''സ്വര്‍ണവില കുറയുമ്പോള്‍ നിങ്ങള്‍ വാങ്ങിക്കൂട്ടും, സ്ഥലവില കുറയുമ്പോള്‍ ഭൂമി വില്‍ക്കില്ല, പക്ഷേ ഓഹരി വില കുറയുമ്പോള്‍ എന്തേ വില്‍ക്കുന്നു?''

ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, കൂപ്പുകുത്തി എന്നിങ്ങനെ പേടിപ്പെടുത്തുന്ന വാര്‍ത്തകളാല്‍ എല്ലാവരെപ്പോലെയും നിങ്ങളും ഇപ്പോള്‍ ഇനിയെന്തുചെയ്യണമെന്നും ചിന്തിച്ചിരിക്കുകയാവും അല്ലെ? മുന്‍പും ഇതിനേക്കാള്‍ കുത്തനെയുള്ള ഓഹരിവിപണിയുടെ വീഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടാകാം, പക്ഷേ ഇത്തവണ എല്ലാതവണത്തേയും പോലെയല്ല അല്ലെ? അതെ, ഇത്തവണ ഭയം പതിന്മടങ്ങു വ്യാപിച്ചിട്ടുണ്ട്.

കോവിഡ് 19 ആഗോള മാന്ദ്യത്തിനും കൂടി കാരണമായിരിക്കുന്നു. ഇതോടൊപ്പം ജനങ്ങളിലുണ്ടായിരിക്കുന്ന ഭീതി ലോകമൊട്ടാകെ സമ്പദ് വ്യവസ്ഥയില്‍ താളപ്പിഴകള്‍ സൃഷ്ടിച്ചേക്കാം.

വിപണിമൂല്യത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നു ആഴ്ച മുന്‍പുള്ള മൂല്യം 9.53 ലക്ഷം കോടി ആയിരുന്നു, എന്നാല്‍ ഇന്ന് അത് 6 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിക്ക് കൊറോണ മൂലം വിപണി തകര്‍ച്ചയില്‍ നേരിട്ടത് ഇതാണ്. നഷ്ടം ചില്ലറയല്ല, 3 ലക്ഷം കോടിക്ക് മുകളിലാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അദ്ദേഹം എല്ലാവരെപോലെയും പരിഭ്രാന്തനാണോ?. അല്ല, അദ്ദേഹം ശാന്തനാണ്. കാരണം എന്താണെന്നല്ലേ? ഓഹരി വിപണിയില്‍ ബഹു ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കുന്നത് ഓഹരിയുടെ വില മാത്രമാണ്, എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമേ മൂല്യത്തെക്കുറിച്ചു ബോധവാന്മാരായിട്ടുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തന്റെ ബിസിനസ്സിന്റെ യഥാര്‍ത്ഥ വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസം കൃത്യമായറിയാം.സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ താല്‍ക്കാാലികമായി മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ചല്ല യഥാര്‍ത്ഥത്തില്‍ കമ്പനിയുടെ മൂല്യം അളക്കുന്നത്. മറിച്ചു ആ കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ വിപണനത്തിലും, വില്‍പ്പനയിലുള്ള വരുമാന വളര്‍ച്ചയിലും, ലാഭത്തിലും, ആസ്തിയിലുമൊക്കെയാണ്. എല്ലാത്തിനുമുപരി വരും മാസങ്ങളിലോ ആഴ്ചകളിലോ ഓഹരി വിറ്റു ഒരു ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യവും അദ്ദേഹത്തിന് കൈവരിക്കാനുമില്ല.

അതുപോലെ തന്നെയായിരിക്കണം ഏതൊരു നിക്ഷേപകനും. വിപണിയിലെ താല്‍ക്കാലിക ചലനങ്ങളാലും വികാരങ്ങളാലും സ്വാധീനിക്കപ്പെടാതിരിക്കണം.നമ്മുടെ പോര്‍ട്ട്‌ഫോളിയോ ഇന്ന് കുറഞ്ഞ മൂല്യം കാണിക്കുമെന്നത് ശരിതന്നെ, എന്നാല്‍ എന്നന്നേക്കുമായി ഇങ്ങനെ തുടരുമെന്നും നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്നും ഇതിനര്‍ത്ഥമില്ല. ഒരിക്കലും അങ്ങനെ കരുതരുത് . മാര്‍ക്കറ്റ് കൊറോണ സ്വാധീനത്തില്‍ നിന്ന് പുറത്തും കടക്കും വരെ നിരന്തരം പോര്‍ട്ട്‌ഫോളിയോ കാണാതിരിക്കുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

റിയല്‍ എസ്‌റ്റേറ്റിലും സമാനമായ ഇടിവുകള്‍ കാലാകാലങ്ങളില്‍ സംഭവിക്കാറില്ല? മുന്‍പ് സാമ്പത്തിക മാന്ദ്യം വന്നപ്പോഴും ഈ അടുത്ത് പ്രളയം വന്നപ്പോഴും നമ്മളാരെങ്കിലും സ്ഥലത്തിന്റെ വിലയിടിവിനെക്കുറിച്ചോര്‍ത്തു വിഷമിക്കുകയോ, ഉടനെ സ്ഥലവും വീടും കിട്ടിയ വിലക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുകയോ ചെയ്തില്ല. കാരണം നമുക്കറിയാമായിരുന്നു അതെല്ലാം താല്‍ക്കാലികമാണെന്നും താമസിയാതെ അത് വീണ്ടെടുക്കുമെന്നും.

