എന്‍എസ്ഇഎല്‍ അഴിമതി; 5 കമ്മോഡിറ്റി ബ്രോക്കര്‍മാര്‍ക്ക് വിലക്ക്

നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇഎല്‍) അഴിമതിയില്‍ ഉള്‍പ്പെട്ട 5 കമ്മോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് സെബി മൂന്ന് മുതല്‍ ആറ് മാസത്തേക്ക് പുതിയ രജിസ്ട്രേഷന് അപേക്ഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ആനന്ദ് രതി കമ്മോഡിറ്റിസ്, ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസ്, ജിയോഫിന്‍ എന്നിവയ്ക്ക് 6 മാസത്തെ വിലക്കും, മോട്ടിലാല്‍ ഒസ്വാള്‍ കമ്മോഡിറ്റീസ്, ഫിലിപ് കമ്മോഡിറ്റിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് എന്നിവയ്ക്ക് 3 മാസത്തെ വിലക്കുമാണുള്ളത്.

2019 ഫെബ്രുവരിയില്‍ ഈ അഞ്ചു സ്ഥാപനങ്ങളുടെ പുതിയ രജിസ്ട്രേഷന് നല്‍കിയ അപേക്ഷകള്‍ സെബി നിരസിച്ചിരുന്നു. സെബിയുടെ 2008ലെ ഇന്റ്റര്‍ മീഡിയറിസ് നിയമം പ്രകാരം ഈ സ്ഥാപനങ്ങള്‍ കമ്മോഡിറ്റി ബ്രോക്കര്‍മാരാകാന്‍ അനുയോജ്യരല്ലെന്ന് സെബി കണ്ടെത്തി. ഇതിനെതിരെ കമ്മോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങള്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരുന്നു.

ട്രിബ്യുണല്‍ സെബിയോട് വീണ്ടും ഇത് പരിഗണിക്കാന്‍ നിര്‍ദേശിച്ചു. സെബി ഈ സ്ഥാപനങ്ങളുടെ അപേക്ഷ വീണ്ടും പരിഗണിച്ച ശേഷമാണ് പുതിയ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഈ സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് തീര്‍പ്പാക്കുന്നത് വരെയോ, മൂന്ന് മുതല്‍ 6 മാസം വരെ വിലക്ക് കാലയളവിലോ പുതിയ രജിസ്‌ട്രേഷന് പരിഗണിക്കുന്നതല്ലെന്ന് സെബി ഉത്തരവില്‍ പറയുന്നു.

നാഷണല്‍ സ്‌പോട്ട് എക്‌സ് ചേഞ്ച് ഉല്‍പ്പന്നങ്ങളുടെ ജോഡിയാക്കിയ കരാറുകള്‍ (paired contracts) വിപണനം നടത്തിയത് സാമ്പത്തിക ഇടപാടുകളുടെ സ്വഭാവത്തിലുള്ളതായിരുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇത് ഫോര്‍വേഡ് കോണ്‍ട്രാക്ട്‌സ് നിയമം 1952 ന്റെ ലംഘനമാണ്. പ്രസ്തുത 5 കമ്മോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി ജോഡിയാക്കിയ കരാറുകള്‍ വ്യാപാരം നടത്താന്‍ സഹായിച്ചതിനാണ് അയോഗ്യരാക്കപ്പെട്ടത്. 2015 ല്‍ ഈ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചതും സെബി നിരസിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it