കടുത്ത വ്യവസ്ഥകളുമായി സെബി ; ആശങ്കയോടെ പി.എം.എസ് മേഖല

മിനിമം നിക്ഷേപ പരിധി 50 ലക്ഷമാക്കിയതും പോര്‍ട്ട്ഫോളിയോ മാനേജര്‍മാരുടെ ചുരുങ്ങിയ ഇടപാട് മൂല്യം അഞ്ചു കോടി രൂപയാക്കിയതും തിരിച്ചടിയാകും

-Ad-

പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസു(പിഎംഎസ്)കള്‍ക്കു മേല്‍ സെബി പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം കടുത്തതായിപ്പോയെന്ന നിരീക്ഷണം ശക്തം. നിക്ഷേപകര്‍ക്കും പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യവസ്ഥകള്‍ പിഎംഎസ് മേഖലയുടെ വളര്‍ച്ചയ്ക്കു തടസമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. 

പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തില്‍നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തിയതാണ്  സെബിയുടെ നിര്‍ണ്ണായക നടപടി. പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരുടെ ‘നെറ്റ്‌വര്‍ത്ത്’ യോഗ്യതയും സെബി പുനര്‍നിര്‍ണയിച്ചു. ഇതനുസരിച്ച് മൊത്തം ഇടപാട് മൂല്യം ചുരുങ്ങിയത് രണ്ടു കോടി രൂപയായിരിക്കണമെന്ന നിബന്ധനയാണ് അഞ്ചു കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുള്ളത്.

നിലവിലുള്ള പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്ക് അഞ്ചു കോടി രൂപയുടെ ഇടപാട് മൂല്യം കൈവരിക്കാന്‍ 36 മാസം സമയം നല്‍കിയിട്ടുണ്ട്. പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്ക് ഈടാക്കാവുന്ന കമ്മീഷനും പരിഷ്‌കരിച്ചു. തെറ്റായ വില്പനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ തടയുകയാണ് പുതിയ നിബന്ധനകളിലൂടെ സെബി ലക്ഷ്യമിടുന്നത്. ലിസ്റ്റ് ചെയ്യാത്ത സെക്യൂരിറ്റികളില്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്ക് നിക്ഷേപിക്കാവുന്ന ആസ്തിയുടെ (എയുഎം) ഉയര്‍ന്ന പരിധി 25 ശതമാനമായും നിജപ്പെടുത്തി.

-Ad-

‘പിഎംഎസ് നിക്ഷേപ പരിധി 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തുന്നത് അല്‍പ്പം കടന്ന കൈ തന്നെ. ഇതുമൂലം ഒട്ടേറെ നിക്ഷേപകര്‍ക്ക് പിഎംഎസിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട് ‘- ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. നിക്ഷേപത്തിനുള്ള താഴ്ന്ന പരിധി ഇരട്ടിയാക്കിയതും പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്കുള്ള ചുരുങ്ങിയ ഇടപാട് മൂല്യം രണ്ടു കോടി രൂപയില്‍നിന്ന് അഞ്ചു കോടി രൂപയാക്കിയതും മൂലം പിഎംഎസ് വ്യവസായത്തിലെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ഇന്‍ഡെക്‌സ് ആല്‍ഫ സ്ഥാപകന്‍ അനിഷ് ടെലി അഭിപ്രായപ്പെട്ടു. നിരവധി നിക്ഷേപകരെയും പോര്‍ട്ട്ഫോളിയോ മാനേജര്‍മാരെയും ഈ മേഖലയില്‍ നിന്നകറ്റാന്‍ ഇതിടയാക്കും.

2014 മെയ് മാസത്തില്‍ ഏകദേശം 48,000 കോടി രൂപ കൈകാര്യം ചെയ്തിരുന്ന പിഎംഎസ് മേഖലയിലെ ആസ്തി ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ ഏകദേശം മൂന്നു മടങ്ങ് വര്‍ധിച്ച് 1.41 ലക്ഷം കോടി രൂപയായി. അതേസമയം  26 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് കൂടുതല്‍ ഗുണകരമാകും സെബിയുടെ പുതിയ നിയന്ത്രണങ്ങളെന്ന് പോര്‍ട്ട്ഫോളിയോ മാനേജര്‍ പറയുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെ കടുത്ത നിബന്ധനകള്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വെല്‍ത്ത് മാനേജര്‍മാര്‍ ഈ രംഗത്ത് സജീവമായുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here