സ്പാക്ക് അഥവാ 'ബ്ലാങ്ക് ചെക്ക് കമ്പനി' ഇന്ത്യന്‍ വിപണിയിലും വരുമോ?

ഇന്ത്യന്‍ മൂലധന വിപണിയില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി അഥവാ ബ്ലാങ്ക് ചെക്ക് കമ്പനിയുടെ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി (SPAC) യുടെ ചട്ടക്കൂടിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും അത് പരിശോധിക്കാന്‍ രൂപീകരിച്ച ഒരു സമിതി റിപ്പോര്‍ട്ട് അന്തിമമാക്കുന്ന പ്രക്രിയയിലാണെന്നും സെബി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചു. നിലവില്‍ യുഎസ് അടക്കമുള്ള മൂലധന വിപണികളില്‍ ഈ സംവിധാനമുണ്ട്.

എന്താണ് സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി
ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഷെല്‍ കോര്‍പ്പറേഷനാണ് ബ്ലാങ്ക് ചെക്ക് കമ്പനി എന്ന് അറിയപ്പെടുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി (സ്പാക്ക്). സ്പാക്കിന് കൊമേഷ്യല്‍ പ്രവര്‍ത്തനങ്ങളൊന്നുമില്ല, എന്നാല്‍ ഐപിഒകളിലൂടെയാണ് ഇതിന് ആവശ്യമായ മൂലധനം സമാഹരിക്കുന്നത്. നിലവിലുള്ള ഒരു കമ്പനിയെ ഏറ്റെടുക്കുകയോ ലയിപ്പിക്കുകയോ ചെയ്യുക എന്നതാണ് സ്പാക്കിന്റെ ലക്ഷ്യം. ഇതുവഴി ഒരു കമ്പനിക്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കടന്നുപോകാതെ തന്നെ പൊതുകമ്പനിയായി മാറാവുന്നതാണ്. കനത്ത നിയന്ത്രണ ഫയലിംഗുകളും മറ്റ് ബാധ്യതകളും ഉള്‍പ്പെടുന്നതിനാല്‍ ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഐപിഒകളിലൂടെ പണം സ്വരൂപിക്കുന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഇതിനു വിപരീതമായി, ഒരു കമ്പനി ലയിക്കുകയോ സ്പാക്ക് ഏറ്റെടുക്കുകയോ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയും.
ഐപിഒ വഴി സ്പാക്ക് ആവശ്യമായ ഫണ്ട് ശേഖരിക്കുമ്പോള്‍, മുന്‍കൂട്ടി നിശ്ചയിച്ച കാലയളവ് അവസാനിക്കുന്നതുവരെ അല്ലെങ്കില്‍ ആവശ്യമുള്ള ഏറ്റെടുക്കല്‍ നടത്തുന്നതുവരെ പണം ഒരു ട്രസ്റ്റില്‍ സൂക്ഷിക്കും. ഏറ്റെടുക്കല്‍ നടന്നിട്ടില്ലെങ്കില്‍ ബാങ്ക്, ബ്രോക്കര്‍ ഫീ എന്നിവ കിഴിച്ച് നിക്ഷേപകര്‍ക്ക് ഫണ്ട് തിരികെ നല്‍കണം. 2020ല്‍ 250 ഓളം സ്പാക്കുകളാണ് ആഗോള വിപണികളില്‍ സൃഷ്ടിക്കപ്പെട്ടത്. ഇക്കാലയളവില്‍ യുഎസില്‍, 80 ബില്യണ്‍ ഡോളറാണ് സ്പാക്കില്‍ നിക്ഷേപിച്ചത്. 2021-ല്‍ ഏകദേശം 600 സ്പാക്ക് ഐപിഒകളാണ് നടന്നത്. അടുത്തിടെ, ഇന്ത്യന്‍ സ്ഥാപനങ്ങളും സ്പാക്ക് വഴി യുഎസില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, റിന്യൂ പവര്‍ യുഎസ് ആസ്ഥാനമായുള്ള ബ്ലാങ്ക് ചെക്ക് സ്ഥാപനമായ ആര്‍എംജി അക്വിസിഷന്‍ കോര്‍പ്പറേഷന്‍ II മായി ലയിക്കുകയും തുടര്‍ന്ന് നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രൈമറി മാര്‍ക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ (പിഎംഎസി) ഉപഗ്രൂപ്പ് സ്പാക്കുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അന്തിമമാക്കുന്ന പ്രക്രിയയിലാണ്. തുടര്‍ന്ന്, ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പറും പുറപ്പെടുവിച്ചേക്കാം. പിഎംഎസിയുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ സ്പാക്ക് ചട്ടക്കൂട് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളൂവെന്ന് സെബി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it