സര്‍ക്കാരിന്റെ സ്വര്‍ണ്ണബോണ്ട് വാങ്ങാന്‍ അവസരം, ഇന്നുമുതല്‍ അപേക്ഷിക്കാം

സ്വര്‍ണ്ണത്തോട് ഏറെ താല്‍പ്പര്യമുള്ളവരാണ് മലയാളികള്‍. എന്നാല്‍ ആഭരണമായാണ് കൂടുതല്‍പ്പേരും സ്വര്‍ണ്ണം വാങ്ങുന്നത് എന്നതുകൊണ്ട് അതിന്റെ യഥാര്‍ത്ഥ പ്രയോജനം ലഭിക്കുന്നില്ല.

ആഭരണമായും നാണയമായുമൊക്കെ സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ സ്ഥിരവരുമാനം ലഭിക്കില്ല. ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങുകയാണ് ഇതിനുള്ള മാര്‍ഗം. സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ്ണനിക്ഷേപ പദ്ധതിയായ സ്വര്‍ണ്ണബോണ്ട് വാങ്ങാന്‍ അവസരം. നികുതിയില്ലാതെ രണ്ടരശതമാനം പലിശയും ഇതിന് ലഭിക്കും.

ജനുവരി 14 മുതല്‍ 18 വരെ ഇതിനായി അപേക്ഷിക്കാം.
2018-19 സാമ്പത്തികവര്‍ഷം മുതലാണ് സര്‍ക്കാര്‍ സ്വര്‍ണ്ണ ബോണ്ട് വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഈ മാസം 22നാണ് സര്‍ക്കാരിന്റെ അടുത്ത ഘട്ടം ബോണ്ട് വിതരണം.

ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ നേട്ടങ്ങള്‍

വരുമാനം ലഭിക്കുന്നു

ആഭരണം, കോയ്ന്‍ ഇവയായി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അതില്‍ നിന്ന് സ്ഥിരവരുമാനം ലഭിക്കില്ലെന്ന് മാത്രമല്ല, സ്വര്‍ണ്ണത്തിന്റെ പണിക്കൂലി, പണിക്കുറവ് തുടങ്ങിയ നഷ്ടങ്ങളുണ്ടാകുന്നു. സ്വര്‍ണ്ണനാണയത്തിന് പോലും പണിക്കൂലി ഈടാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സ്വര്‍ണ്ണ ബോണ്ട് പദ്ധതി പലിശവരുമാനം ഉറപ്പുതരുന്നതും ഭൗതീകസ്വര്‍ണ്ണത്തെക്കാള്‍ സുരക്ഷിതവുമാണ്.

കാലാവധി പൂര്‍ത്തിയായാല്‍ തിരിച്ചെടുക്കാം

ബോണ്ട് കാലാവധി പൂര്‍ത്തിയാക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും ബോണ്ട് പണമാക്കി മാറ്റാന്‍ കഴിയും. പിന്‍വലിക്കുന്ന സമയത്തെ സ്വര്‍ണ്ണവില ലഭിക്കും. അതുകൊണ്ട് നേട്ടമുള്ള സമയം നോക്കി ബോണ്ട് പണമാക്കി മാറ്റാനാകും. സ്വര്‍ണ്ണാഭരണം വില്‍ക്കുമ്പോള്‍ സംഭവിക്കുന്ന കുറവുകളൊന്നും ബോണ്ടില്‍ വരുന്നില്ല.

എട്ട് വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. എങ്കിലും അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും വര്‍ഷം ബോണ്ട് തിരികെ വാങ്ങാന്‍ റിസര്‍വ് ബാങ്ക് നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നുണ്ട്. കൂടാതെ ബോണ്ട് പുറത്തിറക്കി 15 ദിവസം കഴിയുമ്പോള്‍ തന്നെ നിക്ഷേപകന് ലിസ്റ്റ് ചെയ്ത സ്റ്റോക് എക്‌സ്‌ചേഞ്ചിലൂടെ അവ ട്രേഡ് ചെയ്യാനുള്ള അവസരമുണ്ട്.

സുരക്ഷിതം

ആഭരണം, കോയ്ന്‍ അടക്കമുള്ള ഭൗതീകസ്വര്‍ണ്ണം സുരക്ഷിതമായി സൂക്ഷിക്കുക എന്നത് ബാധ്യതയാണ്. മോഷണം, പ്രകൃതിദുരന്തം എന്നിവയ്ക്കുള്ള സാഹചര്യങ്ങളുള്ളപ്പോള്‍. എന്നാല്‍ സ്വര്‍ണ്ണബോണ്ട് പദ്ധതി തികച്ചും സുരക്ഷിതമാണ്. നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗാരന്റിയുണ്ട്. സ്വര്‍ണ്ണബോണ്ട് വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും സര്‍ക്കാരിന്റെ ബോണ്ടും ലഭിക്കും. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം സൂക്ഷിക്കേണ്ടതിന്റെ തലവേദനയില്ല.

പലിശയ്ക്ക് നികുതിയില്ല

സ്വര്‍ണ്ണ ബോണ്ട് വാങ്ങുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇതില്‍ നിന്നുള്ള പലിശയ്ക്ക് നികുതി ഈടാക്കുന്നില്ല. 30 ശതമാനം ആദായനികുതി സ്ലാബില്‍ വരുന്ന നിക്ഷേപകനെ സംബന്ധിച്ചടത്തോളം മറ്റുള്ളവരെ അപേക്ഷിച്ച് ഇത് വളരെ പ്രയോജനപ്രദമാണ്.

താങ്ങാനാകുന്ന നിക്ഷേപം

ഒരാള്‍ക്ക് ഒരു ഗ്രാം മുതല്‍ പരമാവധി നാല് കിലോ വരെ സ്വര്‍ണ്ണം ബോണ്ട് രൂപത്തില്‍ വാങ്ങാനാകും. ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 20 കിലോ വരെ വാങ്ങാം. മൂന്ന് ദിവസത്തെ സ്വര്‍ണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില തീരുമാനിക്കുന്നത്.

എങ്ങനെ വാങ്ങാം?

പണമോ ചെക്കോ നല്‍കി ബോണ്ടുകള്‍ വാങ്ങാം. ബാങ്കുകള്‍, ബാങ്ക് ഇതരധനകാര്യ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസ്, സ്‌റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍, നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്, ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് തുടങ്ങിയവയിലൂടെ ബോണ്ടുകള്‍ വാങ്ങാം. ഒരു ഗ്രാമിന് നിശ്ചയിച്ചിരിക്കുന്ന വില 3,214 രൂപയാണ്. പക്ഷെ ഓണ്‍ലൈനായി അപേക്ഷിക്കുകയും ബോണ്ട് വാങ്ങുകയും ചെയ്യുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it