അതുപോലെ സ്വര്‍ണവില 2012 ല്‍ അതിന്റെ ഉന്നതിയിലായിരുന്നു, ശേഷം കുത്തനെ ഇടിഞ്ഞു, അന്താരാഷ്ട്രതലത്തില്‍ അതിന്റെ 2012 ലെ ഏറ്റവും ഉയര്‍ന്ന വില ഇനിയും എത്തിയിട്ടില്ല. എന്നിട്ടും ആളുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിച്ചുകൂട്ടാനാണ് വ്യഗ്രത കൂട്ടുന്നത്. ആ ഇടിവിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം രേഖപ്പെടുത്തിയത് ഏകദേശം 35% നേട്ടമാണ്.

നിങ്ങള്‍ക്ക് ഇങ്ങനെ ചിന്തിച്ചുകൂടേ?

സ്വര്‍ണവും സ്ഥലവും എപ്പോളൊക്കെ വിലത്തകര്‍ച്ച നേരിടുന്നുവോ അപ്പോഴൊക്കെ നമ്മള്‍ അവ കൂടുതല്‍ വാങ്ങിച്ചുകൂട്ടാനാണ് ശ്രമിക്കാറ്. കാരണം ഈ ആസ്തികള്‍ നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് യൂണിറ്റുകളായിട്ടാണ്. ഇത്ര പവന്‍ സ്വര്‍ണം കയ്യിലുണ്ട് അല്ലെങ്കില്‍ ഇത്ര സെന്റ് സ്ഥലം ഉണ്ട് എന്നല്ലേ പറയുക? അതിനാല്‍ തന്നെ വില കുറയുമ്പോള്‍ കൂടുതല്‍ പവന്‍ സ്വര്‍ണം അല്ലെങ്കില്‍ യൂണിറ്റ് കൂടുതല്‍ കിട്ടുമെന്നറിയാം. ശരിതന്നെ. എന്നാല്‍ ഇതേ രീതിയില്‍ തന്നെയല്ലേ ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ ഉള്ള നിക്ഷേപവും. അവിടെയും ഇത്ര ഓഹരി അല്ലെങ്കില്‍ ഇത്ര വിലയുള്ള ഫണ്ടിനെ യൂണിറ്റുകളായിത്തന്നെയാണ് നിങ്ങളുടെ നിക്ഷേപം.ഓരോ തവണ മാര്‍ക്കറ്റ് ഇടിയുമ്പോഴും അതൊരവസരമായി കണ്ടു കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കൂട്ടുകയല്ലേ വേണ്ടത്?.

ജീവിതത്തില്‍ എല്ലാം സമയമെടുക്കുന്നു. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ മൂല്യം കുറച്ചു ദിവസത്തേക്ക് നഷ്ടം കാണിക്കുന്നുവെന്ന് കരുതി നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കൊരു കോട്ടവും സംഭവിക്കില്ല. സംശയമുണ്ടാകുമ്പോള്‍ എല്ലായ്‌പ്പോഴും പഴയ കാലത്തിലേക്ക് ഒന്ന് കണ്ണോടിക്കുക.ഇങ്ങനെ നേരത്തെ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പിന്നീട് വിപണി തകര്‍ച്ച വീണ്ടെടുത്തോ ഇല്ലയോ എന്ന് അന്വേഷിക്കുക. ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതേയുള്ളൂ, ഈ തകര്‍ച്ച ഒരു തവണയല്ല പലതവണ സംഭവിച്ചു, എന്നാല്‍ എല്ലായ്‌പ്പോഴും വീണുപോയതിനേക്കാള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്.

താല്‍ക്കാലിക മാര്‍ക്കറ്റ് ഇടിവ് മൂലമുണ്ടായ ഭയത്തെ നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം നശിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കരുത്. ഒന്നോര്‍ക്കുക!! നിങ്ങള്‍ ഒറ്റ നിക്ഷേപകനല്ല. മൊത്തം 5 കോടി വ്യക്തിഗത നിക്ഷേപകരുണ്ട് രാജ്യത്തു നിങ്ങള്‍ക്കൊപ്പം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ വലുപ്പവും ഇന്ന് ഇന്ത്യയില്‍ 28 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നു. ഇടിവ് എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല, എന്നാല്‍ എത്രയൊക്കെ വീഴ്ച സംഭവിച്ചാലും അതെല്ലാം ഉടന്‍ വീണ്ടെടുക്കും എന്ന് പറയാന്‍ സാധിക്കും. വീണ്ടെടുത്തിട്ടുണ്ട്.നമുക്ക് നോക്കാം കഴിഞ്ഞ കാലങ്ങള്‍.

