പ്രീ ഇലക്ഷന്‍ റാലി തുടങ്ങി

ഒടുവില്‍ വിപണിയില്‍ നിക്ഷേപകരുടെ മനോഭാവത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച വിപണിയിലെ പ്രീ ഇലക്ഷന്‍ റാലി തുടരും. ചുരുങ്ങിയ പക്ഷം മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളുടെ ഇടിവ് കുറച്ചു കാലം കൂടി തുടരും.

മിഡ് കാപുകളുടെ മോശം പ്രകടനം അതിരുകടന്നതായി. അടിസ്ഥാന തത്വങ്ങളിലും മൂല്യനിര്‍ണയത്തിലും നിന്ന് നോക്കുകയാണെങ്കില്‍, പല തലത്തിലും മിഡ് കാപ് ഓഹരികളെയും ലാര്‍ജ് കാപ് ഓഹരികളെയും താരതമ്യപ്പെടുത്തിയാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മിഡ് കാപ് ഓഹരികള്‍ ലാര്‍ജ് കാപിനേക്കാള്‍ ആകര്‍ഷകമാണെന്നത് വ്യക്തമാണ്.

കൂടുതല്‍ കൂടുതല്‍ വിശകലന വിദഗ്ധരും ഗവേഷണ സ്ഥാപനങ്ങളും ഇപ്പോള്‍ ഇക്കാര്യം അംഗീകരിക്കുന്നു. വിപണിയിലേക്ക് വിവേകം തിരിച്ചു വരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാന് അകത്തുള്ള ഭീകര ക്യാംപുകള്‍ ആക്രമിച്ച ഇന്ത്യന്‍ നിലപാട്, രാജ്യാന്തര സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതും ഓഹരി വിപണിയില്‍ ശുഭാപ്തി വിശ്വാസം കൊണ്ടുവരുന്നതുമായിരുന്നു.

ലോക നേതാക്കളുമായി ഊഷ്മളമായ ബന്ധം സൃഷ്ടിക്കുകയും മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ഒരു നീക്കം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത പ്രധാനമന്ത്രിക്ക് നന്ദി.

ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ ശക്തവും നിര്‍ണായകവും കൃത്യമായി ആസൂത്രണം ചെയ്തതുമായ നടപടിയെ ഓഹരി വിപണിയും പൊതുജനങ്ങളും ഒരുപോലെ അനുമോദിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കെ ഇത് മോദിക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലെ ഭരണത്തിന്റെ തുടര്‍ച്ച കൂടുതല്‍ ഉറപ്പായ സാഹചര്യത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുകയും അത് വിപണിയിലെ പ്രീ ഇലക്ഷന്‍ റാലിക്ക് ഇന്ധനം പകരുകയും ചെയ്യുന്നു.

കാത്തിരിക്കേണ്ട, നിക്ഷേപിക്കാന്‍

2020 സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പശ്ചാത്തലവും വരുമാനവും മെച്ചപ്പെടുന്നുണ്ട്.

ഏപ്രിലില്‍ ചേരുന്ന നയപ്രഖ്യാപന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറയ്ക്കുമെന്നു തന്നെയാണ് പൊതുവേയുള്ള പ്രതീക്ഷ. ബൃഹദ് സൂചകങ്ങളും നിര്‍ദ്ദേശിക്കുന്നത് 2019 ലെ ശക്തമായ തുടക്കത്തെ കുറിച്ചു തന്നെയാണ്. രാഷ്ട്രീയ അനിശ്ചിതാവസ്ഥയടക്കമുള്ള ഭയം ശമിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരും നയപരമായ തടസങ്ങളുമെല്ലാമുണ്ടെങ്കിലും ഇന്ത്യ എപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

എല്ലാം കഴിഞ്ഞ ശേഷം മാത്രമേ നിക്ഷേപത്തിന് അനുയോജ്യമായ സമയം ഏതായിരുന്നുവെന്ന് അറിയാനാകൂ എന്നും അപ്പോള്‍ ആകര്‍ഷമായ ആശയങ്ങളില്‍ ക്രമാനുഗതമായി നിക്ഷേപിക്കാനുള്ള അവസരം ഉപയോഗിക്കുകയാണെങ്കില്‍ പിന്നീടുള്ള ബുള്‍ മാര്‍ക്കറ്റിന്റെ സമയത്ത് ഡിവിഡന്റ് നേടാനാവുമെന്നും കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ വായനക്കാരെ ഓര്‍മിപ്പിച്ചിരുന്നതാണ്.

അശുഭാപ്തി വിശ്വാസത്തിന്റെ ഔന്നിത്യത്തില്‍ തന്നെ നിക്ഷേപിക്കാനുള്ള സുവര്‍ണാവസരമാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്. പുതിയ വ്യവസ്ഥാപിത സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ ബിസിനസ് മോഡലുള്ള മികച്ച കമ്പനികള്‍ ഓഹരി വിപണിയില്‍ ശക്തികാട്ടുമ്പോള്‍ വിപണിയില്‍ നിന്ന് തക്കതായ ബിസിനസ് നേടുന്ന നല്ല കമ്പനികള്‍ കൂടി അതോടൊപ്പം ചേരുന്നു.

സംശയാലുക്കളായ പല നിക്ഷേപകരുടെയും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി, വിപണി അതിന്റെ ഉയര്‍ച്ചയ്ക്കായി തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണമെന്നില്ല.

പരിചിതമായ മേഖലകളെ ആശ്രയിക്കുക

നിക്ഷേപം തുടരുക- താല്‍പ്പര്യമുണര്‍ത്തുന്ന തകര്‍പ്പന്‍ ആശയങ്ങള്‍ ഒട്ടനവധി ഇപ്പോള്‍ ആകര്‍ഷകമായ രീതിയില്‍ ലഭ്യമാണെന്ന കാര്യം തിരിച്ചറിയപ്പെടുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഓഹരി വിപണിയില്‍ നിന്നുള്ള മികച്ച നേട്ടത്തിന് ഇപ്പോള്‍ ഒരു ലളിതമായ ആശയം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. മനസ്സിലാക്കാന്‍ കഴിയാത്ത കെട്ടുപിണഞ്ഞ ബിസിനസുകളുടെ പിന്നാലെ പോകാതെ ലളിതമായ ആശയങ്ങളെ പിന്തുടരുക.

കൃത്രിമ ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ബിഗ് ഡാറ്റ, അഡ്വാന്‍സ്ഡ്
ജനറ്റിക്സ് തുടങ്ങിയ മനസിലാക്കാന്‍ ബുദ്ധിമുട്ട് ഏറെയുള്ള സങ്കല്‍പ്പങ്ങള്‍ക്ക് പിന്നാലെ പോകാതെ സ്‌കിന്‍ ക്രീമുകള്‍, ന്യൂസ് ചാനലുകള്‍, പോപ് കോണ്‍, പെയ്ന്റ് തുടങ്ങിയ ലളിതമായി മനസിലാക്കാന്‍ കഴിയുന്ന ഓഹരികളില്‍ നിക്ഷേപിച്ചാല്‍ തന്നെ മികച്ച ദീര്‍ഘകാല നേട്ടം കൈവരിക്കാനാകും.

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it