28 വര്‍ഷങ്ങള്‍ക്കുശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വരുന്നു

രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 28 വര്‍ഷത്തിനു ശേഷം ഓഹരിയുടമകളില്‍ നിന്ന് പണം സമാഹരിക്കാന്‍ തയ്യാറെടുക്കുന്നു. വ്യാഴാഴ്ച നടക്കുന്ന റിലയന്‍സ് ബോര്‍ഡ് മീറ്റിംഗില്‍ ഇക്കാര്യത്തെ കുറിച്ച് തീരുമാനമുണ്ടാകും. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് അവകാശ ഓഹരികള്‍ നല്‍കി പണം സമാഹരിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെയും റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന കാര്യവും ഓഹരി ഉടമകള്‍ക്കുള്ള ഡിവിഡന്റുമെല്ലാം ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനിച്ചേക്കും.

കടമില്ലാത്ത കമ്പനിയാകുക ലക്ഷ്യം

2021 മാര്‍ച്ചിനു മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടമില്ലാത്ത കമ്പനിയാകുമെന്ന് 2019 ആഗസ്തില്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ആര്‍ഐഎല്ലിന്റെ ആസ്തികളുടെ മൂല്യം ഏറ്റവും സന്തുലിതമായി ഉപയോഗിച്ച് കമ്പനിയെ കടരഹിതമാക്കുക എന്നതാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആരാംകോ പോലുള്ള കമ്പനികളുമായി പങ്കാളിത്ത ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ കോവിഡും എണ്ണ വിപണിയിലെ പ്രശ്‌നങ്ങളും മൂലം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അതിനിടെ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ ജിയോയില്‍ വന്‍ നിക്ഷേപം നടത്തുകയും ചെയ്തു. ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്കാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്.

2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ആര്‍ഐഎല്ലിന്റെ അറ്റകടം 1.53 ട്രില്യണ്‍ രൂപയാണ്. കടരഹിത കമ്പനിയാകാന്‍ ഇനി ആര്‍ഐഎല്ലിന് 1.1 ട്രില്യണ്‍ രൂപ കൂടി വേണം.

കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികള്‍ കൂടി അവകാശ ഓഹരികളുടെ രൂപത്തില്‍ വില്‍പ്പന നടത്തിയാല്‍ ഏകദേശം 40,802 കോടി രൂപ കൂടി സമാഹരിക്കാനാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതായത്, റിലയന്‍സിന്റെ 100 ഓഹരികള്‍ കൈവശമുള്ളയാള്‍ക്ക് തിങ്കളാഴ്ചയിലെ ആര്‍ഐഎല്‍ ഓഹരി വിലയുടെ പത്തുശതമാനം ഡിസ്‌കൗണ്ടില്‍ അഞ്ച് ഓഹരികള്‍ കൂടി നല്‍കിയാല്‍ ഈ തുകയാകും കമ്പനിക്ക് ലഭിക്കുക.

പക്ഷേ ഇതുകൊണ്ടും കടം ഇല്ലാതാക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒരു പക്ഷേ കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ചേക്കാം. 100 ഓഹരികള്‍ കൈവശമുള്ള റിലയന്‍സ് നിക്ഷേപകര്‍ക്ക് 10 ഓഹരികള്‍ കൂടി അവകാശ ഓഹരിയായി വില്‍പ്പന നടത്തിയാല്‍ ഏകദേശം 81,604 കോടി രൂപ സമാഹരിക്കാന്‍ പറ്റും. ഏപ്രില്‍ 27, തിങ്കളാഴ്ചയിലെ ഓഹരി വില പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റ് കാപ് 9.06 ട്രില്യണ്‍ രൂപയാണ്.

കമ്പനിയുടെ 50.03 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈകളിലാണ്. 49.97 ശതമാനമാണ് നോണ്‍ പ്രമോട്ടര്‍ ഓഹരി പങ്കാളിത്തം. 1991ലാണ് അവസാനമായി റിലയന്‍സ് ഇന്‍ഡ്‌സട്രീസ് പബ്ലിക് ഓഫര്‍ വഴി പണം സമാഹരിച്ചത്.

തന്ത്രപരമായ പങ്കാളിത്തത്തിനൊരുങ്ങി മുകേഷ് അംബാനി

റിലയന്‍സിന്റെ ഓയ്ല്‍ ടു കെമിക്കല്‍ ഡിവിഷന്റെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോയ്ക്ക് വില്‍ക്കാനാണ് മുകേഷ് ശ്രമിക്കുന്നത്. എന്നാല്‍ എണ്ണ വില ഇടിവിനെ തുടര്‍ന്ന് വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന തുക ലഭിക്കാനിടയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. 15 ബില്യണ്‍ ഡോളറാണ് ഇങ്ങനെ കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്.

റിലയന്‍സിന്റെ ടെലികോം ഡിവിഷന്റെ ടവര്‍ അസറ്റ് വില്‍പ്പനയിലൂടെ ബ്രൂക്ക്ഷീല്‍ഡ് ഗ്രൂപ്പില്‍ നിന്ന്്് 25,215 കോടി രൂപയും കമ്പനി ലക്ഷ്യമിടുന്നു. ഫൈബര്‍ അസറ്റില്‍ തന്ത്രപരമായ പങ്കാളിത്തം കൊണ്ടുവരാനും ശ്രമമുണ്ട്.

2019 ഡിസംബറില്‍ റിലയന്‍സിന്റെ റീറ്റെയ്ല്‍ ഫ്യുവല്‍ ബിസിനസിന്റെ 49 ശതമാനം ഓഹരികള്‍ ബിപി 7000 കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it