വേണ്ടത് മൂലധന വിപണിയെ വളര്‍ത്തുന്ന മാറ്റങ്ങള്‍!

സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമായതായിരുന്നു മോദി 2.0 യുടെ ആദ്യ ബജറ്റെങ്കിലും ഓഹരി വിപണിയെ സംബന്ധിച്ചു ഹ്രസ്വകാല കാഴ്ചപ്പാടില്‍ അത് നിരാശകരമാണ്. ബജറ്റിനു ശേഷം വെറും മൂന്നു സെഷനുകളില്‍ തന്നെ നിഫ്റ്റി 500 പോയ്ന്റ് ഇടിഞ്ഞത് ഒട്ടും അതിശയകരമല്ല.

ഓഹരി തിരിച്ചു വാങ്ങുന്നതിനുമേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം, സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വര്‍ധിപ്പിക്കുക, ഉയര്‍ന്ന വരുമാനം നേടുന്ന വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കുമേര്‍പ്പെടുത്തിയ സര്‍ചാര്‍ജ് വര്‍ധന തുടങ്ങിയ വിപണി സൗഹാര്‍ദമല്ലാത്ത വ്യവസ്ഥകള്‍ വിപണിയെ സ്വാധീനിച്ചു.

ഇത്തരം നികുതികളുടെ സാമ്പത്തിക ആഘാതം ചെറുതാണെങ്കിലും, വളരെ കുറച്ച് ആളുകളെ മാത്രമേ ഇത് ബാധിക്കുന്നുള്ളുവെങ്കിലും ഇത് നിക്ഷേപ സമൂഹത്തിന് മൊത്തത്തില്‍ നല്‍കുന്ന സന്ദേശം പിന്തിരിപ്പന്‍ ആണ്.

നിലവിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി നല്ലതാണെന്നതില്‍ സംശയമൊട്ടുമില്ല, മാത്രമല്ല നികുതി വരുമാനം വിനിയേഗിക്കുന്നതിലുള്ള അവരുടെ കാര്യക്ഷമതയും മികച്ചതാണ്. ഇതൊക്കെയാണെങ്കിലും സ്വതന്ത്ര സമ്പദ് വ്യവസ്ഥയുടെ മൗലികമായ പ്രമാണങ്ങള്‍ ഭരണകര്‍ത്താക്കള്‍ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുന്നില്ല എന്നാണ് പുറമേക്കു തോന്നുന്നത്.

വിപണി നിയന്ത്രിതമായ ഒരു സമ്പദ് വ്യവസ്ഥയില്‍, പ്രത്യേകിച്ച് ഉയര്‍ന്ന പലിശ സാഹചര്യങ്ങളില്‍ നികുതിനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംരംഭകര്‍ക്ക് നിരുത്സാഹകരവും മൂലധന വിപണിയില്‍ 'ക്രൗഡിംഗ് ഔട്ട്' എന്ന സാമ്പത്തിക പ്രതിഭാസത്തിനു വഴിവെയ്ക്കുന്നതും ആകും.

ഇത് സ്വകാര്യ നിക്ഷേപങ്ങളുടെ മൂലധന ചെലവ് ഉയര്‍ത്തുകയും അതുവഴി ജിഡിപിയിലും നികുതി കളക്ഷനിലും കുറവു വരുത്തുകയും ചെയ്യും. ഇതിനു വിപരീതമായി, ബജറ്റിലും ഇക്കണോമിക് സര്‍വേയിലും വിഭാവനം ചെയ്യുന്നതു പോലെ സന്മാര്‍ഗപരമായ ഒരു നിക്ഷേപവലയം (വിര്‍ച്വസ് ഇന്‍വെസ്റ്റ്‌മെന്റ് സൈക്കിള്‍) തുടങ്ങണമെന്നുണ്ടെങ്കില്‍ നമുക്ക് അത്യാവശ്യം ഭൂവിപണിയിലും തൊഴില്‍പരമായും ഉള്ള പരിഷ്‌കരണങ്ങളാണ്.

ഒപ്പം ഇപ്പോള്‍ ഒരുവിധം കാര്യക്ഷമമായി പോകുന്ന മൂലധന വിപണിയെ വിപരീതമായ നികുതി നിയമങ്ങളിലൂടെ കലക്കിമറിക്കാതിരിക്കുന്നതാണ് നല്ലത്. മാറ്റങ്ങള്‍ക്ക് സമയമെടുക്കും മോദിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ 75 വര്‍ഷത്തെ പ്രശ്നങ്ങളും വെല്ലുവിളികളുമാണ് പരിഹരിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ നമ്മള്‍ വളരെ പ്രധാനമായ ചുവടുവയ്പ്പുകള്‍ ഈ തലത്തില്‍ നടത്തിക്കഴിഞ്ഞു. ഇത്തരം പഴക്കം ചെന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുമ്പോള്‍ ഹ്രസ്വകാലത്തില്‍ അത് വേദനാജനകവും പാര്‍ശ്വനാശ നഷ്ടങ്ങളുണ്ടാക്കുന്നവയും ആകും. ഈ പരിഹാരങ്ങളുടെ ഫലം ദൃശ്യമാകാന്‍ തീര്‍ച്ചയായും സമയമെടുക്കും.

ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ സ്വീകരിച്ച മാര്‍ഗങ്ങളെ അവലോകനം ചെയ്തുകൊണ്ട് മാത്രമേ ഈ യാത്രയുടെ പുരോഗതി വിലയിരുത്താനാകൂ. വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഴയ, പരീക്ഷിച്ചു പരാജയപ്പെട്ട സോഷ്യലിസ്റ്റ് ഉപായങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കിയേ പറ്റൂ.

മുന്‍പ് പരീക്ഷിച്ച ഇത്തരം ഉപായങ്ങള്‍ ആണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം. ഇത് ഇനിയും പിന്തുടര്‍ന്നാല്‍ നമ്മള്‍ ഒഴിവാക്കാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന 'മിഡില്‍ ഇന്‍കം ട്രാപ്പിലേക്ക്' നമ്മളെ തിരിച്ചു കൊണ്ടുപോവുകയേ ഉള്ളൂ.

60 കളിലേയും 70 കളിലേയും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ എക്കോണമിയിലേക്ക് തിരിച്ചു പോകുന്നത് നമുക്കൊരിക്കലും താങ്ങാനാകില്ല. ലീ കുവാന്‍ യു ന്റെ നേതൃത്വത്തില്‍ സിംഗപ്പൂര്‍ നേടിയതില്‍ നിന്നോ അല്ലെങ്കില്‍ ഡെംഗ് സിയോപിംഗിന്റെ നേതൃത്വത്തില്‍ ചൈന നടത്തിയതോ, മാര്‍ഗരറ്റ് തച്ചാറിന്റെ കീഴില്‍ ബ്രിട്ടന്‍ നടത്തിയ പരിഷ്‌കരണങ്ങളില്‍ നിന്നോ ഒക്കെ നമ്മുടെ ഭരണ നേതാക്കള്‍ക്ക് സൂചകങ്ങള്‍ സ്വീകരിക്കാം.

വൈവിധ്യമാര്‍ന്ന ഒരു മഹാരാജ്യമെന്ന നിലയില്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കിണങ്ങിയ വേറിട്ട പരിഹാരമാര്‍ഗങ്ങളാണ് നമുക്ക് ആവശ്യം. അതൊരിക്കലും പണ്ട് പരീക്ഷിച്ച്, പരാജയപ്പെട്ടവയുടെ പുനരുപയോഗം ആകരുത്. ബജറ്റിലെ ചെറിയ ചില കുറവുകള്‍ക്കപ്പുറം, മോദി 2.0 കാലയളവില്‍ കാലക്രമേണ സമ്പദ്‌വ്യവസ്ഥയുടെ 'അനിമല്‍ സ്പിരിസ്' തുറന്നുവിടപ്പെടും എന്ന് നമുക്ക് അനുമാനിക്കാം.

നിയമവാഴ്ച്ച ഉറപ്പുവരുത്തുക, ബിസിനസ് ചെയ്യല്‍ എളുപ്പമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നുണ്ട്. എക്കൗണ്ടിംഗിലെ സുതാര്യത, വിശ്വാസ യോഗ്യമായ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്സ്, മെറിറ്റ് അധിഷ്ഠിത ബാങ്കിംഗ്, ആഴവും വ്യാപ്തിയും കൂടുന്ന മൂലധന വിപണി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജിഡിപിയും ഓഹരി വിപണിയുടെ മാര്‍ക്കറ്റ് കാപ്പും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് ട്രില്യണ്‍ ഡോളര്‍ മറികടക്കാന്‍ സഹായിക്കും.

ഇന്ത്യയിലേയും വിദേശത്തെയും സാമ്പത്തിക രംഗത്ത് ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യം ഓഹരികളില്‍ നിക്ഷേപിക്കുന്നതു വളരെ വെല്ലുവിളി നിറഞ്ഞതാക്കുന്നു. ഇത്തരം വെല്ലുവിളികളെ നേരിട്ട് ക്യാല്‍കുലേറ്റഡ് റിസ്‌ക് എടുക്കാതെ നമുക്ക് വാല്യു ഇന്‍വെസ്റ്റിംഗിലൂടെ ദീര്‍ഘകാല നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല.

റിയല്‍ എസ്റ്റേറ്റ്, സ്ഥിരനിക്ഷേപം, കടപ്പത്രം, കമോഡിറ്റി തുടങ്ങിയ മറ്റേതൊരു നിക്ഷേപ മാര്‍ഗമെടുത്താലും അവയില്‍ എല്ലാം പ്രശ്നങ്ങള്‍ ഉണ്ട്, അതിനാല്‍ നിക്ഷേപകര്‍ക്ക് അവരെടുക്കുന്ന റിസ്‌കിനുള്ള ഏറ്റവും മികച്ചനേട്ടം നല്‍കുന്നത് തുടര്‍ന്നും ഓഹരി വിപണി തന്നെയായിരിക്കും.

തിരിച്ചടി നേരിട്ട മിഡ്, സ്മോള്‍ കാപ് ഓഹരികള്‍ ഇവിടുന്നു നല്ല നേട്ടം നല്‍കും, മൂന്നു വര്‍ഷത്തേക്കെങ്കിലും നിക്ഷേപം തുടരാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് ഇവ പരിഗണിക്കാം.

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it