ഓഹരി വിപണിയില്‍ നിക്ഷേപത്തിന് ഇറങ്ങുന്നവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍.

നിസാര തുകകള്‍ ലക്ഷങ്ങളാക്കി മാറ്റുന്ന മാജിക്കാണ് ഓഹരി വിപണിയില്‍ നടക്കുന്നത്. എന്നാല്‍ ഓഹരി നിക്ഷേപത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപത്തിന് ഇറങ്ങുന്നവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍.

കമ്പനിയെ വിലയിരുത്തുന്നതിലെ പിഴവ്

ഓഹരികള്‍ വാങ്ങാന്‍ തിടുക്കം കൂട്ടുമ്പോള്‍ വാങ്ങുന്ന കമ്പനികളെ കുറിച്ച് പലര്‍ക്കും ഒരു ധാരണയുമുണ്ടാകില്ല. കമ്പനിയെ കുറിച്ചുളള പ്രാഥമിക വിവരങ്ങള്‍ പോലും ശേഖരിക്കാതെയാണ് പല നിക്ഷേപകരും ഓഹരികള്‍ വാങ്ങുന്നത്. മാനേജ്‌മെന്റുകളുടെ ആവേശത്തിലുളള പ്രസംഗങ്ങള്‍ കേട്ടോ വിപുലീകരണ പ്രഖ്യാപനങ്ങള്‍ കേട്ടോ ഓഹരികള്‍ വാങ്ങരുത്. സ്ഥിരതയാര്‍ന്ന രീതിയില്‍ മികച്ച പ്രകടനം നടത്തുന്ന കമ്പനികളുടെ ഓഹരികളില്‍ വേണം നിക്ഷേപിക്കാന്‍.

വിലക്കുറവ് മാത്രം നോക്കി ഓഹരികള്‍ വാങ്ങുക

വിപണി ഇടിയുമ്പോള്‍ വളര്‍ച്ചാ സാധ്യതയുളള ഓഹരികള്‍ വാങ്ങുകയാണ് ഒരു വിജയിയായ നിക്ഷേപകന്‍ സാധാരണ ചെയ്യുക. എന്നാല്‍ പുതിയ നിക്ഷേപകര്‍ ഇതു കണ്ട് തെറ്റിദ്ധരിച്ച് വളര്‍ച്ചാ സാധ്യതയില്ലാത്ത കുറഞ്ഞ വിലയുളള ഓഹരികള്‍ വാങ്ങി പരാജയപ്പെടുകയും ചെയ്യുന്നു. ഒരു ഡസന്‍ മുട്ടകള്‍ 36 രൂപയ്ക്കും, ഒരു ഡസന്‍ ചീഞ്ഞ മുട്ടകള്‍ മൂന്ന് രൂപക്കും കിട്ടുമെന്നിരിക്കെ ചീഞ്ഞ മുട്ടകള്‍ ആരെങ്കിലും വാങ്ങുമോ? മൂല്യമില്ലാത്ത വില കുറഞ്ഞ ഓഹരികള്‍ വാങ്ങാനുളള പ്രവണത മാറ്റേതുണ്ട്.

ദീര്‍ഘവീക്ഷണമില്ലായ്മ

ഹ്രസ്വകാല ലാഭം ലക്ഷ്യമിടുന്നവരാണ് മിക്ക ചെറുകിട നിക്ഷേപകരും. ഹ്രസ്വകാലയളവില്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍ നേട്ടം കൊയ്യുകയെന്നത് ബുദ്ധിമുട്ടാണ്. നേട്ടം കൊയ്യണമെങ്കില്‍ ശരിയായ സമയത്ത് ഓഹരികള്‍ വാങ്ങുന്നതിനും വിറ്റൊഴി വാക്കുന്നതിനുമുളള കഴിവ് ആര്‍ജിക്കേതുണ്ട്. ഓഹരി വിപണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച റിട്ടേണ്‍ നല്‍കാന്‍ തന്നെയാണ് സാധ്യത കൂടുതലും.

