താഴ്ചയിൽ ചാഞ്ചാടി സൂചികകൾ

നിരവധി ആശങ്കകൾ ഒന്നിച്ചു ചേർന്നു. മറ്റ് ഏഷ്യൻ വിപണികളും താഴ്ചയിലാണ്. മുഖ്യസൂചികകൾ താഴ്ചയിൽ തുടങ്ങി. വീണ്ടും താണു. കുറേ തിരിച്ചു കയറി. വീണ്ടും താണു. ഒരു മണിക്കൂറിനുള്ളിൽ വിപണി പല തവണ കയറിയിറങ്ങി.

ബാങ്ക് - ധനകാര്യ ഓഹരികൾ ഇന്നും വിപണിയെ വലിച്ചു താഴ്ത്തി. കോവിഡ് നിയന്ത്രണങ്ങൾ ഇടത്തരം കമ്പനികൾക്കും ചെറുകിട സംരംഭങ്ങൾക്കും നഷ്ടം വരുത്തുമെന്ന ഭീതിയിലാണു വിപണികൾ. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ താഴ്ചയക്കു മുന്നിൽ ഉണ്ട്. നിഫ്റ്റി ബാങ്ക് 500-ലേറെ പോയിൻ്റ് താഴോട്ടു പോയി.

പ്രമുഖ സിമൻ്റ് കമ്പനികൾ ഇന്നു നഷ്ടം കുറിച്ചു. എന്നാൽ സ്റ്റീൽ, മെറ്റൽ കമ്പനികൾ കുതിച്ചു. സെയിലിൻ്റെ വില ആറു ശതമാനത്തിലേറെ കയറി.

ക്രൂഡ് ഓയിൽ വിലക്കയറ്റം പെയിൻറുകൾക്കും മറ്റും ഉൽപാദനച്ചെലവ് കൂട്ടും. പെയിൻ്റ് ഓഹരികൾ താഴ്ന്നു.

ടൈറ്റൻ കൂടുതൽ കടകൾ അടയ്ക്കുമെന്ന മുന്നറിയിപ്പ് ഓഹരി വിലകൾ താഴ്ത്തി.


തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്ന എക്സിറ്റ് പോൾ ഫലം സൺ ടിവിയുടെ വില കൂട്ടി.


കോവിഡ് നിയന്ത്രണങ്ങൾ കൂടുന്നത് ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ തുടങ്ങിയ കൺസ്യൂമർ ഉൽപന്ന കമ്പനികളുടെ വില താഴാൻ കാരണമായി.

ഡോളർ താഴ്ചയിൽ തുടങ്ങിയിട്ട് ഉയർന്നു. മൂന്നു പൈസ നഷ്ടത്തിൽ 74.01 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.പിന്നീടു ഗതി മാറി. ഡോളർ 74.10 രൂപയിലേക്കു കയറി.

സ്വർണം ആഗോള വിപണിയിൽ താഴ്ചയിലാണ്. ഡോളറിൻ്റെ കരുത്താണു കാരണം. ഔൺസിന് 1769 ഡോളറായി. കേരളത്തിൽ പവനു 400 രൂപ കുറഞ്ഞ് 35,040 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it