ഗോള്‍ഡ് ബോണ്ടില്‍ ഇന്നു മുതല്‍ നിക്ഷേപിക്കാം; വില ഗ്രാമിന് 5,051 രൂപ

2020-21 വര്‍ഷത്തെ ഏഴാം ഘട്ട ഗോള്‍ഡ് ബോണ്ടിനായി ഇന്ന് മുതല്‍ അപേക്ഷിക്കാം. പതിനാറാം തീയതി വരെയാണ് അപേക്ഷിക്കാന്‍ സമയമുള്ളത്.

ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 5,051 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 മുതല്‍ നാല് വരെ ഇറക്കിയ ആറാം സീരീസ് ബോണ്ടിന്റെ വില 5,117 രൂപയായിരുന്നു.

ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ നിശ്ചയിച്ച വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും. കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് ഇറക്കുന്നത്.

എട്ട് വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. ഗോള്‍ഡ് ബോണ്ടിലെ കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്. വ്യക്തികള്‍ക്കും അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല് കിലോ ഗ്രാം. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം നിക്ഷേപം നടത്താം.

ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും , ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചും ഓണ്‍ലൈനായി അപേക്ഷിക്കാം. ഗോള്‍ഡ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നത് വിതരണം ചെയ്യുന്ന കാലയളവിന് മുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ്.

ഗോള്‍ഡ് ബോണ്ടിന്റെ പലിശ ആറു മാസം കൂടുമ്പോള്‍ അക്കൗണ്ടില്‍ വരവു വെയ്ക്കപ്പെടും. കാലാവധിയെത്തി പിന്‍വലിക്കുമ്പോള്‍ അന്നത്തെ സ്വര്‍ണ വിലയും അതിനു പുറമേ നിക്ഷേപത്തിന് 2.5 ശതമാനം പലിശയും ലഭിക്കും. ഈ രണ്ടര ശതമാനം പലിശയ്ക്കു മാത്രമേ ആദായ നികുതിയുള്ളൂ. കാലാവധിയെത്തുന്ന മുറയ്ക്ക് ബോണ്ട് പണമാക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് വ്യക്തികള്‍ക്ക് നികുതി ബാധ്യതയില്ല.

ഭൗതിക സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറച്ച് നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് റിസര്‍വ് ബാങ്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യമായി അവതരിപ്പിച്ചത്. അന്നു മുതല്‍ ഇതുവരെ 37 ഘട്ടങ്ങളിലായി 9,652.78 കോടി രൂപയുടെ നിക്ഷേപമാണ് നേടിയിട്ടുള്ളത്. 30.98 ടണ്‍ സ്വര്‍ണത്തിന് തുല്യമായ തുകയാണിത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,316.37 കോടി രൂപ(6.13 ടണ്‍) നിക്ഷേപമായി സമാഹരിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it