എസ്.ഐ.പിയില്‍ നിക്ഷേപക താല്‍പ്പര്യം ; തുക 12 % കൂടി

ദീര്‍ഘകാല ലക്ഷ്യത്തോടെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. 90,094 കോടി രൂപയാണ് 2019 ജനുവരി മുതല്‍ നവംബര്‍ മാസം വരെ മ്യൂച്വല്‍ ഫണ്ട് എസ്ഐപി ഇനത്തില്‍ നിക്ഷേപമായെത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 80,645 കോടിയാണു ലഭിച്ചത്.

വിരലിലെണ്ണാവുന്ന സ്റ്റോക്കുകളില്‍ നിന്ന് മാത്രമേ ഓഹരി വിപണിയില്‍ വരുമാനം ലഭിക്കുന്നുള്ളൂവെന്ന നില വന്നതോടെ ഒറ്റത്തവണ നിക്ഷേപത്തേക്കാള്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(എസ്ഐപി) വഴി പ്രതിമാസം നിക്ഷേപം നടത്താനാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

നോട്ട് നിരോധനത്തിനുശേഷം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു.പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്.ഡി, ചെറു നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍നിന്നു മാറുന്ന പ്രവണത പ്രകടമാണെന്നും ആംഫി പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഓരോ മാസവും ശരാശരി 9,55,000 പുതിയ എസ്ഐപികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. 2,800 രൂപ വീതമാണ് ഒരു എസ്ഐപിയിലൂടെ ശരാശരി നിക്ഷേപമായെത്തിയത്.

ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി എസ്ഐപിയിലൂടെ നിക്ഷേപിച്ചാല്‍ ഭാവിയില്‍ മികച്ച ആദായം നേടാമെന്ന തരത്തിലുള്ള ബോധവത്കരണ പദ്ധതിയും പുതുതലമുറയെ പ്രചോദിപ്പിക്കുന്നതായി സാമ്പത്തിക ആസൂത്രകര്‍ പറയുന്നു. 100 രൂപ മുതല്‍ എസ്ഐപിയായി നിക്ഷേപിക്കാനുള്ള അവസരമുണ്ട്. എല്ലാ മാസവും നിക്ഷേപത്തിനായി കുറച്ച് പണം നീക്കിവയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ശമ്പളം ലഭിക്കുന്ന വ്യക്തികള്‍ക്ക് എസ്‌ഐപി. ഈ രീതിയില്‍, നിക്ഷേപകന്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ ഒരു നിശ്ചിത തുക മാസത്തിലൊരിക്കല്‍ നീക്കിവെക്കുന്നു.

നിക്ഷേപം നടത്തുന്ന ഈ രീതി ലളിതവും സൗകര്യപ്രദവുമാണ്. ഓരോ മാസവും ചെക്ക് എഴുതേണ്ടതില്ല. ബാങ്ക് അക്കൗണ്ടില്‍ നിന്നു ഡെബിറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണമുണ്ട്.വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ചും വിപണിയെ മനസിലാക്കാന്‍ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചും ആകുലപ്പെടാതെ അച്ചടക്കത്തോടെ നിക്ഷേപിക്കാന്‍ സഹായിക്കുന്നുവെന്നതാണ് എസ്ഐപിയെ പ്രിയങ്കരമാക്കുന്നത്.നിക്ഷേപകരുടെ ശേഷി, റിസ്‌ക് പ്രൊഫൈല്‍, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് മില്ലേനിയലുകള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കുന്നു.നിക്ഷേപകരുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായാണ് സാമ്പത്തിക ആസൂത്രകര്‍ പണിയെടുക്കുന്നത്- ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് സിഇഒ എ ബാലസുബ്രഹ്മണ്യവും യൂണിയന്‍ മ്യൂച്വല്‍ ഫണ്ട് സിഇഒ ജി പ്രദീപ്കുമാറും പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it