കുതിക്കുന്ന റിലയന്‍സ് ഓഹരി : വാങ്ങണോ, വില്‍ക്കണോ, ഹോള്‍ഡ് ചെയ്യണോ?

റിലയന്‍സ് ഓഹരി വില രണ്ടു ദിവസത്തെ താഴ്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു. സ്വപ്‌ന സമാനമായ കുതിപ്പാണ് ഈ കലണ്ടര്‍ വര്‍ഷത്തില്‍ റിലയന്‍സ് ഓഹരി നേടിയത്. മാര്‍ച്ച് 23 ന് 868 രൂപയായിരുന്ന ഓഹരി വില ജൂലൈ 27 ആയപ്പോള്‍ കുതിച്ചുയര്‍ന്ന് 2199 രൂപയിലെത്തി. ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ 2019. 65 രൂപയായിരുന്ന ഓഹരി വില വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 2159.30 രൂപ(7.51ശതമാനം വളര്‍ച്ച)യായിരിക്കുന്നു. ഇതനുസരിച്ച് 1,439,326.27 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ബിഎസ്ഇയുടെ മൊത്തം മാര്‍ക്കറ്റ് വാല്യുവിന്റെ പത്തുശതമാനത്തിലേറെ വരുമിത്.
എന്നാല്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഓഹരി വില 2005 രൂപ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനി ഓഹരി വാങ്ങണോ?, വില്‍ക്കണോ?, അതോ ഹോള്‍ഡ് ചെയ്യണോ? എന്ന ആശയകുഴപ്പത്തിലാണ് നിക്ഷേപകര്‍.

ഓഹരിയില്‍ സംഭവിക്കുന്നത്

പ്രതീക്ഷകള്‍ കാരണം വാങ്ങുകയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുക എന്ന തത്വം നിക്ഷേപകര്‍ പിന്തുടര്‍ന്നതാണ് അടുത്തിടെ ഓഹരിയിലയുണ്ടായ വിറ്റഴിക്കലിനു കാരണമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഫെയ്‌സ് ബുക്ക്, ഗൂഗ്ള്‍, ഇന്റെല്‍ കാപിറ്റല്‍, ക്വാല്‍കോം വെഞ്ച്വേഴ്‌സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോയില്‍ ഒന്നിനു പിന്നാലെ ഒന്നായി നിക്ഷേപവുമായെത്തിയതാണ് ഈ അതിഗംഭീര റാലിക്ക് കാരണമായത്. മാത്രമല്ല കടരഹിത കമ്പനിയായി മാറിയെന്ന പ്രഖ്യാപനവും ഈ റാലിക്ക് ആക്കം കൂട്ടി. 2021 മാര്‍ച്ച് 31 ആയിരുന്നു കമ്പനി കടരഹിത കമ്പനിയായി മാറാനുള്ള കാലയളവ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ ലക്ഷ്യം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു. അതേ സമയം റിലയന്‍സ് ആരോംകോ ഡീല്‍ നടപ്പാകാന്‍ കാലതാമസമുണ്ടാകുമെന്ന വാര്‍ത്തകളാണ് റിലയന്‍സ് ഓഹരി വിലയുടെ ഇടിവിന് കാരണമായത്.

ശക്തമായ ബാലന്‍സ്ഷീറ്റ്, കടരഹിത കമ്പനിയെന്ന പദവി, കരുത്തുറ്റ മാനേജ്‌മെന്റ്, വളര്‍ച്ചാ സാധ്യതയുള്ള ബിസിനസുകള്‍ ഇതെല്ലാം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ പ്രതീക്ഷ നല്‍കുന്ന ഓഹരിയാക്കി മാറ്റുന്നു. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ ലക്ഷ്യങ്ങളെ പോസിറ്റീവായാണ് നിരീക്ഷകര്‍ കാണുന്നത്. ഇപ്പോള്‍ ഈ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ മികച്ച നേട്ടമുണ്ടാക്കാനായി ഹോള്‍ഡ് ചെയ്യാനും പുതിയ നിക്ഷേപര്‍ വില താഴുമ്പോള്‍ മാത്രം കടന്നു വരാനുമാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

ആലിബാബയുടേയും ആമസോണിന്റേയും വഴിയേ റിലയന്‍സ്!

