ആവേശത്തിൽ ബുള്ളുകൾ; വിദേശസൂചനകൾ പോസിറ്റീവ് ; സ്വര്‍ണ വില ചാഞ്ചാടുന്നു
ദിവസങ്ങൾക്കു ശേഷം ബുള്ളുകൾ ആവേശം വീണ്ടെടുത്ത തിങ്കളാഴ്ച ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ അവസാനിച്ചു. വലിയ വിൽപന സമ്മർദം ഉണ്ടായിട്ടും ഗണ്യമായ നേട്ടം സാധിച്ചു. ഇന്നും കയറ്റം തുടരാം എന്ന പ്രതീക്ഷയിലാണു ബുള്ളുകൾ. ഈ പുൾ ബായ്ക്ക് റാലി തുടരണമെങ്കിൽ നിഫ്റ്റി 24,500 കടക്കണം എന്നാണു വിലയിരുത്തൽ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,415 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,425ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഉയർന്നു. ചൈനീസ് ഡിമാൻഡ് ഗണ്യമായി കുറയുമെന്നു മുന്നറിയിപ്പ് നൽകിയ ഡച്ച് മെഡിക്കൽ ഉപകരണ കമ്പനി ഫിലിപ്സ് 17 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി ഇന്നലെ ഗണ്യമായി ഉയർന്നു. പശ്ചിമേഷ്യയിൽ സംഘർഷം അയയുന്നതും ക്രൂഡ് ഓയിൽ വില താഴ്ന്നതും വിപണിയെ സഹായിച്ചു.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 273.17 പോയിൻ്റ് (0.65%) കയറി 42,387.57 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 15.40 പോയിൻ്റ് (0.27%) ഉയർന്ന് 5823.52-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 48.58 പോയിൻ്റ് (0.26%) നേട്ടത്തോടെ 18,567.19 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ മാറ്റം കാണിക്കുന്നു. ഡൗ 0.05 ഉം എസ് ആൻഡ് പി 0.08 ഉം ഉയർന്നു. നാസ്ഡാക് 0.07 ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.282 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക താഴ്ന്നു വ്യാപാരം തുടങ്ങി. ഓസ്ട്രേലിയൻ വിപണി ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷം മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ അഞ്ചു ദിവസത്തെ ഇടിവിനു ശേഷമാണ് വിപണി ഉയർന്നു സമാപിക്കുന്നത്. സെൻസെക്സ് 80,539.81 വരെയും നിഫ്റ്റി 24,492.60 വരെയും ഉയർന്ന ശേഷം ഗണ്യമായി താഴ്ന്ന് അവസാനിച്ചെങ്കിലും വിപണി കുറേ ദിവസങ്ങൾക്കു ശേഷം ഉയർന്നു സമാപിക്കുന്നതിൻ്റെ ആവേശം പ്രകടമായി. സെൻസെക്സ് 80,000 നു മുകളിൽ ക്ലോസ് ചെയ്തതും നിക്ഷേപകരെ ആഹ്ലാദിപ്പിച്ചു.
എല്ലാ വ്യവസായ മേഖലകളും ഇന്നലെ നേട്ടത്തിലായി. കുറേ നാളായി ഇടിവിലായിരുന്ന പൊതുമേഖലാ ബാങ്ക് ഓഹരികളുടെ സൂചിക ഇന്നലെ 3.78 ശതമാനം കയറി. ഇന്ത്യൻ ബാങ്ക് 10.72 ഉം കനറാ ബാങ്ക് 7.49 ഉം സെൻട്രൽ ബാങ്ക് 4.34 ഉം ശതമാനം ഉയർന്നു. സ്വകാര്യ ബാങ്കുകൾ പലതും താഴ്ന്നെങ്കിലും ബന്ധൻ ബാങ്ക് 9.6 ശതമാനം കുതിച്ചു. ഐസിഐസിഐ ബാങ്ക് 3.1ഉം ആർബിഎൽ ബാങ്ക് 2.43ഉം ശതമാനം കയറി.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3228.08 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 1,03,470.25 കോടി രൂപയായി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1400.85 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 98,491.68 കോടിയിൽ എത്തി.
തിങ്കളാഴ്ച എൻഎസ്ഇയിൽ 1907 ഓഹരികൾ ഉയർന്നപ്പോൾ 941 ഓഹരികൾ താണു. ബിഎസ്ഇയിൽ 2524 എണ്ണം കയറി, 1475 എണ്ണം താഴ്ന്നു.
തിങ്കളാഴ്ച സെൻസെക്സ് 602.75 പാേയിൻ്റ് (0.76%) നേട്ടത്തോടെ 80,005.04 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 158.35 പോയിൻ്റ് (0.90%) കയറി 24,339.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 471.85 പോയിൻ്റ് (0.93%) ഉയർന്ന് 51,259.30 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.83 ശതമാനം കയറി 55,736.60 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 1.20% കുതിച്ച് 18,062.30 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ നല്ല നേട്ടത്തിൽ വിപണി ക്ലോസ് ചെയ്തെങ്കിലും ദിവസത്തിലെ ഉയർന്ന നിലയിൽ നിന്നു വലിയ താഴ്ചയിലായി എന്നതു ശ്രദ്ധേയമാണ്. കയറ്റം തുടരണമെങ്കിൽ നിഫ്റ്റി 24,500 നു മുകളിലേക്കു കരുത്തോടെ കയറി ക്ലോസ് ചെയ്യണം.
