തങ്കത്തിളക്കത്തില്‍ മുന്നേറി സോവറിന്‍ ബോണ്ടുകള്‍

വിലയിലെ നേരിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സ്വര്‍ണം അമൂല്യ ലോഹത്തിളക്കമേറി മുന്നേറുമ്പോള്‍ നിക്ഷേപകര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളോടുള്ള പ്രിയം ഏറി. ജൂലൈയിലെ എസ്ജിബി ഇഷ്യൂവില്‍ 2,004 കോടി രൂപയുടെ ബോണ്ടുകള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 4.13 ടണ്‍ വിലമതിക്കുന്ന സ്വര്‍ണ്ണത്തിന് തുല്യമാണിത്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള മികച്ച 'ഡിജിറ്റൈസ്ഡ് ഉപകരണ'മായി എസ്ജിബികള്‍ മാറിക്കഴിഞ്ഞെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.2020-21 സാമ്പത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് നാലാം സീരീസിന്റെ വില്‍പന കഴിഞ്ഞയാഴ്ച അവസാനിച്ചു. ഒരു ഗ്രാം സ്വര്‍ണം (24 കാരറ്റ്) സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് 4,852 രൂപയായിരുന്നു ഇത്തവണ വിലയിട്ടിരുന്നത്. അടുത്ത സീരിസ് ഓഗസ്റ്റിലുണ്ട്.കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്. ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാം. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം വേണമെങ്കിലും നിക്ഷേപിക്കാം.

2015 നവംബറില്‍ എസ്ജിബികള്‍ ആരംഭിച്ചതിനുശേഷം വിറ്റ സ്വര്‍ണ്ണത്തിന്റെ അളവും ഇഷ്യുവില്‍ സമാഹരിച്ച തുകയും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും മികച്ച മാസമാണിത്. ലോക്ക്ഡൗണ്‍ കാരണം മിക്ക ജ്വല്ലറികളും ഷോപ്പ് അടച്ചിരുന്നതിനാല്‍ പണം സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്ജിബികളിലും ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും (ഇടിഎഫ്) നിക്ഷേപം നടത്തിയതായി നിരീക്ഷകര്‍ പറഞ്ഞു.ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇടിഎഫുകളില്‍ 2,000 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്.

10.8 ടണ്ണിലധികം സ്വര്‍ണത്തിന്റെ വിലയ്ക്കു തുല്യമായ 5112 കോടി രൂപയുടെ (680 ദശലക്ഷം ഡോളര്‍) എസ്ജിബികള്‍ ആണ് സര്‍ക്കാര്‍ ഇതു വരെ ആകെ വിറ്റത്. ഇത് 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സ്വര്‍ണ്ണ ഇറക്കുമതി ബില്ലിന് തുല്യമാണ്. 2016-17ല്‍ 3,481 കോടി രൂപ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വഴി സമാഹരിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അസറ്റ് ക്ലാസായി എസ്ജിബി മാറിയിട്ടുണ്ടെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശേഖര്‍ ഭണ്ഡാരി പറഞ്ഞു.പുതിയ സീരീസ് എസ്ജിബികളില്‍ എണ്ണം നിക്ഷേപകരുടെ എണ്ണം റെക്കോര്‍ഡ് ഭേദിച്ചു.ഡിജിറ്റൈസ്ഡ് നിക്ഷേപത്തിനുള്ള വിശാലമായ സ്വീകാര്യതയെയാണിത് പ്രതിഫലിപ്പിക്കുന്നത്.വാര്‍ഷികാടിസ്ഥാനത്തില്‍ സ്വര്‍ണം 41 ശതമാനം വരുമാനം നല്‍കി. തുടര്‍ന്നും ഈ വര്‍ഷം മാന്യമായ വരുമാനം പ്രതീക്ഷിക്കാനാവുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും റീട്ടെയില്‍ നിക്ഷേപകരും എസ്ജിബികളില്‍ നിക്ഷേപം നടത്തുന്നു- ശേഖര്‍ ഭണ്ഡാരി അറിയിച്ചു.