ആലിബാബ ചൈനയിലും, ആമസോണ്‍ അമേരിക്കയിലും കാണിച്ച അതേ തന്ത്രമാണ് റിലയന്‍സ് ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. നേരത്തെ ഓയ്ല്‍, പെട്രോ കെമിക്കല്‍ കമ്പനി ആയിരുന്ന റിലയന്‍സ് റീറ്റെയ്‌ലിലേക്കും ടെലികോം ഡിജിറ്റല്‍ മേഖലയിലേക്കും അതിവേഗം ചുവടുവച്ചു. എല്ലാ മേഖലയിലും ഒരു ഇന്നൊവേഷന്‍ നടത്തിയാണ് കമ്പനി മുന്നോട്ടു പോകുന്നത്. പുതിയ ടെക്‌നോളജി ഉപയോഗിച്ച് പൂര്‍ണമായും വിപണി പിടിച്ചടക്കുന്ന രീതിയാണ് റിലയന്‍സ് ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്. അവര്‍ ഇതില്‍ ഒരുപരിധി വരെ വിജയിച്ചുവെന്നാണ് പുതിയ നിക്ഷേപങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നത് .
രണ്ടു മൂന്നു വര്‍ഷം കൊണ്ട് റിലയന്‍സിന്റെ ഓഹരികളില്‍ മൂന്നിരട്ടി വളര്‍ച്ചയെങ്കിലും പ്രതീക്ഷിക്കാനാകുമെന്നാണ് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നത്. ''1200 ലെവലിലൊക്കെ സ്‌ട്രോങ്ങായിട്ട് ബൈ ഓപ്ഷന്‍ പറഞ്ഞിരുന്ന ഓഹരിയാണിത്. ഇനി ഒരു 1800 ലെവലില്‍ വരികയാണെങ്കിലും വാങ്ങിക്കാവുന്നതാണ്. ഇപ്പോഴും വാങ്ങുന്നതുന്നതുകൊണ്ടു കുഴപ്പമില്ല. റിലയന്‍സ് കണ്‍സോളിഡേറ്റ് ചെയ്യാനും വീണ്ടും വളര്‍ച്ച പ്രാപിക്കാനുമുള്ള സാധ്യതയാണ് കാണുന്നത്. വളരെ ചെറിയ കാലയളവുകൊണ്ട് രണ്ടിരട്ടിയോ മൂന്നിരട്ടിയോ നേട്ടം നല്‍കാന്‍ ഓഹരിക്ക് സാധിച്ചേക്കാം.'' അദ്ദേഹം പറയുന്നു.

സ്‌പെക്യുലേറ്റീവ് മൂവ്‌മെന്റാണ് ഇപ്പോള്‍ ഓഹരിയില്‍ കാണുന്നതെന്ന് റിലയന്‍സ് ഓഹരിയെ കുറിച്ച് സംസാരിക്കവേ കെഎംകെ ഫിനാന്‍സ് ചീഫ് ഇന്‍സെറ്റ്‌മെന്റ് ഓഫീസര്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ''ജിയോയിലും റീറ്റെയ്‌ലിലും വമ്പന്‍ നിക്ഷേപങ്ങള്‍ വന്നതോടെ കമ്പനിയുടെ കടം പൂര്‍ണമായി മാറിയിരിക്കുകയാണ്. ഇനി കമ്പനിക്ക് ശാന്തമായി മുന്നോട്ട് പോകാം. ഇപ്പോള്‍ റിലയന്‍സ് ട്രഷറി ഇന്‍വെസ്റ്റ് മുഴുവന്‍ മ്യൂച്വല്‍ഫണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അടുത്തിടെ ഡെറ്റില്‍ 36000 കോടിയ്ക്കടുത്ത് നിക്ഷേപം നടത്തിയിരുന്നു. ഓഹരിയുടെ ഏണിംഗ് പെര്‍ ഷെയര്‍ കുറവാണ് ഇപ്പോള്‍. പ്രൈസ് ടു ഏണിംഗ്‌സ് കൂടിയും ഏണിംഗ് പെര്‍ ഷെയര്‍ കുറഞ്ഞും നില്‍ക്കുമ്പോള്‍ ഇപ്പോഴത്തെ വില ന്യായീകരിക്കാവുന്നതല്ല. വാല്വേഷന്‍ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വില. ഓവര്‍ ബോട്ടമായാണ് വില കാണുന്നത്. 1500 ല്‍ താഴെ വരികയാണെങ്കിലാണ് വാങ്ങാന്‍ നല്ലതെന്ന് തോന്നുന്നു. അതിനു മുകളില്‍ റിലയന്‍സിന്റെ വില സാധാരണ വ്യക്തിഗത നിക്ഷേപകരെ സംബന്ധിച്ച് വളരെ കൂടുതലാണ്. ദീര്‍ഘകാല നിക്ഷേപകര്‍ക്കും ഹോള്‍സെയ്ല്‍ നിക്ഷേപകര്‍ക്കും റിലയന്‍സ് ഓഹരി എപ്പോള്‍ വേണമെങ്കിലും വാങ്ങുന്നതില്‍ കുഴപ്പമില്ല.''