നിഫ്റ്റിക്ക് ഇന്ന് 24,185 ഉം 24,100 ഉം പിന്തുണ നൽകാം. 24,455 ഉം 24,545 ഉം തടസങ്ങളാകും.
റിലയൻസ് ഇൻഡസ്ട്രീസ് 1:1 ബാേണസ് ഇഷ്യുവിൻ്റെ റെക്കോർഡ് ഡേറ്റിനു ശേഷം ഓഹരി വില പകുതിയായി.എന്നാൽ ഇന്നലെ വ്യാപാരത്തിൽ 1353 രൂപ വരെ ഉയർന്നിട്ട് അര ശതമാനം നേട്ടത്തിൽ 1335 രൂപയിലാണു ക്ലാേസ് ചെയ്തത്.
വിപണി ക്ലോസ് ചെയ്യുന്നതിനു തൊട്ടു മുൻപ് പുറത്തുവന്ന ഐഒസി യുടെ റിസൽട്ട് വിറ്റുവരവിൽ 9.8 ശതമാനം താഴ്ച കാണിച്ചു. ലാഭം കുത്തനേ ഇടിഞ്ഞു.
നഷ്ടം പ്രതീക്ഷിച്ച രണ്ടാം പാദത്തിൽ ലാഭം ഉണ്ടാക്കിയ ഭെൽ ഓഹരി ഇന്നലെ 10 ശതമാനം വരെ കുതിച്ചിട്ട്
6.55 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
വാരീ എനർജി ഇന്നലെ 53 ശതമാനം നേട്ടത്തിലാണ് ഐപിഒ ലിസ്റ്റ് ചെയ്തത്.
സ്വർണം ചാഞ്ചാടി
ഇന്നലെ രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണം പിന്നീടു ഗണ്യമായി തിരിച്ചു കയറി. പശ്ചിമേഷ്യയിലെ സംഘർഷനില അയയുന്ന സാഹചര്യത്തിലാണ് സ്വർണം താഴ്ന്നത്.
വെള്ളിയാഴ്ച ഔൺസിന് 2748.70 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നലെ രാവിലെ 2725 ഡോളർ വരെ താണിട്ടു വീണ്ടും കയറി. 2742.80 ഡോളറിലാണ് ഇന്നലെ ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 2747 ഡോളറിലാണ്.
കേരളത്തിൽ സ്വർണവില തിങ്കളാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 58,520 രൂപയിൽ എത്തി. ഇന്നു വില കൂടാം.
വെള്ളിവില ഔൺസിനു 33.61 ഡോളറിൽ ക്ലോസ് ചെയ്തു.
ഡോളർ കയറ്റം മയപ്പെട്ടു. ഇന്നലെ 104.50 നു മുകളിൽ കയറിയ ഡോളർ സൂചിക 104.32 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 104.24 ലേക്കു താഴ്ന്നു.
ഇന്ത്യൻ രൂപ തിങ്കളാഴ്ച പിടിച്ചു നിന്നു. ഡോളർ മാറ്റമില്ലാതെ 84.08 രൂപ എന്ന റെക്കോർഡ് നിരക്കിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടു.
പശ്ചിമേഷ്യൻ സംഘർഷനില കുറഞ്ഞതോടെ ക്രൂഡ് ഓയിൽ വില കുത്തനേ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 71.42 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 67.97 ഉം യുഎഇയുടെ മർബൻ ക്രൂഡ് 70.65 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 70,000 ഡോളർ കടന്നിട്ട് അൽപം താഴ്ന്നു. ഈഥർ 2565 ഡോളറിനു മുകളിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.17 ശതമാനം ഉയർന്ന് ടണ്ണിന് 9401.20 ഡോളറിൽ എത്തി. അലൂമിനിയം 1.00 ശതമാനം താഴ്ന്ന് ടണ്ണിന് 2650.85 ഡോളർ ആയി. ടിൻ 0.59 ഉം സിങ്ക് 0.88 ഉം ശതമാനം കയറി. നിക്കൽ 0.71 ഉം ലെഡ് 1.56 ഉം ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 ഒക്ടോബർ 28, തിങ്കൾ)
സെൻസെക്സ് 30 80,005.04 +0.76%
നിഫ്റ്റി50 24,339.15 +0.65%
ബാങ്ക് നിഫ്റ്റി 51,259.30 +0.93%
മിഡ് ക്യാപ് 100 55,736.60 +0.83%
സ്മോൾ ക്യാപ് 100 18,062.30 +1.20%
ഡൗ ജോൺസ് 30 42,387.57
+0.65%
എസ് ആൻഡ് പി 500 5823.52 +0.27%
നാസ്ഡാക് 18,567.19 +0.26%
ഡോളർ($) ₹84.08 ₹0.00
ഡോളർ സൂചിക 104.32 +0.06
സ്വർണം (ഔൺസ്) $2742.80 -$05.90
സ്വർണം (പവൻ) ₹58,520 -₹360
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.42 -$04.63