സമ്പന്നനാകാന്‍ എങ്ങനെ നിക്ഷേപിക്കണം? ജുന്‍ജുന്‍വാല അനുഭവത്തില്‍ നിന്ന് പറയുന്നു

ഇന്ത്യയുടെ സ്വന്തം വാറന്‍ ബഫറ്റ് ആണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നിക്ഷേപകരിലൊരാളാണ് അദ്ദേഹം. കോളെജ് കാലത്ത് അദ്ദേഹം തുടങ്ങിയ ഓഹരിവിപണിയിലെ നിക്ഷേപവും ട്രേഡിംഗും ഇന്ന് 35 വര്‍ഷം പിന്നിടുന്നു. 59 വയസുകാരനായ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 2.5 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുകയാണ്.

തന്റെ അറിവും അനുഭവസമ്പത്തും മറ്റുള്ളവര്‍ക്കായി പങ്കുവെക്കാന്‍ മടിയില്ലാത്ത ജുന്‍ജുന്‍വാല തന്റെ നിക്ഷേപരഹസ്യങ്ങള്‍ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. സമ്പന്നനാകാന്‍ അദ്ദേഹത്തെ സഹായിച്ച ഏറ്റവും പ്രധാനമായ മൂന്ന് മന്ത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഇമോഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടേ, വേണ്ട

ചില ഓഹരികളോട് വൈകാരികത പുലര്‍ത്തുന്ന നിക്ഷേപകരുണ്ട്. അത്തരത്തിലുള്ള ഇമോഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് തീര്‍ച്ചയായും നഷ്ടമുണ്ടാക്കുമെന്ന് ജുന്‍ജുന്‍വാല പറയുന്നു. വൈകാരികത ഒരിക്കലും നിങ്ങളുടെ നിക്ഷേപതീരുമാനങ്ങളെ സ്വാധീനിക്കരുത്. ഉദാഹരണത്തിന് വിപണി മോശമാകുമ്പോള്‍ പേടിച്ച് എല്ലാം കൂടി വില്‍ക്കുക, വിപണി ഉയരുമ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുക... തുടങ്ങിയ നടപടികള്‍ നഷ്ടത്തിലേ കലാശിക്കൂ.

2. നിങ്ങളുടെ നിക്ഷേപങ്ങള്‍ വളരാന്‍ സമയം കൊടുക്കൂ

നല്ല ഓഹരികള്‍ വാങ്ങുന്നു, അല്ലെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നു. ഇതുകൊണ്ട് മാത്രം കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് ഉചിതം. ഏഴ് വര്‍ഷത്തിന് മുകളില്‍ നിക്ഷേപിച്ച ഇക്വിറ്റി മ്യുച്വല്‍ ഫണ്ടുകള്‍ക്ക് ശരാശരി 13-14 ശതമാനം വളര്‍ച്ചയുണ്ടായതായി കൃത്യമായ തെളിവുകളുണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന ഓഹരിയായാലും മ്യൂച്വല്‍ ഫണ്ട് ആയാലും വളര്‍ന്ന് പാകത പ്രാപിക്കുന്നതിനുള്ള ക്ഷമ കാണിച്ചാല്‍ മാത്രമേ അതില്‍ നിന്ന് നേട്ടം കിട്ടൂ.

3. അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ്, പഠിച്ചിട്ട് നിക്ഷേപിക്കൂ

ഓഹരിവിപണിയെ ഒരിക്കലും ചൂതാട്ടമായി കരുതരുത്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗമായി ഈ മേഖലയെ സമീപിക്കുകയും അരുത്. ക്ഷമയോടെ വിശദമായി പഠിച്ച്, ഗവേഷണം നടത്തി വേണം നിക്ഷേപിക്കാന്‍. അതുപോലെ പഴയകാല പ്രകടനം കണ്ടുമാത്രം മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കരുത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it