ഇന്‍മൊബിയുടെ വിജയഗാഥയില്‍ സോഫ്റ്റ് ബാങ്കിന് ലഭിക്കുന്നത് നാടകീയ നേട്ടം

ലോകത്തെ മുന്‍നിര മൊബൈല്‍ ആഡ് ടെക്ക് കമ്പനിയായി മാറിയ ഇന്‍മൊബി യു എസ് ഓഹരി വിപണിയില്‍ ലിസ്റ്റിംഗിന് തയ്യാറെടുക്കുമ്പോള്‍ ജപ്പാന്‍ കമ്പനിയായ സോഫ്റ്റ് ബാങ്കിന് ലഭിക്കാന്‍ പോകുന്നത് അവര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത വമ്പന്‍ നേട്ടം. 2011ല്‍ സോഫ്റ്റ് ബാങ്ക് കോര്‍പറേഷന് 20 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ ഇന്‍മൊബി യു എസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ മൂല്യം 1000-1500 കോടി ഡോളറാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലും കോടിക്കണക്കിന് ഡോളര്‍ മുടക്കുന്ന സോഫ്റ്റ് ബാങ്കിന്റെ ഏറ്റവും ലാഭകരമായ നിക്ഷേപമായി ഇത് മാറുകയാണ്. ഇന്‍മൊബിയുടെ ഐ പി ഒയിലെ വിലനിര്‍ണയ പ്രതീക്ഷയനുസരിച്ച് സോഫ്റ്റ്ബാങ്കിന് ലഭിക്കാന്‍ പോകുന്ന ഏറ്റവും കുറഞ്ഞത് 400 കോടി ഡോളറിന്റെ നേട്ടമാണ്.

ഇന്‍മൊബിയിലെ നിക്ഷേപം ഒരുഘട്ടത്തില്‍ സോഫ്റ്റ്ബാങ്ക് എഴുതിത്തള്ളിയ മട്ടിലായിരുന്നു. സാമ്പത്തിക നഷ്ടവും തിരിച്ചടികളും നേരിട്ട കാലഘട്ടത്തില്‍ ഇന്‍മൊബി സോഫ്റ്റ്ബാങ്കില്‍ നിന്നടക്കം മൂലധന സമാഹരണത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
എന്നാല്‍ സോഫ്റ്റ്ബാങ്കിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു 2020ല്‍ ഇന്‍മൊബിയുടെ ഉയിര്‍പ്പും കുതിപ്പും. കോവിഡ് 19 സൃഷ്ടിച്ച ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്‍മൊബി റെക്കോഡ് പ്രകടനം കാഴ്ചവെച്ചു. 100 കോടി നിക്ഷേപത്തില്‍ ഗ്ലാന്‍സ് എന്ന പുതിയൊരു മൊബൈല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമും ഇന്‍മൊബിയില്‍ നിന്നും പിറവിയെടുത്തു. ആഡ് ടെക് മാര്‍ക്കറ്റിന്റെ പുനരുജ്ജീവനവുമായി ചേര്‍ത്തുവേണം ഇന്‍മൊബിയുടെ ഐ പി ഒയെ കാണാന്‍. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ദി ട്രേഡ് ഡെസ്‌കിന്റെ ഓഹരി വില കോവിഡ് ലോക്ഡൗണ്‍ സമയത്തോടെ നാലിരട്ടിയായി ഉയര്‍ന്നു. കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ 31 ബില്യണ്‍ ഡോളറായി. ഈ ട്രെന്‍ഡ് ഇന്‍മൊബിക്ക് നല്‍കുന്ന പ്രതീക്ഷ അളവറ്റതാണ്.
ആകെ മൂല്യം കണക്കാക്കിയാലും നിക്ഷേപിച്ച തുകയുടെ വര്‍ധന കണക്കാക്കിയാലും ഇന്‍മൊബിയില്‍ നിന്ന് സോഫ്റ്റ്ബാങ്കിന് ലഭിക്കാന്‍ പോകുന്നത് ഏറ്റവും വലിയ തിരിച്ചടവായിരിക്കും. കാരണം 2016ല്‍ ലാഭത്തിലായതിന് ശേഷം ഇന്‍മൊബി അവരുടെ പ്രധാന ബിസിനസ്സുകളിലൊന്നും പുതിയ മൂലധന സമാഹരണം നടത്തിയിരുന്നില്ല. മറ്റ് മൂലധന പങ്കാളികള്‍ ഇല്ലാത്തതിനാല്‍ ഇന്‍മൊബി ഐ പി ഒയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നേരിട്ട് സോഫ്റ്റ് ബാങ്ക് കോര്‍പറേഷനിലേക്ക് ലഭിക്കും. സോഫ്റ്റ്ബാങ്ക് ഓഹരികളിലും ഇന്‍മൊബിയിലൂടെ കൈവരിക്കാന്‍ പോകുന്ന നേട്ടം അനുകൂല തരംഗം സൃഷ്ടിക്കും. 2020ന് ശേഷം 270 ശതമാനം വളര്‍ച്ച കൈവരിച്ച ഓഹരിയാണ് സോഫ്റ്റ്ബാങ്കിന്റേത്.
ഇന്ത്യയില്‍ 120 കോടിയുടെ നിക്ഷേപം നടത്തിയിട്ടുള്ള സോഫ്‌റ് ബാങ്കിന് സ്‌നാപ്ഡീല്‍, ഓയോ, പേടിഎം, ഫഌപ്കാര്‍ട് തുടങ്ങി ഒരു കമ്പനിയില്‍ നിന്നും ഇത്തരമൊരു നേട്ടം തിരിച്ചു കിട്ടിയിട്ടില്ല. സോഫ്റ്റ്ബാങ്ക് സ്ഥാപനായ മസയോഷി സോണും ഗൂഗിളിലെ ചീഫ് ബിസിനസ് ഓഫീസറുടെ ജോലി വിട്ട് മസയോഷിക്കൊപ്പം ചേര്‍ന്ന നികേഷ് അറോറയും ചേര്‍ന്ന് 2014ല്‍ ഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപ പരിപാടി പ്ലാന്‍ ചെയ്തപ്പോള്‍ ഇന്‍മൊബിയോ മറ്റേതെങ്കിലും ഡിജിറ്റല്‍ ആഡ് കമ്പനികളോ അവരുടെ പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഗൂഗിളും ഫേസ്ബുക്കുമൊക്കെ ആധിപത്യം പുലര്‍ത്തുന്ന ഈ മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലുതായി ഒന്നും ചെയ്യാനില്ലെന്ന് അവര്‍ വിലയിരുത്തി. നേരത്തെ 20 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ ഇന്‍മൊബിയാകട്ടെ മോശം അവസ്ഥയിലും. മൂലധനത്തിനായി സോഫ്റ്റ്ബാങ്കിനെ ഇന്‍മൊബി പിന്നീടും സമീപിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ ഇന്‍മൊബി നേട്ടങ്ങളുടെ നെറുകയിലേറി നില്‍ക്കുമ്പോള്‍ അത് ആഗോള ഭീമന്‍മാര്‍ അടക്കിവാഴുന്ന ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റത്തിന്റെ കൂടി സൂചകമായി മാറുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it