'പേപ്പര്‍ സ്വര്‍ണ'ത്തിന്റെ ഡിജിറ്റല്‍ രൂപമാണ് എസ്ജിബി. ലോക്ക്ഡൗണ്‍ സമയത്ത് ജ്വല്ലറികള്‍ അടച്ചപ്പോള്‍ നേരിട്ടു പോകാതെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ഇത് മാറിയതു സ്വാഭാവികം. ശുദ്ധമായ നിക്ഷേപ ഉല്‍പ്പന്നം തന്നെയാണു ബോണ്ടുകള്‍.ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്‌സേഞ്ച്, മുംബൈ സ്റ്റോക് എക്‌സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. പരമ്പരാഗതമായി, സ്വര്‍ണ്ണ നിക്ഷേപകര്‍ ആഭരണങ്ങള്‍ വാങ്ങാറുണ്ടായിരുന്നെങ്കിലും വൈകാരിക കാരണങ്ങളാല്‍ പിന്നീട് വില്‍ക്കുന്നതില്‍ വിമുഖത കാട്ടിപ്പോന്നു.എസ്ജിബിയുടെ കാര്യത്തില്‍ അത്തരം പ്രശ്‌നങ്ങളില്ല.

സുരക്ഷിതമായ സ്വര്‍ണം നിക്ഷേപിക്കാവുന്ന മികച്ച മാര്‍ഗമെന്ന നിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ(എസ്ജിബി) തെരഞ്ഞെടുക്കാറുള്ളത്. 2020 ഏപ്രില്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെ ആറ് ട്രാഞ്ചെസ് ആയി എസ്ജിബി വിതരണം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 2.5% പലിശനിരക്ക് ലഭിക്കും. കൂടാതെ ബോണ്ടുകള്‍ വീണ്ടെടുക്കുന്നതിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും. ഗോള്‍ഡ് ബോണ്ടുകള്‍ക്ക് രാജ്യത്തെവിടെയും ഒരേ വിലയായിരിക്കും. നാല് കിലോഗ്രാം വരെ സ്വര്‍ണം നിക്ഷേപിക്കാന്‍ വ്യക്തികള്‍ക്ക് അവസരമുണ്ട്. ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അവസരമുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയും ബോണ്ടുകളുടെ വ്യാപാരം നടത്താവുന്നതാണ്.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ഇതിലേക്കുള്ള നിക്ഷേപ താത്പര്യം ഏറിവരികയാണ്. ലോക സാമ്പത്തിക ക്രമത്തിലെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ പല സാമ്പത്തിക വിദഗ്ധരും നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ പറയാറുണ്ട്. ആശങ്കയുടെ നാളുകളില്‍ കൈയില്‍ കൊണ്ട്് നടക്കാവുന്ന, പെട്ടെന്ന് പണമാക്കി മാറ്റാവുന്ന സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നു. ചരിത്രത്തിലുടനീളം ഇത്തരം കാലങ്ങളില്‍ സ്വര്‍ണ നിക്ഷേപം ഉയര്‍ന്നിരുന്നു.

കോവിഡിനു പുറമേ അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും ഉയരുന്ന രാഷ്ട്രീയ, വംശീയ അസ്വസ്ഥതകളും, ഇന്ത്യയും ചൈനയും തമ്മിലും ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവും, ഒപ്പം ക്രൂഡ് വിലയുമെല്ലാം ആഗോളതലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. രൂപയുടെ മൂല്യശോഷണവും സമ്പദ് വ്യവസ്ഥയുടെ മുരടിപ്പും റിയല്‍ എസ്റ്റേറ്റ് അടക്കം പരമ്പരാഗത നിക്ഷേപ മേഖലകളെ അനാകര്‍ഷകമാക്കി മാറ്റി. പലിശ നിരക്ക്് കുറഞ്ഞതോടെ ഇതര നിക്ഷേപങ്ങളെല്ലാം അനാകര്‍ഷകമായി.ലോകത്തെ വന്‍ശക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭൂരാഷ്ട്ര പ്രതിസന്ധികള്‍ (ജിയോ പൊളിറ്റിക്കല്‍) കൂടുതല്‍ വഷളാകുന്നതിനാല്‍ സ്വര്‍ണവില വീണ്ടുമുയരുമെന്ന് പൊതു നിരീക്ഷണമുണ്ട്. വില കൂടി നില്‍ക്കുന്നതിനാല്‍ ഇനിയൊരു കുതിച്ചു ചാട്ടത്തിന് സാധ്യതയില്ലെന്ന് പ്രവചിക്കുന്നു ചില നിരീക്ഷകര്‍.

ഇന്ത്യയില്‍ സ്ഥായിയായി കൂടുതല്‍ നേട്ടം തരുന്ന അഞ്ച് നിക്ഷേപങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്വര്‍ണമാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. പരമ്പരാഗതമായ പ്രത്യേകതകള്‍ കൊണ്ടും മറ്റും ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ 28 ശതാനം പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപമിറക്കിയെങ്കില്‍ 19 ല്‍ അത് 32 ശതമാനമായി ഉയര്‍ന്നു. ഈ നിക്ഷേപകര്‍ തന്നെയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കൂടുതലായി വാങ്ങുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it