Top

പുതു വര്‍ഷത്തില്‍ എടുക്കേണ്ട 7 സാമ്പത്തിക പ്രതിജ്ഞകള്‍

ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനും മെച്ചപ്പെടുത്തല്‍ നടത്താനുമൊക്കെ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും പറ്റിയ സമയമാണ് പുതുവര്‍ഷം. പക്ഷെ ഏറ്റവും കൂടുതല്‍പ്പേര്‍ എടുക്കുന്ന പുതുവല്‍സര പ്രതിജ്ഞ ആരോഗ്യത്തെ സംബന്ധിച്ചിട്ടുള്ളതായിരിക്കും. എന്നാല്‍ ശരീരത്തിന്റെ ആരോഗ്യത്തെപ്പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ആരോഗ്യവും.

നിങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ എടുക്കാവുന്ന 7 സാമ്പത്തികപ്രതിജ്ഞകള്‍ താഴെ കൊടുക്കുന്നു.

1. ബജറ്റുണ്ടാക്കും, അതില്‍ ഉറച്ചുനില്‍ക്കും

നിങ്ങള്‍ ഇതിനുമുമ്പ് പലതവണ ബജറ്റുണ്ടാക്കിയിട്ടുണ്ടാകും. എന്നാല്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും ജീവിതത്തിലെ മുന്‍ഗണനകള്‍ക്കും പ്രാധാന്യം കൊടുത്ത് ബജറ്റുണ്ടാക്കിയാല്‍ ഈ പ്രശ്‌നം ഒഴിവാക്കാമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. നിങ്ങളുടെ സാമ്പത്തികലക്ഷ്യങ്ങള്‍ക്ക് ബജറ്റില്‍ പ്രാധാന്യം കൊടുക്കണം. ബജറ്റില്‍ മാറ്റം വരുത്താന്‍ കഴിയുന്ന രീതിയിലാണ് അതുണ്ടാക്കേണ്ടത്. ഒരു മേഖലയില്‍ കൂടുതല്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ മറ്റൊരു മേഖലയില്‍ അതിനനുസരിച്ച് ചെലവ് കുറയ്ക്കണം. ഉദാഹരണത്തിന് വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി നിശ്ചയിച്ച തുകയെക്കാള്‍ ചെലവഴിച്ചെങ്കില്‍ എന്റര്‍ടെയ്ന്‍മെന്റ് ചെലവുകള്‍ കുറയ്ക്കാം.

2. കടങ്ങള്‍ കുറയ്ക്കും

എന്തിനും ഏതിനും കടം വാങ്ങി കാര്യങ്ങള്‍ നിറവേറ്റുന്നത് വളരെ അപകടകരമായ ശീലമാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാത്തതിന്റെ സൂചനയാണത്. നല്ല വായ്പകളും നിങ്ങളെ കടക്കെണിയിലാക്കുന്ന മോശം വായ്പകളുമുണ്ട്. ഭവനവായ്പ പോലെ നല്ല വായ്പകളെടുക്കുന്നതില്‍ പ്രശ്‌നമില്ല, പക്ഷെ പെഴ്‌സണല്‍ ലോണ്‍ പോലെ അമിതമായ പലിശനിരക്കുള്ള വായ്പകള്‍ ഒഴിവാക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ബുദ്ധിപരമായി ഉപയോഗിക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്.

3. ആവശ്യമുള്ളവ മാത്രമേ വാങ്ങൂ

പെട്ടെന്നുള്ള ആവേശത്തില്‍ നാം വാങ്ങിക്കൂട്ടുന്ന പല സാധനങ്ങളും പിന്നീട് ഒരിക്കല്‍പ്പോലും ഉപയോഗിക്കണമെന്നില്ല. എന്തും ഇഎംഐയില്‍ വാങ്ങാനുള്ള അവസരമുള്ളപ്പോള്‍ അത് പലരും അമിതമായി ഉപയോഗിക്കാറുണ്ട്. ആവശ്യമുള്ളവ മാത്രമേ വാങ്ങൂ എന്ന് പുതുവര്‍ഷത്തില്‍ പ്രതിജ്ഞയെടുക്കുക.

4. എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കും

എമര്‍ജന്‍സി ഫണ്ടിന്റെ ആവശ്യകതയെക്കുറിച്ച് പലര്‍ക്കും അവബോധമില്ല. സാമ്പത്തികമായ പ്രതിസന്ധി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അങ്ങനെ വരില്ലെന്ന് കരുതുന്നവര്‍ ഭാവിയിലേക്ക് വേണ്ടി ഒന്നും കരുതിവെക്കില്ല. ഒടുവില്‍ ആവശ്യങ്ങളുണ്ടാകുമ്പോള്‍ കൂടിയ പലിശയ്ക്ക് കടം വാങ്ങേണ്ട അവസ്ഥയാകും. എപ്പോഴും കുറച്ചുപണം എമര്‍ജന്‍സി ഫണ്ട് ആയി മാറ്റിവെക്കുക.

5. നിക്ഷേപം കൂട്ടും

ടാക്‌സ് ബൈനഫിറ്റുകള്‍ മുന്നില്‍ക്കണ്ടാണ് പലരും നിക്ഷേപം നടത്തുന്നത്. അതിന് പകരം സ്വന്തം സാമ്പത്തിക ലക്ഷ്യം എന്താണ് അതിനെ മുന്‍നിര്‍ത്തിയാണ് നിക്ഷേപം നടത്തേണ്ടത്. ചെലവെല്ലാം കഴിഞ്ഞ് നിക്ഷേപിക്കാം എന്ന നിലപാടിന് പകരം നിങ്ങളുടെ വരുമാനത്തില്‍ നിന്ന് എത്ര ശതമാനം നിക്ഷേപിക്കാനാകും എന്ന് മുന്‍കൂട്ടി തീരുമാനിച്ച് അതനുസരിച്ച് നിക്ഷേപം നടത്തുക.

6. വരുമാനം കൂട്ടാനുള്ള വഴികള്‍ തേടും

കൂടുതല്‍ നിക്ഷേപിക്കണമെങ്കില്‍ അതനുസരിച്ച് കൂടുതല്‍ സമ്പാദിക്കണം. പ്രമോഷനുള്ള സാധ്യത, ജോലിമാറ്റം, പാസീവ് ഇന്‍കം ലഭിക്കുന്ന വഴികള്‍, ഹോബികളില്‍ നിന്ന് പണമുണ്ടാക്കാനുള്ള ആശയങ്ങള്‍, സംരംഭം തുടങ്ങുക... തുടങ്ങി വരുമാനം കൂട്ടാന്‍ സാധ്യമായ വഴികളെക്കുറിച്ചെല്ലാം ചിന്തിക്കുക.

7. റിട്ടയര്‍മെന്റ് പ്ലാനിംഗ് വൈകില്ല

വരുമാനം ഒരിക്കലും നിലയ്ക്കില്ലെന്ന് കരുതി ജീവിക്കുന്നത് അപകടത്തിലേക്ക് നയിക്കും. പലരും റിട്ടയര്‍മെന്റ് പ്ലാനിംഗിനെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ വിരമിക്കാറാകുമ്പോഴാണ്. എന്നാല്‍ റിട്ടയര്‍മെന്റ് സേവിംഗ് എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലതാണ്. പണപ്പെരുപ്പനിരക്കും ജീവിതച്ചെലവും ചികില്‍സാനിരക്കുകളും കൂടിക്കൊണ്ടിരിക്കുന്നതുകൊണ്ട് നിങ്ങളുടെ സമ്പാദ്യം അപ്പോഴത്തെ ആവശ്യങ്ങള്‍ തികയാതെ വരാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് നിക്ഷേപിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it