വര്‍ഷം 1992, സെന്‍സെക്‌സ് ഒരു വര്‍ഷത്തില്‍ 54 % ഇടിവ്, അടുത്ത 1.5 വര്‍ഷത്തില്‍ 127% നേട്ടം.

വര്‍ഷം 1996, 4 വര്‍ഷത്തിനുള്ളില്‍ 40% ഇടിവ് , അടുത്ത വര്‍ഷം 115% ശതമാനം നേട്ടം.

വര്‍ഷം 2000, സെന്‍സെക്‌സ് 1.5 വര്‍ഷത്തില്‍ 56% ഇടിവ്. അടുത്ത 2.5 വര്‍ഷത്തില്‍ 138% ശതമാനവും നേട്ടം.

വര്‍ഷം 2008, ഒരു വര്‍ഷത്തില്‍ 61% ഇടിവ്, അടുത്ത 1.5 വര്‍ഷത്തിനുള്ളില്‍ 157% ശതമാനവും നേട്ടം.

വര്‍ഷം 2010, ഒരു വര്‍ഷത്തില്‍ 28% ഇടിവ്, അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 96% നേട്ടം.

വര്‍ഷം 2015, ഒരു വര്‍ഷത്തില്‍ 22.3% ഇടിവ്, അടുത്ത 7 മാസത്തിനുള്ളില്‍ 25% നേട്ടം.

വര്‍ഷം 2020, ഒരു വര്‍ഷത്തില്‍ 32.3% ഇടിവ്, നേട്ടം ???

ഞാന്‍ ഒരിക്കല്‍ എവിടെയോ വായിച്ചിട്ടുണ്ട് പരം വീര്‍ ചക്ര ജയിക്കുന്ന ഭാരതത്തിലെ സൈനികരെപ്പറ്റി. സത്യത്തില്‍ അവര്‍ മറ്റുള്ളവരെ അപേക്ഷിച്ചു വലിയ ബുദ്ധിമാന്മാരോ, ധീരന്മാരോ ഒന്നുമല്ല. മറ്റുള്ള സൈനികരില്‍ നിന്നും അവര്‍ക്കുള്ള വ്യത്യാസം എന്തെന്നാല്‍, പലരും പരിഭ്രാന്തരാകുകയും ഭയക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, പരിശീലനത്തിനിടെ പഠിച്ച കാര്യങ്ങളെല്ലാം തന്നെ അവര്‍ യഥാര്‍ത്ഥ ജീവിതസാഹചര്യത്തില്‍, അഥവാ യഥാര്‍ത്ഥ യുദ്ധത്തില്‍ സംയമനം നഷ്ടപ്പെടാതെ, പരിഭ്രാന്തരാവാതെ
പ്രയോഗിക്കുന്നവരാണ്.

പരിഭ്രാന്തരാകല്ലേ

അതെ, പരിഭ്രാന്തരാകാനുള്ള സമയമല്ല ഇത്. വളരെയധികം ക്ഷമയും വിശ്വാസവും കാണിക്കേണ്ട സമയമാണിത്. ഇപ്പോള്‍ നിങ്ങള്‍ ഭയന്ന് പിന്മാറുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോവില്‍ കാണുന്ന സാങ്കല്‍പ്പിക നഷ്ടത്തെ യഥാര്‍ത്ഥ നഷ്ടമായി മാറ്റുകയാണ്. ജീവിതത്തിലാകട്ടെ ബിസിനസ്സിലാവട്ടെ പ്രതിസന്ധിഘട്ടങ്ങള്‍ നമുക്ക് മുന്നില്‍ തുറക്കുന്നത് രണ്ടു വഴികളാണ്. victor അല്ലെങ്കില്‍ victim. ഇതില്‍ ഏതു തെരഞ്ഞെടുക്കണമെന്നത് നമ്മുടെ തീരുമാനമാണ്. ഓര്‍മ്മിക്കുക, ഈ സമയവും കടന്നുപോകും.

നിലവില്‍, ഞങ്ങള്‍ സാമ്പത്തിക ലോകത്ത് യുദ്ധം പോലെയുള്ള അവസ്ഥയിലാണ്. ഭയക്കരുത് ഈ സമയവും കടന്നുപോകും. നല്ല സമയങ്ങളില്‍ നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ച് ഇപ്പോള്‍ പ്രയോഗിക്കുക. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്കുള്ളതാണെന്ന് നിങ്ങള്‍ക്കറിയാം. വിപണി ഇടിവുകളില്‍ ശാന്തരായിരിക്കുക. മുന്‍പും വിപണിയില്‍ ഇടിവുകള്‍ ഉണ്ടായിരുന്നു, ഇനി ഭാവിയിലും ഉണ്ടാകും. നോബല്‍ െ്രെപസ് ജേതാവായ ബറോണിന്റെ വാക്കുകള്‍ ഓര്‍ക്കുക 'The time to buy is when there's blood in the streets'. ഈ സമയങ്ങള്‍ സിസ്റ്റമാറ്റിക് ആയി ബുദ്ധിപൂര്‍വം നിക്ഷേപിക്കാനുള്ള നല്ല അവസരങ്ങള്‍ ആയി ഉപയോഗിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it