തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

കേന്ദ്ര ബജറ്റ് വന്ന ദിവസം തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. സെന്‍സെക്സിലെ താഴ്ച ആയിരത്തോളം പോയിന്റുകള്‍.ബജറ്റില്‍ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് നീക്കിയത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പടെയുള്ളവയുടെ ഓഹരി വിലയിടിച്ചു.

സെന്‍സെക്സ് 987.96 പോയിന്റ് താഴ്ന്ന് 39,735.53ലും നിഫ്റ്റി 318.30 നഷ്ടത്തില്‍ 11643.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 611 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1726 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അടിസ്ഥാന സൗകര്യവികസനം, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികള്‍ നാലുശതമാനം വരെ നഷ്ടത്തിലായി.

ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ ആറു ശതമാനംവരെ താഴ്ന്നു. ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, നെസ് ലെ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അസോചം പ്രസിഡന്റ് ഡോ. നിരഞ്ജന്‍ ഹിരന്ദാനി:

വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (ഡിഡിടി) നിര്‍ത്തലാക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നിരുന്നാലും, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കലും വ്യക്തിഗത ആദായനികുതി സ്ലാബ് മാറ്റവും സംബന്ധിച്ച് സങ്കീര്‍ണ്ണത അവശേഷിക്കുന്നുണ്ട്. ഈ മാറ്റം സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ പ്രയോജനം ചെയ്യൂ എന്നാണെന്റെ അഭിപ്രായം. മൊത്തത്തില്‍, ബജറ്റിനു പിന്നിലെ ഉദ്ദേശ്യം വളരെ ഉയര്‍ന്നതായിരുന്നു. പക്ഷേ ഫലം മറിച്ചാണെന്നു സംശയിക്കുന്നു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് ഹെഡ് വിനോദ് നായര്‍:

കമ്പോളത്തിന് സര്‍ക്കാരില്‍ നിന്ന് വളരെ ഉയര്‍ന്ന പ്രതീക്ഷകളാണുണ്ടായിരുന്നത്. എന്നാല്‍ ബജറ്റ് അതിനൊപ്പമെത്തിയില്ല. ഈ സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താനുള്ള തീരുമാനം ഗുണകരമാണെങ്കിലും ഇത് 2021 സാമ്പത്തിക വര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നെങ്കില്‍ വിപണിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമായിരുന്നു. പൊതുജനത്തിനും കോര്‍പറേറ്റുകള്‍ക്കും നികുതിയിളവു നല്‍കുകയും കര്‍ഷകരുടെ വരുമാനത്തില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്ത ബജറ്റ് ഗുണകരമായി പരിഗണിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, നിലവിലെ സാഹചര്യം അതിലുമേറെയാണ് ആവശ്യപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it