സ്റ്റാർട്ട്-അപ്പ് ലിസ്റ്റിംഗ് മാനദണ്ഡങ്ങളിൽ അയവുവരുത്തി സെബി

ഓഹരിവിപണിയിൽ സ്റ്റാർട്ടപ്പുകളുടെ ലിസ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഇളവുകൾ പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).

അതേസമയം, മെയിൻ ബോർഡിലെ മറ്റ് സ്ഥാപനങ്ങളുടെ ലിസ്റ്റിംഗ് നിയമങ്ങൾ കർശനമാക്കുകയും ചെയ്‌തു.

വ്യാഴാഴ്ച നടന്ന ബോർഡ് മീറ്റിംഗിലാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റുചെയ്ത ടോപ് 1000 കമ്പനികൾക്ക് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ പോളിസി ഉണ്ടായിരിക്കണമെന്ന് സെബി നിഷ്കർഷിച്ചത്. നേരത്തെ ഈ നിബന്ധന ടോപ് 500 കമ്പനികൾക്കേ ബാധകമായിരുന്നുള്ളു.

ടോപ് 1000 കമ്പനികൾ റിസ്ക് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും നിർദ്ദേശിച്ച ബോർഡ്, ഇതര നിക്ഷേപ ഫണ്ട് (എഐഎഫ്) ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും പ്രമോട്ടർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പുനർ വർഗ്ഗീകരണത്തിനുള്ള ചട്ടക്കൂടിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

2015 ൽ ഇൻസ്റ്റിറ്റ്യൂഷണൽ ട്രേഡിംഗ് പ്ലാറ്റ്ഫോം (ഐടിപി) എന്ന പുതിയ ഒരു ചട്ടക്കൂട് ആവിഷ്‌കരിച്ചെങ്കിലും വിപണിയുടെ പിന്തുണ നേടാൻ ഇതിനായില്ല. തുടർന്ന് 2019ൽ ഐടിപി ചട്ടക്കൂടിൽ ചില ഭേദഗതികൾ വരുത്തിക്കൊണ്ട് ഈ പ്ലാറ്റ്ഫോമിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും അതിനെ ഇന്നൊവേറ്റേഴ്സ് ഗ്രോത്ത് പ്ലാറ്റ്ഫോം (ഐജിപി) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

നിലവിൽ, ഐജിപിയുടെ കീഴിൽ ലിസ്റ്റു ചെയ്യണമെങ്കിൽ ഇഷ്യൂവർ കമ്പനികളുടെ പ്രീ-ഇഷ്യു മൂലധനത്തിന്റെ 25 ശതമാനം ക്വാളിഫൈഡ് ഇന്സ്ടിട്യൂഷണൽ ബയേഴ്‌സ് (ക്യുഐബി), ഫാമിലി ട്രസ്റ്റ്, അംഗീകൃത നിക്ഷേപകർ ( 5 കോടിയിലധികം മൊത്തം മൂല്യവും 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനവുമുള്ള വ്യക്തികൾ അല്ലെങ്കിൽ 25 കോടി രൂപയുടെ ആസ്തിയുള്ള ഒരു കോർപ്പറേറ്റ്), വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെപ്പോലുള്ള നിയന്ത്രിത സ്ഥാപനങ്ങൾ തുടങ്ങിയവർ കുറഞ്ഞത് രണ്ടു വർഷമെങ്കിലും കൈവശം വച്ചിരി‌ക്കണം. കൂടാതെ, അംഗീകൃത നിക്ഷേപകരുടെ കൈവശമുള്ള പ്രീ-ഇഷ്യു മൂലധനത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ 25 ശതമാനം പ്രീ-ഇഷ്യു മൂലധന യോഗ്യതക്കായി പരിഗണിക്കേണ്ടതില്ല.

ഇഷ്യു ചെയ്യുന്ന കമ്പനിയുടെ പ്രീ-ഇഷ്യു മൂലധനത്തിന്റെ 25 ശതമാനം കൈവശമുണ്ടായിരിക്കേണ്ട കാലയളവ് രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കാൻ വ്യാഴാഴ്ച്ച നടന്ന സെബി യോഗം തീരുമാനിച്ചു. അത്തരം നിക്ഷേപകരുടെ പ്രീ-ഇഷ്യു ഷെയർഹോൾഡിംഗ് ഇഷ്യൂവർ കമ്പനിയുടെ പ്രീ-ഇഷ്യു മൂലധനത്തിന്റെ 25 ശതമാനമായിരിക്കണം.

സെബിയുടെ പുതിയ നിബന്ധന അനുസരിച്ച് പ്രൊമോട്ടർ അല്ലെങ്കിൽ ഏറ്റെടുക്കുന്നയാൾ കമ്പനിയെ ഡീലിസ്‌റ്റ് ചെയ്യാനുള്ള അവരുടെ ഉദ്ദേശ്യം ഒരു പരസ്യ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുത്തേണ്ടതുണ്ട്. ഇതുകൂടാതെ, സ്വതന്ത്ര ഡയറക്ടർമാരുടെ സമിതി ഡീലിസ്റ്റ് ചെയ്യാനുള്ള നിർദ്ദേശത്തെക്കുറിച്ച് വ്യക്തമായ ശുപാർശകൾ നൽകേണ്ടതുണ്ടെന്നും സെബി നിഷ്കർഷിച്ചു.

കൂടാതെ, ഡീലിസ്റ്റിങ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി പരിഷ്കരിക്കാനും സെബി തീരുമാനിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it