നിക്ഷേപത്തെ മറക്കുക

ചില കമ്പനികളുടെ ഓഹരികള്‍ വാങ്ങി അത് പിന്നെ തിരിഞ്ഞ് നോക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം നേട്ടം കൊയ്ത നിക്ഷേപകരുടെ കഥകള്‍ നിങ്ങള്‍ നിരവധി കേട്ടു കാണും. എന്നാല്‍ ഇത് കേട്ട് മാത്രം വില കുറഞ്ഞ ഓഹരികള്‍ വാങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷംവന്‍ നേട്ടം ലഭിക്കുമെന്ന് വിചാരിച്ചിരിക്കുന്നത് ഒരു പക്ഷേ അബദ്ധമായേക്കും. സാമ്പത്തിക സാഹചര്യവും വിപണിയും എപ്പോള്‍ വേണമെങ്കിലും മാറാം.

ഓഹരികൾ വിൽക്കാനുള്ള മടി

ഓഹരികളില്‍ നേരിയ ലാഭം കിട്ടുമ്പോഴേക്കും പലരും വിറ്റഴിക്കല്‍ തുടങ്ങും, എന്നാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഓഹരികളെങ്കില്‍ പോലും പലരും അവ വില്‍ക്കില്ല. ഉദാഹരണത്തിന് നിങ്ങള്‍ 100 രൂപക്ക് വാങ്ങിയ ഓഹരിക്ക് ഇപ്പോള്‍ 95 രൂപയേ വിലയുളളൂ. തിരിച്ചുകയറാന്‍ സാധ്യതയില്ലാത്ത ഓഹരിയായിരുന്നിട്ടു പോലും വീണ്ടുമത് 100 കടക്കുമെന്ന് കരുതി വിറ്റഴിക്കാതെ നിക്ഷേപകര്‍ കാത്തിരിക്കും. അഞ്ച് രൂപ നഷ്ടം സഹിക്കേണ്ടിടത്ത് വന്‍ നഷ്ടം സഹിച്ചായിരിക്കും ഒടുവില്‍ ഓഹരി വില്‍ക്കുക.

ശുപാര്‍ശകള്‍ വിശ്വസിച്ച് ഓഹരി വാങ്ങുക

മൊബൈലിലോ, ഇമെയ്‌ലിലോ ലഭിക്കുന്ന ടിപ്പുകള്‍ വിശ്വസിച്ച് ഓഹരികള്‍ വാങ്ങുന്നവരുണ്ട്. ഇന്റര്‍നെറ്റിലോ മറ്റുളളവരുടെ വാക്ക് വിശ്വസിച്ചോ ഓഹരി വാങ്ങാതിരിക്കുക. ഒരു ഓഹരിയുടെ വില ആറ് മാസത്തിനുളളില്‍ ഇരട്ടിയാകുമെന്നൊക്കെ നിങ്ങളുടെ സുഹൃത്ത് പറഞ്ഞേക്കും, അത് കേട്ട് ഓഹരി വാങ്ങാന്‍ പോയാല്‍ നഷ്ടമാകും നിങ്ങള്‍ക്ക് സഹിക്കേണ്ടി വരുക.

എല്ലാവരും വാങ്ങുമ്പോള്‍ വാങ്ങുക, വില്‍ക്കുമ്പോള്‍ വില്‍ക്കുക

വിപണി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പലപ്പോഴും ഓഹരി വിലകള്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ ഉയരത്തിലായിരിക്കും, വിപണി താഴുമ്പോള്‍ അവിശ്വസനീയമായ രീതിയില്‍ വില ഇടിയുകയും ചെയ്യും. വിജയികളായ നിക്ഷേപകര്‍ കമ്പനികളുടെ ആന്തരിക മൂല്യവും വിലനിലവാരവും പരിഗണിച്ചാണ് ഓഹരികള്‍ വാങ്ങുക. എല്ലാവരും ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ വില്‍ക്കുകയും എല്ലാവരും വില്‍ക്കുമ്പോള്‍ വാങ്ങുകയുമാണ് ഇവര്‍ ചെയ്യുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it