താഴേക്ക് പത്തു ശതമാനം വരെ പോയേക്കാം

രാജ്യത്ത് നിക്ഷേപിക്കുന്ന ഒരു വ്യക്തി തന്റെ പോര്‍ട്ട് ഫോളിയോയില്‍ റിലയന്‍സ് ഓഹരിയെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ നവീന്‍ കുല്‍ക്കര്‍ണി പറയുന്നത്. കാരണം ഉപഭോക്താക്കള്‍ക്ക് ആവശ്യമായി വരുന്ന ഡിജിറ്റല്‍, റീറ്റെയ്ല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും തന്നെ റിലയന്‍സ് തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ''2100 നും 2200 നും ഇടിയിലാണ് ഓഹരിയുടെ ഫെയര്‍ വാല്യു. ഇപ്പോഴത്തെ ഈ നിലയില്‍ നിന്ന് 10 ശതമാനത്തോളം താഴേക്ക് പോകാന്‍ സാധ്യതയുണ്ട്. 1850 ലെവലില്‍ ഓഹരിക്ക് മികച്ച സപ്പോര്‍ട്ട് ഉണ്ടാകും. അവിടെ നിന്ന് വീണ്ടും വില ഉയരാനാണ് സാധ്യത.'' കുല്‍ക്കര്‍ണി ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഓഹരിയുടെ റിസ്‌കിനെ അവഗണിക്കുന്നതായി ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡീ ലിവറേജിംഗ്, മോണിറ്റൈസേഷന്‍, ഡിജിറ്റല്‍ മൊമന്റം എന്നിവയായിരുന്നു കമ്പനിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. ഇതെല്ലാം ഇതിനകം തന്നെ നടപ്പായിക്കഴിഞ്ഞുവെന്നാണ് എഡില്‍വെയ്‌സ് സെക്യൂരിറ്റീസ് ജൂലൈ 27 ന് പുറത്തു വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇപ്പോള്‍ ഈ ഓഹരിയില്‍ കാണുന്ന കുതിച്ച് ചാട്ടം ഇതിനു മുന്‍പ് രണ്ടു മൂന്നു തവണ കണ്ടതിന്റെ ആവര്‍ത്തനമാണെന്നും എഡില്‍വെയ്‌സ് റിപ്പോര്‍ട്ട് പറയുന്നു. 1994 ലെ ഉദാരവത്കരണം, 2000 ത്തിലെ വൈടുകെ പ്രതിസന്ധി, 2008 കെജി ഡി6 ഗ്യാസ് ഫീല്‍ഡില്‍ ഉത്പാദനം തുടങ്ങിയ കാലഘട്ടം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ഓഹരിയില്‍ ഇതേ കുതിപ്പ് കണ്ടിരുന്നു. അനുബന്ധ റിസ്‌ക് കൂടുതലാണെന്ന് ഇത് വെളിപ്പെടുത്തുന്നുവെന്നും അതിനാല്‍ റിലയന്‍സ് ഓഹരിയുടെ ഗ്രേഡിംഗ് 'ബൈ' യില്‍ നിന്ന് 'ഹോള്‍ഡി'ലേക്ക് മാറ്റിയിരിക്കുന്നുവെന്നുമാണ് എഡില്‍വെയ്‌സ് പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Resya Raveendran
Resya Raveendran  

Assistant Editor

Related Articles

Next Story

Videos

Share it