സ്വര്‍ണത്തിൽ ഇപ്പോൾ നിക്ഷേപിക്കാമോ?

നിലവിൽ ചെറിയ ഇടിവുണ്ടായതൊഴിച്ചാൽ, കഴിഞ്ഞ ആറുമാസത്തോളമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വര്‍ണവിലയ്ക്ക് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയാണുള്ളത്.

വിലയില്‍ കാര്യമായ ഇടിവിനുള്ള സാധ്യതയുണ്ടോ ഇനിയും വര്‍ധിക്കാനുള്ള സാഹചര്യം തന്നെയാണോ, സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഒരല്‍പ്പം കാത്തിരിക്കൂ

നിരീക്ഷകര്‍ പറയുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ എന്നാണ്. വിലയില്‍ കാര്യമായ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ആരും പ്രവചിക്കുന്നില്ല. എന്നാല്‍ ഇപ്പോഴുള്ളത് സമീപകാലത്തെ ഏറ്റവും വലിയ വിലയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ നേരിയൊരു ഇടിവ് പ്രകടമാകുന്നുണ്ട്. കുറച്ചു കാത്തിരുന്നാല്‍ വില സ്ഥിരത കൈവരിക്കുമെന്നും അപ്പോള്‍ നിക്ഷേപിക്കാനുള്ള സാഹചര്യം ആകുമെന്നുമാണ് പറയുന്നത്.

വില കൂടാനുള്ള കാരണം രാജ്യാന്തര തലത്തില്‍ വില കൂടാന്‍ നിരവധി കാരണങ്ങളുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തന്നെയാണ് മുഖ്യകാരണം. വ്യാപാരയുദ്ധം ഇതേനിലയില്‍ തുടരുകയാണെങ്കില്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയും വില ഉയര്‍ന്നു തന്നെ ഇരിക്കുകയും ചെയ്യും.

മാത്രമല്ല ഡോളറിന്റെ മൂല്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. മൂന്നാമത്തെ ഘടകം ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടി വരുന്നു എന്നുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ച് വിവാഹ സീസണ്‍ ആണെന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമൊക്കെ വില കൂടാന്‍ കാരണമായി. രൂപയുടെ മൂല്യം 70 രൂപ മുതല്‍ 72.50 രൂപ വരെ കുറച്ചു കാലം കൂടി തുടരുമെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടല്‍.

അതുകൊണ്ടു തന്നെ സ്വര്‍ണവിലയില്‍ ഉടനെ വലിയൊരു ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ല. 2019 ല്‍ പത്തു ഗ്രാമിന് 34,000 രൂപ വരെയാകാനുള്ള സാധ്യതയുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് 37,000 രൂപ വരെയായി ഉയര്‍ന്നേക്കാമെന്നും കണക്കു കൂട്ടുന്നുണ്ട്.

വില കുറയാനുള്ള സാധ്യതകള്‍

ആറുമാസം തുടര്‍ച്ചയായി വര്‍ധിച്ച സാഹചര്യത്തില്‍ സ്വാഭാവികമായും വിലയില്‍ നേരിയൊരു ഇടിവ് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കൂടിയും കുറഞ്ഞും വില നിലവാരം മാറുമെന്നാണ് കരുതപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം സംബന്ധിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നവരുണ്ട്. അതു വഴി അസ്ഥിരാവസ്ഥ മാറുകയാണെങ്കില്‍ വിപണി ഉണരുകയും സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറയുകയും ചെയ്യും. വില കുറയാന്‍ അതിടയാക്കും.

ദേശീയ വിപണിയില്‍ തെരഞ്ഞെടുപ്പിന് ശേഷമാകും വലിയ മാറ്റം കാണുകയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് കമോഡിറ്റി റിസര്‍ച്ച് വിഭാഗം തലവന്‍ ഹരീഷ് വി നായര്‍ പറയുന്നു. സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഓഹരി വിപണി ഉണരുകയും സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറയുകയും ചെയ്യും. അതേസമയം കൂട്ടുകക്ഷി സര്‍ക്കാര്‍ ആണെങ്കില്‍ സ്വര്‍ണത്തിന് വീണ്ടും വില ഉയരാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

എവിടെ നിക്ഷേപിക്കണം?

നേരിട്ട് സ്വര്‍ണമായി നിക്ഷേപിക്കുന്നതിനെ നിക്ഷേപ ഉപദേശകരാരും പ്രോത്സാഹിപ്പിക്കുന്നില്ല. നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നേട്ടം നല്‍കുന്ന മറ്റു മാര്‍ഗങ്ങളുണ്ട്.

1. സ്വര്‍ണ ബോണ്ടുകള്‍

സ്വര്‍ണ നിക്ഷേപത്തില്‍ ഏറെ ആകര്‍ഷകമായ പദ്ധതിയാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി. സ്വര്‍ണത്തിന്റെ തുല്യ വിലയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് (സ്വര്‍ണ ബോണ്ട്) ആണ് ഈ പദ്ധതിയിലൂടെ സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് നല്‍കുന്നത്. സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം രണ്ടര ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കും എന്നത് വലിയ ആകര്‍ഷണമാണ്.

ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജൂവലേഴ്‌സ് അസോസിയേഷന്റെ മൂന്നു ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റായും സാധാരണ ഓഹരികള്‍ വാങ്ങുന്നതു പോലെ ഡീമാറ്റ് എക്കൗണ്ട് രൂപത്തിലും ഇത് സൂക്ഷിക്കാനാകും. നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗാരന്റിയുണ്ട് എന്നത് വലിയ ആകര്‍ഷണവുമാകുന്നു.

2. സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF)

സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇവയുടെ വ്യാപാരം. ഗോള്‍ഡ് ഇടിഎഫിന്റെ 90 ശതമാനത്തിലധികം നിക്ഷേപം പരിശുദ്ധമായ സ്വര്‍ണത്തിലായിരിക്കും. പരമാവധി 10 ശതമാനം വരെ കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കും. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് അനുസരിച്ചുള്ള റിട്ടേണ്‍ നിക്ഷേപകന് ലഭിക്കും.

വിറ്റഴിക്കാനും എളുപ്പമാണ്. ഡിപ്പോസിറ്ററി എക്കൗണ്ടും ട്രേഡിംഗ് എക്കൗണ്ട് ഇതിനായി തുടങ്ങേണ്ടി വരും. രജിസ്റ്റര്‍ ചെയ്ത ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഇതിന് സഹായിക്കും. എന്‍എസ്ഇ, ബിഎസ്ഇ കളില്‍ ബ്രോക്കിംഗ് ഏന്‍ജന്‍സി വഴി വ്യാപാരം നടത്താനാകും. ഒരു ഗ്രാം സ്വര്‍ണമെന്നതാണ് ഇടിഎഫുകളുടെ ഒരു യൂണിറ്റ്. നിക്ഷേപകന് നിക്ഷേപിക്കാവുന്ന കുറഞ്ഞ അളവാണിത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ചുള്ള തുകയാണ് നിക്ഷേപത്തിന് വേണ്ടി വരിക.

സ്വര്‍ണത്തിന്റെ വില കൂടുന്നതിനനുസരിച്ച് ഇടിഎഫിലെ റിട്ടേണും വര്‍ധിക്കും.

3. സ്വര്‍ണ അവധി വ്യാപാരം

ഭാവി ലക്ഷ്യമാക്കി മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കരാറാണ് അവധി വ്യാപാരം. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിച്ച ലോഹങ്ങളുടെ അവധി വ്യാപാരം ഇപ്പോള്‍ സാധാരണമാണ്. സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കാതെ നിശ്ചിത തുക അഡ്വാന്‍സ് നല്‍കി സ്വര്‍ണം വാങ്ങാം. വില കൂടുകയാണെങ്കില്‍ ലാഭം കിട്ടും. കുറയുകയാണെങ്കില്‍ നഷ്ടവും.

മുഴുവന്‍ തുകയും നല്‍കാതെ മാര്‍ജിന്‍ തുക മാത്രം നല്‍കി വ്യാപാരത്തില്‍ ഏര്‍പ്പെടാമെന്നതാണ് അവധി വ്യാപാരത്തിന്റെ നേട്ടം. സാധാരണക്കാര്‍ ശ്രദ്ധിച്ചു മാത്രമേ അവധി വ്യാപാരത്തിന് ഇറങ്ങാവൂ. ഉല്‍പ്പന്നങ്ങളുടെ അന്നന്നത്തെ വിലനിലവാരം മാത്രമല്ല, രാജ്യാന്തര തലത്തില്‍ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അറിയാനാകുന്നവര്‍ക്ക് മാത്രമേ നേട്ടമുണ്ടാക്കാനാകൂ. കമോഡിറ്റി ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ വഴിയാണ് അവധി വ്യാപാരം നടത്തേണ്ടത്.

4. ഇ-ഗോള്‍ഡ്

ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയിലുള്ള സ്വര്‍ണ നിക്ഷേപങ്ങളാണ് ഇ ഗോള്‍ഡ്. ഇലക്ട്രോണിക് രീതിയിലോ ഡീമാറ്റ് രീതിയിലോ ഇ ഗോള്‍ഡില്‍ നിക്ഷേപം നടത്താം. ഒരു ഗ്രാം, രണ്ടു ഗ്രാം സ്വര്‍ണ യൂണിറ്റുകള്‍ ഓണ്‍ലൈനായി വില്‍ക്കുകയും വാങ്ങുകയും ചെയ്യാമെന്നതാണ് നേട്ടം.

ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഡീമാറ്റ് എക്കൗണ്ടില്‍ സ്വര്‍ണ യൂണിറ്റ് ക്രെഡിറ്റ് ആകുന്നു. ഇന്ത്യന്‍ വിപണി അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുക. ഇടിഎഫുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ ഗോള്‍ഡ് വാങ്ങാനും വില്‍ക്കാനും ചെലവ് കുറവാണ്. എന്നാല്‍ ഏതു സമയത്തും വിറ്റ് പണമാക്കാന്‍ സാധിക്കുകയും ചെയ്യും.

5. സ്വര്‍ണം തന്നെ വാങ്ങാം

വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയിലും വര്‍ധനവുണ്ടാകുമെന്നതും വില്‍ക്കുമ്പോള്‍ പണിക്കൂലിയായി നല്‍കിയ തുക പരിഗണിക്കില്ല എന്നതും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നു. എന്നാല്‍ വിവാഹം പോലുള്ള അത്യാവശ്യങ്ങള്‍ക്ക് സ്വര്‍ണമായി തന്നെ വാങ്ങേണ്ടതുണ്ട്.

മാത്രമല്ല സ്വര്‍ണത്തോടുള്ള നമ്മുടെ വൈകാരികമായ അടുപ്പവും സ്വര്‍ണമായി തന്നെ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്. സ്വര്‍ണനാണയമോ സ്വര്‍ണ ബിസ്‌ക്കറ്റോ കൂടി പരിഗണിക്കാവുന്നതാണ്. അവയ്ക്ക് പണിക്കൂലി നല്‍കേണ്ടി വരികയുമില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it