ഓഹരി വിപണിക്ക് ഊര്‍ജ്ജം പകര്‍ന്ന് വിദേശ നിക്ഷേപം

സാമ്പത്തിക മുരടിപ്പിന്റെയും ജി.ഡി.പി ഇടിവിന്റെയും സൂചകങ്ങള്‍ പ്രതികൂല ദിശകള്‍ കാട്ടുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ പ്രവാഹം. ആറ് വര്‍ഷത്തില്‍ ഏറ്റവും അധികം വിദേശ ഫണ്ട് വന്നത് ഇക്കൊല്ലമാണ്, 1.3 ലക്ഷം കോടി രൂപ. ഇതില്‍ 97,250 കോടിയും ഓഹരിയിലാണ്. വര്‍ഷാവസാനത്തിന് മുമ്പ് ഏകദേശം 30,000 കോടി രൂപ കൂടി പ്രതീക്ഷിക്കുന്നു.

മോദി സര്‍ക്കാര്‍ കരുത്തോടെ തിരിച്ചുവന്നത് ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വിദേശ നിക്ഷേപകരില്‍ വളര്‍ത്തി. ധനനയത്തിലും ഇളവുകള്‍ ഉണ്ടായി. പലിശ നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചതും ആഭ്യന്തര ഓഹരി വിപണിക്ക് ഊര്‍ജം പകര്‍ന്നു.ഇക്കൊല്ലം വിദേശ നിക്ഷേപകര്‍ വാങ്ങിയ ഓഹരികളുടെ മൂല്യം 18 ലക്ഷം കോടി രൂപയിലേറെ വരും. വിറ്റ ഓഹരികളുടെ മൂല്യം 16.7 ലക്ഷം കോടി രൂപയും. അഞ്ച് വര്‍ഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ ക്രയവിക്രയമാണിത്.

ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ജൂലൈയില്‍ പുതിയ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്ക് നികുതിയില്‍ സര്‍ച്ചാര്‍ജ് ചുമത്തിയതും ഓഹരി വിപണിയെ തളര്‍ത്തിയിരുന്നു.പക്ഷേ, സര്‍ച്ചാര്‍ജ് പിന്നീടു കുറച്ചതും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളും വിപണിയെ മെല്ലെ കരകയറ്റി.റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഗുണകരമായി.

കടപ്പത്രങ്ങളേക്കാള്‍ ഓഹരിയിലാണ് ഇക്കൊല്ലം വിദേശികള്‍ താല്പര്യം കാട്ടിയത്.അടുത്ത വര്‍ഷവും ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ പ്രവാഹമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.അനുകൂലമായ ആഗോള പലിശനിരക്കുകള്‍, വിദേശ ബാങ്കുകളുടെ ഫണ്ട് വിനിയോഗം തുടങ്ങിയവയാണ് നിക്ഷേപം വര്‍ദ്ധിക്കാന്‍ കാരണമായത്.അതേസമയം അമേരിക്ക - ചൈനാ വ്യാപാരയുദ്ധം, ആഭ്യന്തര സാമ്പത്തിക പ്രശ്‌നങ്ങള്‍,ക്രൂഡ് ഓയില്‍ വില വര്‍ദ്ധന, ഇന്ത്യയിലെ എന്‍.ബി. എഫ്.സി കമ്പനികളുടെ വായ്പാ പ്രതിസന്ധി എന്നിവ അനുകൂലകാലാവസ്ഥയെ കുഴപ്പത്തിലാക്കാവുന്ന ഭീഷണികളുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it