായ ഓഹരി എടുക്കാൻ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഒരുങ്ങുന്നതായി മാധ്യമ റിപ്പോർട്ട്. 5000 ബെഡുകൾ ഉണ്ട് കെയർ ശൃംഖലയിൽ. ഹൈദരാബാദ് ആണ് ആസ്ഥാനം. ആസ്റ്റർ ശൃംഖലയിലും 5000 ബെഡ് ഉണ്ട്. ആസ്റ്റർ ഓഹരി ഇന്നലെ 3.36 ശതമാനം കയറി.
അദാനി ഗ്രൂപ്പ് കുതിച്ചു
വിവാദത്തിലായ അദാനി ഗ്രീൻ എനർജി ഓഹരി ഇന്നലെയും 10 ശതമാനം ഉയർന്നു. അദാനി എനർജി 10 ഉം ടോട്ടൽ 15 ഉം അദാനി എൻ്റർപ്രൈസസ് 1.5 ഉം ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
അദാനി ഗ്രൂപ്പിൻ്റെ രക്ഷകരായ ജിക്യുജി പാർട്നേഴ്സ് ഓഹരി ഇന്നു രാവിലെ ഉയർന്ന ശേഷം താഴ്ചയിലായി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇതിൻ്റെ വ്യാപാരം
സ്വർണം ഉയരുന്നു
സ്വർണവില ഇന്നലെ കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. ഔൺസിന് 1.30 ഡോളർ കയറിയ സ്വർണം ക്ലോസ് ചെയ്തത് 2637.90 ഡോളറിൽ. ഇന്നു രാവിലെ 2645 ഡോളറിലേക്കു കയറി.
കേരളത്തിൽ വ്യാഴാഴ്ച സ്വർണവില പവന് 120 രൂപ കുറഞ്ഞ് 56,720 രൂപയായി.
വെള്ളിവില ഔൺസിന് 30.18 ഡോളറിലേക്ക് ഉയർന്നു.
കറൻസി വിപണിയിൽ ഡോളർ താഴുകയാണ്. ഡോളർ സൂചിക 106.05 ൽ
ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.87 ആയി.
ഡോളർ സമ്മർദം രൂപയെ വീണ്ടും താഴ്ത്തി. വ്യാപാരത്തിനിടെ 84.52 രൂപ എന്ന റെക്കോർഡ് വരെ കയറിയ ഡോളർ ക്ലോസ് ചെയ്തത് നാലു പൈസ നേട്ടത്തോടെ 84.49 രൂപയിൽ. റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടു.
ക്രൂഡ് ഓയിൽ വില നാമമാത്രമായി കൂടി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 0.35 ഡോളർ കയറി 73.28 ഡോളറിൽ ക്ലാേസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 68. കൂ ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.75 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ ചാഞ്ചാടുന്നു
ക്രിപ്റ്റോ കറൻസികൾ വീണ്ടും ചാഞ്ചാട്ടത്തിലായി. ഇന്നലെ രാവിലെ 96,500 നടുത്ത് എത്തിയ ബിറ്റ് കോയിൻ ഇന്നു രാവിലെ 96,000 നു താഴെയാണ്. 3677.75 ഡോളർ വരെ എത്തിയ ഈഥർ ഇന്ന് 3600 നു താഴെയാണ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിലായി. ചെമ്പ് 0.57 ശതമാനം താഴ്ന്നു ടണ്ണിന് 8850.40 ഡോളറിൽ എത്തി. അലൂമിനിയം 0.13 ശതമാനം കയറി ടണ്ണിന് 2599.15 ഡോളർ ആയി. സിങ്ക് 2.01 ഉം ടിൻ 2.74 ഉം ശതമാനം താഴ്ന്നു. ലെഡ് 1.09 ഉം നിക്കൽ 1.06 ഉം ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 നവംബർ 28, വ്യാഴം)
സെൻസെക്സ് 30 79,043.74 -1.48%
നിഫ്റ്റി50 23,914.15 -1.49%
ബാങ്ക് നിഫ്റ്റി 51,906.85 -0.76%
മിഡ് ക്യാപ് 100 56,300.75 +0.05%
സ്മോൾ ക്യാപ് 100 18,511.55 +0.05%
ഡൗ ജോൺസ് 44,722.06 --
എസ് ആൻഡ് പി 5998.74 --
നാസ്ഡാക് 19,060.48 --
ഡോളർ($) ₹84.49 +₹0.04
ഡോളർ സൂചിക 106.05 -0.03
സ്വർണം (ഔൺസ്) $2637.90 +$01.30
സ്വർണം(പവൻ) ₹56,720 -₹120
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.28 -$00.35