Begin typing your search above and press return to search.
വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി പരദീപ് ഫോസ്‌ഫേറ്റ്‌സ്

ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയിലെ പ്രമുഖ ഫെര്‍ട്ട്ലൈസര്‍ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ്. ഇഷ്യു വിലയായ 42 രൂപയേക്കാള്‍ നാല് ശതമാനം പ്രീമിയത്തോടെ അഥവാ 43.55 രൂപയിലാണ് ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയില്‍ 5 ശതമാനം പ്രീമിയത്തോടെ 44 രൂപയിലും പരദീപ് ഫോസ്ഫേറ്റ്സ് (Paradeep Phosphates) ലിസ്റ്റ് ചെയ്തു. പരദീപ് ഫോസ്‌ഫേറ്റ്‌സ് അതിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,501.73 കോടി രൂപയാണ് സമാഹരിച്ചത്. 39-42 രൂപ പ്രൈസ് ബാന്‍ഡില്‍ മെയ് 17 മുതല്‍ 19 വരെയാണ് പരദീപ് ഫോസ്ഫേറ്റ്സിന്റെ ഐപിഒ നടന്നത്.
മൊത്തം 1.75 തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒയില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം മൂന്ന് മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. റീട്ടെയില്‍ ഭാഗം 1.37 തവണയും സബ്‌സ്‌ക്രൈബ് ചെയ്തു.
1981ല്‍ സ്ഥാപിതമായ, പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ് പ്രാഥമികമായി ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), എന്‍പികെ രാസവളങ്ങള്‍ തുടങ്ങിയ വളങ്ങളുടെ നിര്‍മാണം, വ്യാപാരം, വിതരണം, വില്‍പ്പന എന്നിവയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഗോവയിലെ രാസവള നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനും കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക.
ഒഡീഷയിലെ ഭുനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 'ജയ് കിസാന്‍ - നവരത്‌ന', 'നവരത്‌ന' തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് കമ്പനി വളങ്ങള്‍ വിപണനം ചെയ്യുന്നത്. കമ്പനിയുടെ ശൃംഖലയില്‍ 4,761 ഡീലര്‍മാരും 67,150 റീട്ടെയിലര്‍മാരും ഉള്‍പ്പെടുന്നു. 2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ കമ്പനി 362.7 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 സാമ്പത്തിക വര്‍ഷത്തെ ലാഭം 223 കോടി രൂപയാണ്.
Next Story